Image

കുട്ടനാടിന് മോഹൻലാലിന്റെ വിഷുക്കൈനീട്ടം; കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി 'ശാന്തിതീർത്ഥം'

Published on 15 April, 2026
കുട്ടനാടിന് മോഹൻലാലിന്റെ വിഷുക്കൈനീട്ടം; കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി 'ശാന്തിതീർത്ഥം'

കൊച്ചി: കടുത്ത വേനലിൽ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് വിഷുക്കൈനീട്ടമായി നടൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ സൗജന്യ ശുദ്ധജലപദ്ധതി സമർപ്പിച്ചു. ഫൗണ്ടേഷന്റെ 'ശാന്തിതീർത്ഥം' പദ്ധതിയുടെ ഭാഗമായി കണ്ടങ്കരി, മുരിക്കോൽമുട്ട്, നെടുമുടി വാർഡുകളിലെ ആയിരത്തോളം കുടുംബങ്ങൾക്കാണ് ഈ സേവനം ലഭ്യമാകുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് സ്ഥാപിച്ച മൂന്ന് സോളാർ ഓട്ടോമേറ്റഡ് ആർ.ഒ പ്ലാന്റുകളുടെ പ്രവർത്തനം വിഷുദിനമായ ഏപ്രിൽ 14-ന് ആരംഭിച്ചു. മണിക്കൂറിൽ 500 ലിറ്റർ ശുദ്ധജലം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ പ്ലാന്റുകൾ വഴി ഓരോ കുടുംബത്തിനും പ്രതിദിനം 20 ലിറ്റർ വീതം വെള്ളം സൗജന്യമായി ലഭിക്കും.

​പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് 4 മണിക്ക് വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി നിർവ്വഹിച്ചു. ചടങ്ങിൽ താരം നേരിട്ടെത്തിയില്ലെങ്കിലും വീഡിയോ സന്ദേശത്തിലൂടെ തൻ്റെ പ്രിയപ്പെട്ട കുട്ടനാട്ടുകാർക്ക് വിഷു ആശംസകളും പദ്ധതിയുടെ സന്തോഷവും താരം പങ്കുവെച്ചു. ഫൗണ്ടേഷൻ ഡയറക്ടർമാരായ സജീവ് സോമൻ, സ്മിത നായർ, എസ്.ബി.ഐ റീജിയണൽ മാനേജർ സുജിത് എസ്.ആർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. വേനൽക്കാലത്ത് ശുദ്ധജലത്തിനായി കിലോമീറ്ററുകൾ താണ്ടുന്ന കുട്ടനാട്ടിലെ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് ഈ സംരംഭം.

​ജീവകാരുണ്യ-സാമൂഹിക മേഖലകളിൽ സജീവമായ വിശ്വശാന്തി ഫൗണ്ടേഷൻ ഇതിനുമുമ്പും കുട്ടനാടിനായി സമാനമായ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. 2023-ൽ എടത്വാ പഞ്ചായത്തിൽ 500 കുടുംബങ്ങൾക്കായി മണിക്കൂറിൽ 2000 ലിറ്റർ വെള്ളം നൽകുന്ന വലിയൊരു പ്ലാന്റ് ഫൗണ്ടേഷൻ സ്ഥാപിച്ചിരുന്നു. കുടിവെള്ളം മുട്ടുന്ന കാലത്ത് കൃത്യമായ ഇടപെടലുകളിലൂടെ ജനങ്ങളിലേക്ക് എത്തുന്ന ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ ഫൗണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതാണ്. കുട്ടനാടിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ സോളാർ ഊർജ്ജത്തിലാണ് ഈ പ്ലാന്റുകൾ പ്രവർത്തിക്കുന്നത് എന്നത് പദ്ധതിയുടെ പ്രത്യേകതയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക