
തിരുവനന്തപുരം: ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ പ്രതിരോധം ലക്ഷ്യമിട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി. മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ഈ നീക്കത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി മുഖ്യമന്ത്രിക്ക് കത്തയച്ചു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തെക്ക്-വടക്ക് വിഭജനത്തിന്റെ പുതിയ രൂപമാണ് സീറ്റുകളുടെ വിപുലീകരണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക വിഭജനത്തിൽ നേരിടുന്ന അനീതിക്ക് പുറമെ, രാഷ്ട്രീയമായും ദക്ഷിണേന്ത്യയെ ഒറ്റപ്പെടുത്താനുള്ള നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുൻപ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വ്യക്തിപരമായ പരിഹാസങ്ങളിലൂടെയും രാഷ്ട്രീയ വാക്പോരുകളിലൂടെയും വാർത്തകളിൽ ഇടംപിടിച്ച നേതാക്കളാണ് പിണറായി വിജയനും രേവന്ത് റെഡ്ഡിയും. 'നീ പോ മോനെ വിജയാ' എന്ന രേവന്തിന്റെ പരിഹാസവും അതിന് പിണറായി നൽകിയ മറുപടിയും വലിയ ചർച്ചയായിരുന്നു. എന്നാൽ, കേന്ദ്രത്തിന്റെ പുതിയ നയങ്ങൾ കേരളവും തെലങ്കാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം കുറയ്ക്കുമെന്ന തിരിച്ചറിവിൽ ആ പഴയ ഭിന്നതകൾ മാറ്റിവെച്ചാണ് ഇപ്പോൾ രേവന്ത് റെഡ്ഡി കേരള മുഖ്യമന്ത്രിയുടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഫെഡറൽ സംവിധാനത്തെ ബാധിക്കുന്ന വിഷയത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായ ഐക്യമാണ് തെലങ്കാന മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്.
വനിതാ സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാനുള്ള കരട് ബില്ലാണ് കേന്ദ്രം അവതരിപ്പിക്കാനൊരുങ്ങുന്നത്. ഈ മാസം 16, 17, 18 തീയതികളിൽ പാർലമെന്റിൽ നടക്കാനിരിക്കുന്ന നിർണ്ണായക ചർച്ചയിൽ പങ്കെടുക്കാൻ എം.പിമാർക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ നിന്ന് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 35 സീറ്റുകളും വർധിപ്പിക്കാനാണ് കേന്ദ്ര ലക്ഷ്യം. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഈ പുനർനിർണയം തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമായ പശ്ചാത്തലത്തിലാണ് രേവന്ത് റെഡ്ഡിയുടെ ഈ നീക്കം.