
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ആരംഭിച്ച തർക്കങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. ഗ്രൂപ്പ് പോര് അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ലീഗ് നേതൃത്വം കോൺഗ്രസിന് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ യുഡിഎഫിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും വോട്ടർമാരുടെ വിധി വരുന്നതിന് മുൻപേയുള്ള ഇത്തരമൊരു നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നുമാണ് ലീഗിന്റെ നിലപാട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും അണികൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന വാക്പോരാണ് ലീഗിനെ ചൊടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിന് തങ്ങളുടെ നേതാക്കളാണ് യോഗ്യരെന്ന അവകാശവാദവുമായി ഇരുപക്ഷവും രംഗത്തുണ്ട്. തിരഞ്ഞെടുപ്പിൽ വിജയിച്ചെത്താൻ സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ്. വാർത്തകൾ സത്യമാണെങ്കിൽ ലീഗിന് ഇതിൽ വലിയ ആശങ്കയുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി.
വിഷയം കോൺഗ്രസിന്റെ ആഭ്യന്തര കാര്യം മാത്രമല്ലെന്നും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതാണെന്നും പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന ലീഗ് നേതാവ് പ്രതികരിച്ചു. കോൺഗ്രസ് ഇത്തരം തെറ്റായ പ്രവണതകൾ തുടർന്നാൽ തങ്ങൾക്ക് സ്വന്തം വഴി തേടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിൽ ജനങ്ങൾ യുഡിഎഫിന് അനുകൂലമായ വിധി നൽകിയിട്ടുണ്ടെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. എന്നാൽ അധികാരത്തിലെത്തുന്നതിന് മുൻപേയുള്ള ഈ പടലപ്പിണക്കങ്ങൾ ശുഭസൂചനയല്ലെന്ന് പാർട്ടി വിലയിരുത്തുന്നു.
ലീഗിന് പുറമെ കോൺഗ്രസിലെ മുതിർന്ന നേതാക്കളായ ബെന്നി ബെഹനാൻ, കെ.സി. ജോസഫ്, കെ. മുരളീധരൻ തുടങ്ങിയവരും അതൃപ്തിയുമായി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പരസ്യമായ ചർച്ചകൾ പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചു. ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ട് തർക്കങ്ങൾക്ക് പരിഹാരം കാണുമെന്നാണ് മുന്നണിയിലെ മറ്റ് കക്ഷികളുടെയും പ്രതീക്ഷ.