
വാഷിങ്ടൺ, ഡിസി: അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇറാനുമായി പാക്കിസ്ഥാനത്തിൽ വച്ച് തന്നെ ചർച്ച നടത്താൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ട്രംപ്. ചർച്ചക്ക് വഴിയൊരുക്കിയ പാക് സൈനിക മേധാവി ആസിം മുനീറിനും അദ്ദേഹം അഭിനന്ദനം അർപ്പിച്ചു.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എന്തെങ്കിലും സംഭവിക്കാൻ സാധ്യതയുള്ളതിനാൽ, പാക്കിസ്ഥാനിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. 'എന്തുകൊണ്ടെന്ന് നിങ്ങൾക്കറിയാമോ? കാരണം ഫീൽഡ് മാർഷൽ മികച്ച ജോലി ചെയ്യുന്നു.'
യുഎസും ഇറാനും തമ്മിലുള്ള ഭാവി ചർച്ചകളെക്കുറിച്ചുള്ള നിലപാടുകൾ ന്യു യോർക്ക് പോസ്റ്റ് റിപ്പോർട്ടറുമായി സംസാരിച്ചതിന് തൊട്ടുപിന്നാലെ, പ്രസിഡന്റ് ട്രംപ് റിപ്പോർട്ടറെ തിരിച്ചുവിളിച്ചാണ് ഇക്കാര്യം പറഞ്ഞത്. ട്രംപിനെ പൂർണമായി പിന്തുണക്കുന്ന പത്രമെന്ന നിലയിൽ ന്യു യോർക്ക് പോസ്റ്റുമായാണ് ട്രംപ് എക്സ്ക്ലൂസിവുകൾ പങ്കു വയ്ക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിനു ശേഷമാണ് ആസിം മുനീറും ട്രംപും ഉറ്റ ബന്ധം സ്ഥാപിച്ചത്.
'അദ്ദേഹം ഗംഭീരനാണ്. അതിനാൽ നമ്മൾ അവിടേക്ക് മടങ്ങാനുള്ള സാധ്യത കൂടുതലാണ്,' ട്രംപ് പറഞ്ഞു. 'യാതൊരു ബന്ധവുമില്ലാത്ത ഏതെങ്കിലും രാജ്യത്തേക്ക് നമ്മൾ എന്തിന് പോകണം?"