Image

തെക്കന്‍ സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ കേന്ദ്ര നീക്കത്തിനെതിരെ ഒന്നിക്കണം; പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

Published on 14 April, 2026
തെക്കന്‍ സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ കേന്ദ്ര നീക്കത്തിനെതിരെ ഒന്നിക്കണം; പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

തിരുവനന്തപുരം :തിടുക്കത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെക്കന്‍ സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നീക്കത്തിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി പിണറായി വിജയന് കത്തയച്ചു. പതിറ്റാണ്ടുകളായി നേരിടുന്ന തെക്ക്-വടക്ക് വിഭജനത്തിന്റെ പുതിയ നീക്കമാണ് ലോക്‌സഭാ സീറ്റുകളുടെ വിപുലീകരണമെന്നു കത്തില്‍ പറയുന്നു.

സാമ്പത്തിക വിഭജനത്തിലും തെക്കന്‍ സംസ്ഥാനങ്ങളെ കേന്ദ്രം ഒറ്റപ്പെടുത്തുകയാണ്. സാമ്പത്തിക അനീതിക്ക് പുറമേ രാഷ്ട്രീയപരമായി ഒറ്റപ്പെടുത്താനുള്ള നീക്കമാണ്. ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും രേവന്ത് റെഡ്ഡി കത്തില്‍ ആവശ്യപ്പെട്ടു. വനിതാ സംവരണം നടപ്പിലാക്കുന്നതിന് മുന്നോടിയായി ലോക്‌സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വര്‍ദ്ധിപ്പിക്കുന്ന മണ്ഡല പുനര്‍നിര്‍ണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. രാജ്യത്തെ ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാനാണ് കേന്ദ്ര നീക്കം. 

വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം പിമാര്‍ക്കും പ്രധാന മന്ത്രി കത്തയച്ചിരുന്നു. ഈമാസം 16, 17, 18 തീയതികളിലാണ് ചര്‍ച്ച. ചര്‍ച്ചക്ക് മുന്നോടിയായി കരട് ബില്ലിന്റെ പകര്‍പ്പ് എം പിമാര്‍ക്ക് കൈമാറി.

 സംസ്ഥാനങ്ങളില്‍ നിന്ന് 815 സീറ്റുകളും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്ന് 35 സീറ്റുകളും വര്‍ധിപ്പിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഈ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. വനിതാ സംവരണത്തെ എതിര്‍ക്കുന്നില്ലെങ്കിലും, തിടുക്കപ്പെട്ട് മണ്ഡല പുനര്‍നിര്‍ണയം നടത്തി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനോട് ശക്തമായ വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷം വ്യക്തമാക്കി. നിലവിലുള്ള 543 സീറ്റുകളില്‍ തന്നെ വനിതാ സംവരണം നടപ്പിലാക്കിയാല്‍ പോരേ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക