
തിരുവനന്തപുരം: അധ്യാപകരുടെ ജാതീയ അധിക്ഷേപത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിൻ്റെ കുടുംബത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ കൈത്താങ്ങ്. കുടുംബത്തിനു വീടു നിര്‍മിക്കാനുള്ള ചെലവിൻ്റെ ആദ്യ ഗഡുവായി പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപ ഇന്ന് നിതിന്‍ രാജിൻ്റെ നെടുമങ്ങാട് ഉഴമലയ്ക്കലിലെ വീട്ടിലെത്തി അരുവിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ വി എസ് ശിവകുമാര്‍ കൈമാറി.
നിതിന്‍ രാജിൻ്റെ നെടുമങ്ങാട് ഉഴമലയ്ക്കലെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. സ്വന്തമായി വീടില്ലാത്ത ആ കുടുംബത്തിന് വീടു നിര്‍മിക്കുന്നതിനുള്ള സഹായം നല്‍കാമെന്ന് പ്രതിപക്ഷ നേതാവ് നിതിൻ്റെ മാതാപിതാക്കള്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. അതേത്തുടര്‍ന്നാണ് ഇന്ന് ആദ്യ ഗഡു കൈമാറിയത്. വീട് നിര്‍മാണം ആരംഭിക്കുമ്പോള്‍ ആവശ്യമായ ബാക്കി തുക കൂടി കൈമാറുമെന്ന് പ്രതിപക്ഷ നേതാവിൻ്റെ ഓഫിസ് അറിയിച്ചു.
കടുത്ത ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് ജീവന്‍ ഒടുക്കേണ്ടി വന്നത് കേരളത്തിലാണന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് നിതിന്‍ രാജിൻ്റെ വീട് സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. നിതിനെ അധ്യാപകര്‍ ജാതീയമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു. അപമാനഭാരത്താലാണ് ആ കുട്ടി ആത്മഹത്യ ചെയ്തത്. ഒരു കുടുംബത്തിൻ്റെ സ്വപ്നവും പ്രതീക്ഷയുമാണ് ഇല്ലാതായത്. വീട് പോലും സ്വന്തമായി ഇല്ലാതെ കുടുംബത്തിലുള്ളതെല്ലാം നഷ്ടപ്പെടുത്തി പഠിപ്പിച്ച ഒരു മകൻ്റെ മൃതദേഹം ഏറ്റുവാങ്ങേണ്ടി വന്ന കുടുംബത്തിൻ്റെ ഗതികേടില്‍ കേരളം അപമാനഭാരത്താല്‍ തലകുനിച്ച് നില്‍ക്കണമെന്ന് സതീശന്‍ പറഞ്ഞു.