
പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അൽജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിലേക്ക് ഏപ്രിൽ 13 മുതൽ 23 വരെ തീയതികളിൽ നടത്തുന്ന അപ്പസ്തോലികയാത്രയുടെ തുടർവിവരണം.
ലിയോ പതിനാലാമൻ പാപ്പാ നടത്തുന്ന മൂന്നാമത്തേതും, ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള ആദ്യത്തേതുമായ അപ്പസ്തോലികയാത്രയുടെ ആദ്യഭാഗമായി ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറൻ പ്രദേശത്തുള്ള വിസ്തൃതമായ അൾജീരിയയിലാണ് പാപ്പാ എത്തിയത്.
പതിമൂന്നാം തീയതി ഉച്ചകഴിഞ്ഞ് അൾജീരിയയിലെ വലിയ മോസ്‌ക്, അഗസ്റ്റീനിയൻ സന്ന്യസ്തകളുടെ സ്ഥാപനം, "അവർ ലേഡി ഓഫ് ആഫ്രിക്ക" ബസലിക്ക എന്നിവിടങ്ങളും പതിനാലാം തീയതി രാവിലെ അന്നബാ (ഹിപ്പോണ) നഗരം, വിശുദ്ധ അഗസ്റ്റിന്റെ പേരിലുള്ള ബസലിക്ക, അഗസ്റ്റീനിയൻ വൈദികരുടെ ആശ്രമം എന്നിവിടങ്ങൾ പാപ്പാ സന്ദർശിച്ചു.
ഇറ്റലിയുടെ ഇറ്റാ എയർവെയ്‌സിൽ ആയിരത്തിൽപരം കിലോമീറ്ററുകൾ സഞ്ചരിച്ച് പ്രാദേശികസമയം രാവിലെ ഒൻപതേമുക്കാലോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് രണ്ടേകാലോടെ അവിടെയെത്തിയെ പാപ്പായ്ക്ക് രാജ്യത്തെ രാഷ്ട്രീയ നേതൃത്വം ഔദ്യോഗിക വരവേൽപ്പ് നൽകി. ഫ്രഞ്ച് കൊളോണിയൽ ശക്തികൾക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തിൽ ജീവൻ വെടിഞ്ഞ രക്തസാക്ഷികളെ അനുസ്മരിക്കുന്നതിന് വേണ്ടിയുള്ള മഖാം എഷാഹിദ് രക്തസാക്ഷിമണ്ഡപത്തിലേക്കായിരുന്നു പരിശുദ്ധപിതാവ് തുടർന്ന് യാത്രയായത്. അവിടെ പുഷ്പചക്രം സമർപ്പിച്ച പാപ്പാ, തുടർന്ന് അയ്യായിരത്തോളം വരുന്ന ജനസമൂഹത്തെ അഭിവാദ്യം ചെയ്‌ത് സംസാരിച്ചിരുന്നു. മതങ്ങളും സംസ്കാരങ്ങളും സമാധാനത്തിനായി സഹവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞത്.
തുടർന്ന് അൾജീരിയയുടെ പ്രസിഡന്റിന്റുമായും സാമൂഹിക, രാഷ്ട്രീയ നേതൃത്വങ്ങളുമായും രാജ്യത്തെ നയതന്ത്രപ്രതിനിധികളുമായും പാപ്പാ കൂടിക്കാഴ്ച നടത്തി. ഈ വേളയിൽ പരിശുദ്ധ പിതാവ് അൾജീരിയയുടെ സാംസ്‌കാരിക, സാമൂഹിക, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൂടി പരിഗണിച്ച്, അവിടുത്തെ ജനത മത, സാംസ്‌കാരിക, സാമൂഹിക സന്തുലിതമനോഭാവത്തിൽ വളരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അൾജീരിയയിലെ രണ്ടാമത്തെ ഔദ്യോഗിക കൂടിക്കാഴ്ചയെത്തുടർന്ന്, അവിടെയുള്ള അപ്പസ്തോലിക നൂൺഷ്യേച്ചറിൽ എത്തിയ പാപ്പാ ഉച്ചഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്‌തതുവരെയുള്ള വിവരണമായിരുന്നു വത്തിക്കാൻ റേഡിയോയും വത്തിക്കാൻ ന്യൂസും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.
പരിശുദ്ധ പിതാവ് അൾജീരിയയിൽ
അൾജീരിയ സന്ദർശിക്കുന്ന ആദ്യ പാപ്പാ കൂടിയായ ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലികയാത്രയുടെ ആദ്യദിനത്തിൽ ഉച്ചകഴിഞ്ഞായിരുന്നു രാജ്യത്തെ ക്രൈസ്തവരുൾപ്പെടെയുള്ള പൊതുസമൂഹവുമായുള്ള കൂടിക്കാഴ്ച. "അവർ ലേഡി ഓഫ് ആഫ്രിക്ക" എന്ന പേരിൽ അറിയപ്പെടുന്ന, മാതാവിന്റെ നാമധേയത്തിൽ അൾജിയേഴ്സ് നഗരത്തിൽത്തന്നെയുള്ള ബസലിക്കയിൽ വച്ചായിരുന്നു ഈ കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയ്ക്ക് മുൻപായി, പരിശുദ്ധ പിതാവ് അൾജിയേഴ്സ് നഗരത്തിൽത്തന്നെയുള്ള വലിയ മോസ്‌കും, ബാബ് എൽ ക്വെദിലുള്ള അഗസ്റ്റീനിയൻ സന്ന്യാസിനികളുടെ മഠവും സന്ദർശിച്ചു.
അൾജിയേഴ്സ് നഗരത്തിലെ വലിയ മോസ്‌ക്
അൾജീരിയയിലെ അപ്പസ്തോലിക നൂൺഷ്യേച്ചറിൽനിന്ന് പതിനാലര കിലോമീറ്ററുകൾ അകലെ, അൾജിയേഴ്സ് നഗരത്തിലുള്ള വലിയ മോസ്‌ക് സന്ദർശിക്കാനായി ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പരിശുദ്ധ പിതാവ് യാത്രയായത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മോസ്കുകളായ മെക്കയ്ക്കും മെദീനയ്ക്കും ശേഷമുള്ള ഈ പ്രാർത്ഥാനാലയം രാജ്യത്തിന്റെ മുൻ പ്രസിഡന്റ് അബ്ദുൽഅസീസ് ബൂത്തെഫ്ലിക്കയുടെ നിർദ്ദേശപ്രകാരം പണിചെയ്യപ്പെട്ടതാണ്. ഏതാണ്ട് ഒരുലക്ഷത്തി ഇരുപതിനായിരത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്നത്ര വലുതാണ് ഇത്. മോസ്കിന്റെ ഭാഗമായി ലൈബ്രറി, ഗാർഡൻ, ഗവേഷണസ്ഥാപനം, മ്യൂസിയം, ഭക്ഷണശാലകൾ തുടങ്ങിയവയുമുണ്ട്.
മോസ്കിലെത്തിയ പാപ്പായെ റെക്ടർ മുഹമ്മദ് മമൂൻ അൽ ഖാസിമി സ്വീകരിച്ചു. തുടർന്ന് നടന്ന സ്വകാര്യകൂടിക്കാഴ്ചയിൽ മതാന്തരസംവാദങ്ങൾക്കായുളള വത്തിക്കാൻ ഡികാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ ജോർജ് കൂവക്കാട്, അൾജിയേഴ്സ് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഷാൻ പോൾ വെസ്കോ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
തുടർന്ന് മോസ്‌ക് സന്ദർശിച്ച പാപ്പാ അവിടെ മൗനമായി അൽപസമയം ചിലവഴിച്ചു. തുടർന്ന് ഔദ്യോഗികഫോട്ടോ, വിശിഷ്ടാതിഥികൾക്കായുള്ള ഡയറിയിൽ ഒപ്പിടൽ തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരുന്നു. അത്യുന്നതന്റെ കാരുണ്യം അൾജീരിയൻ ജനതയെ സമാധാനത്തിലും സ്വാതന്ത്ര്യത്തിലും കാത്തുസൂക്ഷിക്കട്ടെയെന്ന് പാപ്പാ ഡയറിയിൽ എഴുതി.
അഗസ്റ്റീനിയൻ സന്ന്യാസിനികൾക്കൊപ്പം
വലിയ മോസ്‌കിലെ സന്ദർശനം അവസാനിച്ചശേഷം അവിടെനിന്ന് പതിനാറ് കിലോമീറ്ററുകൾ അകലെ ബാബ് എൽ ക്വെദിലുള്ള അഗസ്റ്റീനിയൻ സന്ന്യാസിനികളുടെ മഠം സന്ദർശിക്കാനായി പാപ്പാ കാറിൽ യാത്രയായി. ക്രൈസ്തവസാക്ഷ്യം നൽകിക്കൊണ്ട്, 1994-നും 1996-നും ഇടയിൽ കൊല്ലപ്പെട്ട പത്തൊൻപത് രക്തസാക്ഷികളിൽ ഉൾപ്പെട്ട രണ്ട് അഗസ്റ്റീനിയൻ സന്ന്യസ്‌തകൾക്ക് ഉപചാരമർപ്പിക്കാൻ കൂടിയാണ് പാപ്പാ ഇവിടേക്ക് എത്തിയത്. വിശുദ്ധബലിയർപ്പണത്തിൽ പങ്കെടുക്കാനായി പോകുമ്പോൾ, ഒരു സായുധ ഇസ്ലാമിക തീവ്രവാദഗ്രൂപ്പിലെ ആളുകൾ 1994 ഒക്ടോബർ 23-നാണ് ഈ രണ്ടു സിസ്റ്റർമാരെ വധിച്ചത്.
കുട്ടികൾക്ക് വിദ്യാഭ്യാസസഹായം, യുവാക്കൾക്കും മുതിർന്നവർക്കും ഫ്രഞ്ച്, സ്പാനിഷ് ഭാഷാ ക്‌ളാസുകൾ, സ്ത്രീകൾക്കായി തയ്യൽ, ആഭരണനിർമ്മാണം, ചിത്രരചന തുടങ്ങിയ വർക്ക്ഷോപ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവിടെയുള്ള സഹോദരിമാർ ചെയ്യുന്നത്. സമൂഹാംഗങ്ങളുമായുള്ള സൗഹൃദസംഭാഷണത്തിൽ, രക്തസാക്ഷിത്വത്തിന് പോലും തയ്യാറാകുന്നത്ര ആഴമേറിയ അവരുടെ ക്രൈസ്തവസാക്ഷ്യത്തിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് പ്രത്യേകം പരാമർശിച്ചു.
മാതാവിന്റെ നാമധേയത്തിലുള്ള ബസലിക്ക
അഗസ്റ്റീനിയൻ സന്ന്യാസിനിമരുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അവിടെനിന്ന് ഒന്നേകാൽ കിലോമീറ്ററുകൾ അകലെ, മാതാവിന്റെ നാമധേയത്തിലുള്ള ബസലിക്കയിലേക്ക് വൈകുന്നേരം അഞ്ചുമണിയോടെ പാപ്പാ യാത്രയായി. ബൈസന്റൈൻ ശൈലിയിൽ, 124 മീറ്റർ ഉയരമുള്ള ഈ ദേവാലയത്തിന്റെ നിർമ്മാണം 1858-ലാണ് ആരംഭിച്ചത്. 1872-ൽ പണിതീർന്ന ഈ ബസലിക്ക 2003-ൽ ഉണ്ടായ വലിയ ഭൂകമ്പത്തിൽ തകർന്നിരുന്നു. ഏതാണ്ട് ഏഴ് വർഷങ്ങൾ നീണ്ട പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് ശേഷമാണ് ദേവാലയം ഇന്നത്തെ നിലയിലേക്ക് എത്തിയത്.
ബസലിക്കയിലെത്തിയ പാപ്പായെ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഷാൻ പോൾ വെസ്കോയും, റെക്ടർ ഫാ. പീറ്റർ ക്ലാവേർ കോഗും ചേർന്ന് സ്വീകരിച്ചു. തുടർന്ന് നടന്ന പ്രാർത്ഥനാച്ചടങ്ങിൽ ദിവ്യകാരുണ്യ ആരാധനയും, ഗാനാലാപനങ്ങളും വിവിധ സാക്ഷ്യങ്ങളും ഉണ്ടായിരുന്നു. പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്‌ത് സംസാരിച്ചത് അതിരൂപതാദ്ധ്യക്ഷനാണ്. പിന്നീട് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തി.
ആശീർവാദത്തിനും ഗാനാലാപനത്തിനും ശേഷം പരിശുദ്ധ പിതാവ് കടലിൽ മുങ്ങി മരിച്ചവർക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന സ്മാരകത്തിനരികിലെത്തി. ഏവരെയും ആശീർവദിച്ചുകൊണ്ട് ബസലിക്കയ്ക്ക് പുറത്തെത്തിയ പാപ്പാ, തൊട്ടടുത്തുള്ള അപ്പസ്തോലിക നൂൺഷ്യേച്ചറിലേക്ക് കാൽനടയായി യാത്രയായി. അവിടെവച്ച് അൾജീരിയയിലെ മെത്രാന്മാരുമായി പരിശുദ്ധ പിതാവ് സ്വകാര്യകൂടിക്കാഴ്ച നടത്തുകയും അത്താഴം കഴിച്ച ശേഷം വിശ്രമിക്കുകയും ചെയ്തു.
ലിയോ പാപ്പാ അന്നബായിലേക്ക്
ഏപ്രിൽ 14 ചൊവ്വാഴ്ച രാവിലെ എട്ടേമുക്കാലോടെ നൂൺഷ്യേച്ചറിൽനിന്ന് 22 കിലോമീറ്ററുകൾ അകലെയുള്ള അൾജിയേഴ്സ് വിമാനത്താവളത്തിലേക്ക് കാറിൽ എത്തിയ പാപ്പാ, അവിടെനിന്ന് ഏതാണ്ട് 440 കിലോമീറ്ററുകൾ യാത്രചെയ്‌ത് പത്തരയോടെ അന്നബായിലെത്തി. അഗസ്റ്റീനിയൻ സഭാംഗം കൂടിയായ പാപ്പാ ഇതിന് മുൻപ് 2004-ലും 2013-ലും വിശുദ്ധ അഗസ്റ്റിൻ ഏറെനാൾ ജീവിച്ചിരുന്നതും ഹിപ്പോണ എന്ന പേരിൽ മുൻപ് അറിയപ്പെട്ടിരുന്നതുമായ ഈ പുരാതനനഗരത്തിൽ എത്തിയിട്ടുണ്ട്. കനത്ത മഴയ്ക്കും കാറ്റിനുമിടയിലും പരിശുദ്ധ പിതാവിനെക്കാത്ത് ഏറെപ്പേർ കാത്തുനിന്നിരുന്നു.
ഹിപ്പോണയുടെ പുരാതനഅവശിഷ്ടങ്ങൾ നിലനിൽക്കുന്ന ഇടമായിരുന്നു പാപ്പാ ആദ്യം സന്ദർശിച്ചത്. വിശുദ്ധ അഗസ്റ്റിൻ ശുശ്രൂഷ നിർവ്വഹിച്ചിരുന്ന ബസലിക്ക നിലനിന്നിരുന്ന ഇടത്തുകൂടി നടന്ന പാപ്പാ, അവിടെ പൂക്കൾ സമർപ്പിക്കുകയും മൗനമായി പ്രാർത്ഥിക്കുകയും ചെയ്തു.
പാവപ്പെട്ടവരുടെ കൊച്ചുസഹോദരിമാരും വയോധികരും അഗസ്റ്റീനിയൻ ആശ്രമവും
പുരാതന ക്രൈസ്തവസമൂഹത്തിന്റെയും വിശുദ്ധ അഗസ്റ്റിന്റെയും സ്മരണയുണർത്തുന്ന ഇടത്തുനിന്ന് രണ്ട് കിലോമീറ്ററുകൾ അകലെ "പാവപ്പെട്ടവരുടെ കൊച്ചുസഹോദരിമാർ" എന്ന പൊന്തിഫിക്കൽ സമൂഹത്തിലെ സന്ന്യാസിനിമാർ വസിക്കുന്ന ഭവനത്തിലേക്ക് പരിശുദ്ധ പിതാവ് കാറിൽ യാത്രയായി. അഞ്ച് സന്ന്യസ്‌തകളുടെ ശുശ്രൂഷ ഏറ്റുവാങ്ങി സ്ത്രീകളും പുരുഷന്മാരുമായി നാൽപ്പതോളം ആളുകൾ ഈ ഭവനത്തിലുണ്ട്. അവരിൽ ഭൂരിഭാഗവും ഇസ്ലാം മതവിശ്വാസികളാണ്.
സിസ്റ്റർമാർ നടത്തുന്ന ഈ വയോധികമന്ദിരത്തിലെത്തിയ പാപ്പായെ, സുപ്പീരിയർ സി. ഫിലോമിന പീറ്ററും സമൂഹവും ചേർന്ന് സ്വീകരിച്ചു. സ്വാഗതവാക്കുകൾക്കും, അൾജീരിയയുടെ മുൻ മെത്രാൻ ആർച്ച്ബിഷപ് പോൾ ദെഫാർഷെസിന്റെയും, ഒരു ഇസ്ലാം മതവിശ്വാസിയുടെയും സാക്ഷ്യത്തിനും സംഗീതത്തിനും ശേഷം പരിശുദ്ധ പിതാവ് ഏവരെയും അഭിസംബോധന ചെയ്‌ത് സംസാരിച്ചു.
സെന്റ് അഗസ്റ്റിന്റെ നാമത്തിലുള്ള ബസലിക്കയും അഗസ്റ്റീനിയൻ വൈദികരും
പ്രഭാഷണത്തിന് ശേഷം ഏവരെയും അഭിവാദ്യം ചെയ്ത പാപ്പാ, തൊട്ടടുത്തുള്ള അഗസ്റ്റീനിയൻ സന്ന്യാസസമൂഹത്തിന്റെ ഭവനത്തിലേക്ക് കാൽനടയായി യാത്രയായി. പന്ത്രണ്ടുമണിയോടെ അവിടെയെത്തിയ പാപ്പാ സമൂഹാംഗങ്ങളുമായി സ്വകാര്യകൂടിക്കാഴ്ച നടത്തുകയും ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കുകയും ചെയ്‌തു. 1934-നും 35-നും ഇടയിൽ പണിചെയ്യപ്പെട്ടതാണ് ഈ ഭവനം. ആഫ്രിക്കയിൽനിന്ന് തന്നെയുള്ള മൂന്ന് സന്ന്യസ്തരാണ് നിലവിൽ ഈ ഭവനത്തിലുള്ളത്. ഇതിനടുത്ത് വിശുദ്ധ അഗസ്റ്റിന്റെ പേരിലുള്ള ബസലിക്കയിൽ എല്ലാ വെള്ളിയാഴ്ച്ചയും ഇവിടെയുള്ള ചെറിയ ക്രൈസ്തവസമൂഹത്തിനായി വിശുദ്ധ കുർബാനയർപ്പണവുമുണ്ട്. നിരവധി തീർത്ഥാടകർ സന്ദർശിക്കുന്ന ഒരിടം കൂടിയാണ് ഈ ബസലിക്ക.