
ന്യൂയോർക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പുതിയ ധാരണയില്ലാതെ അവസാനിച്ചെങ്കിലും, അവ സാർഥകവും സമാധാനപരവുമായ മുന്നേറ്റം ആണെന്ന് വ്യക്തമാക്കി ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
പാകിസ്താനിലെ ഇസ്ലാമബാദിൽ നടന്ന ചർച്ചകളിൽ കരാറിലെത്താൻ കഴിഞ്ഞിരുന്നില്ല. ഗൗരവമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംവാദം തുടരേണ്ടതുണ്ടെന്ന് യുഎൻ വക്താവ് സ്റ്റീഫനെ ഡുജാറിക് അറിയിച്ചു.
അതേസമയം, ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ട്രംപ് ഹോർമുസ് കടലിടുക്ക് വഴി ഇറാന്റെ എണ്ണ കയറ്റുമതിയെ ലക്ഷ്യമിട്ട് ഉപരോധം ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ കപ്പൽഗതാഗത സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് ഉറപ്പാക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിലെ കടൽവ്യാപാര തടസ്സങ്ങൾ ആഗോള സാമ്പത്തിക മേഖലയെ നേരിട്ട് ബാധിച്ചിട്ടുണ്ടെന്നും പല മേഖലകളിലും അനിശ്ചിതത്വം വർധിച്ചതായും യുഎൻ മുന്നറിയിപ്പ് നൽകി.
21 മണിക്കൂർ നീണ്ടുനിന്ന ചർച്ചകളിൽ അമേരിക്കൻ സംഘത്തെ JD Vance നയിച്ചപ്പോൾ, ഇറാൻ സംഘത്തെ പാർലമെന്റ് സ്പീക്കർ ഗാലിബഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗച്ചിയും നയിച്ചു. എന്നാൽ ഇറാന്റെ ആണവപരിപാടിയെ ചുറ്റിപ്പറ്റിയുള്ള പ്രധാന വിഷയങ്ങളിൽ ധാരണയിലെത്താൻ കഴിയാതെ ചർച്ചകൾ അവസാനിച്ചു.
ഇറാൻ യുറേനിയം സമ്പുഷ്ടീകരണം അഞ്ചുവർഷത്തേക്ക് നിർത്തിവയ്ക്കാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചപ്പോൾ, അമേരിക്ക അത് 20 വർഷത്തേക്ക് നീട്ടണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വെടിനിർത്തൽ കാലാവധി ഏപ്രിൽ 21ന് അവസാനിക്കുന്നതിന് മുമ്പ് വീണ്ടും ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.