
വാഷിങ്ടൺ ഡി.സി.: അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലുള്ള വെടിനിർത്തൽ കരാർ അവസാനിക്കുന്നതിന് മുമ്പ് പുതിയ ധാരണയിലെത്തിയില്ലെങ്കിൽ സാഹചര്യം ഇറാനിന് സുഖകരമാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അതോടൊപ്പം ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന അമേരിക്കയുടെ നിലപാടും അദ്ദേഹം വീണ്ടും ആവർത്തിച്ചു.
യുദ്ധമില്ലെങ്കിലും ഉപരോധം നിലവിലുണ്ട് എന്നും ഇറാൻ ഇപ്പോൾ യാതൊരു വ്യാപാരവും നടത്തുന്നില്ല എന്നും അതുപോലെ തുടരാൻ തങ്ങൾ തയ്യാറാണ് എന്നും ഇറാന്റെ നാവികസേനയും വ്യോമസേനയും റഡാർ സംവിധാനങ്ങളും നേതൃത്ത്വവും ദുർബലമായി എന്നും വെടിനിർത്തൽ കാലാവധി അവസാനിക്കുമ്പോൾ കരാറിൽ പുരോഗതി ഇല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു
ഇറാന്റെ ആണവപരിപാടിയെ കുറിച്ചും അദ്ദേഹം കടുത്ത നിലപാട് ആവർത്തിച്ചു. ലോകത്തെ ഭീഷണിപ്പെടുത്താൻ ആരെയും അനുവദിക്കില്ല എന്നാണ് ട്രംപിന്റെ പ്രതികരണം.
അതേസമയം, വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും നേരിട്ടുള്ള കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയെക്കുറിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പുതിയ ചർച്ചകൾക്ക് തീയതിയും സ്ഥലവും സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന.
പാകിസ്താൻ, തുർക്കി, ഈജിപ്ത്, ഒമാൻ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടലോടെ നടന്ന മുൻ ചർച്ചകൾക്ക് പിന്നാലെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ കുറയ്ക്കാൻ തുർക്കി വീണ്ടും ഇടപെടാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.