
ന്യൂഡൽഹി: കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തുന്നു. സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്നും ചുരുങ്ങിയത് 75-ലധികം സീറ്റുകൾ നേടി ഭരണത്തുടർച്ച ഉറപ്പാക്കുമെന്നുമാണ് പിബിയുടെ പ്രാഥമിക കണക്കുകൂട്ടൽ. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുത്ത യോഗത്തിലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നത്. ഒന്നോ രണ്ടോ സീറ്റുകളുടെ ഭൂരിപക്ഷത്തിലാണെങ്കിലും ഭരണം നിലനിർത്താൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസമാണ് പിബി അംഗങ്ങൾ പങ്കുവെച്ചത്.
യുഡിഎഫിന് അനുകൂലമായി മുസ്ലിം, ക്രൈസ്തവ വോട്ടുകൾ സംസ്ഥാനമൊട്ടാകെ ഏകീകരിക്കപ്പെട്ടിട്ടില്ലെന്ന കണക്കുകൂട്ടലാണ് പാർട്ടിക്ക് ആശ്വാസം നൽകുന്നത്. ചില മണ്ഡലങ്ങളിൽ യുഡിഎഫിന് അനുകൂലമായി വോട്ടുകൾ പോയിട്ടുണ്ടാകാമെങ്കിലും, മറ്റു ചിലയിടങ്ങളിൽ ഈ വോട്ടുകൾ ഇടത് മുന്നണിക്ക് അനുകൂലമായെന്നും പിബി നിരീക്ഷിക്കുന്നു. ന്യൂനപക്ഷ വോട്ടുകളിൽ ഉണ്ടായേക്കാവുന്ന ഈ വിഭജനം എൽഡിഎഫിന്റെ വിജയസാധ്യത വർദ്ധിപ്പിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. തിരഞ്ഞെടുപ്പിന് ശേഷം താഴെത്തട്ടിൽ നിന്ന് ലഭിച്ച വിശദമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പിബി ഈ നിഗമനങ്ങളിൽ എത്തിയത്.