Image

ചൂട് കൂടിയതോടെ ഉപഭോഗം ഉയരുന്നു; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോഡിൽ

Published on 14 April, 2026
 ചൂട് കൂടിയതോടെ ഉപഭോഗം ഉയരുന്നു; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കനത്തതോടെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിലേക്ക്. ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ഉപയോഗം 5933 മെഗാവാട്ട് ആയി ഉയർന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

കഴിഞ്ഞവര്‍ഷത്തെക്കാള്‍ ദിനംപ്രതി എട്ടുദശലക്ഷം യൂണിറ്റ് കൂടുതലാണ് ഈവര്‍ഷത്തെ വൈദ്യുതി ഉപയോഗം. പുറമേനിന്ന് വൈദ്യുതി വാങ്ങുന്നത് കൂടിയ സാഹചര്യത്തിൽ മേയ് മാസത്തെ ഇന്ധന സര്‍ചാര്‍ജില്‍ ഇത് പ്രതിഫലിച്ചേക്കും. വൈകുന്നേരത്തെ പീക്ക് സമയത്തെ  ഉപഭോഗം 5933 മെഗാവാട്ടിൽ എത്തിയത് റെക്കോഡാണ്.

വേനൽ ചൂട് അസഹനീയമായി തുടരുന്നതും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങളുടെ അമിത ഉപയോഗവുമാണ് ഉപഭോഗം കുതിച്ചുയരാൻ കാരണം. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് നിർദ്ദേശമുണ്ട്. വൈകുന്നേരം 6 മുതൽ രാത്രി 11 വരെയാണ് പീക്ക് സമയം.

കേരളത്തിൽ ഉയർന്ന താപനിലയാണ് നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്.പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും കൊല്ലത്ത് ഉയർന്ന താപനില 39°C വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയർന്നേക്കുമെന്ന് അറിയിപ്പുണ്ട്.

തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുണ്ട്. സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതലാണിത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക