
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ ഡോ. റാമിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡോക്ടറുടെ ധർമ്മടം ചിറക്കുനിയിലുള്ള ദന്തൽ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ക്ലിനിക്കിന്റെ ഗേറ്റ് താഴിട്ട് പൂട്ടിയ പ്രവർത്തകർ, 'ജാതിവെറിയന്റെ ക്ലിനിക്ക്' എന്ന ബോർഡും സ്ഥാപിച്ചു. കെട്ടിടത്തിന് മുന്നിൽ ഡിവൈഎഫ്ഐ കൊടിയും അംബേദ്കറുടെ ചിത്രവും പതിപ്പിച്ചാണ് പ്രവർത്തകർ മടങ്ങിയത്.
സംഘർഷഭരിതമായിരുന്നു പ്രതിഷേധ മാർച്ച്. ക്ലിനിക്കിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞത് ഉന്തും തള്ളും ഉണ്ടാക്കി. ഇതിനിടയിൽ ബാരിക്കേഡ് മറികടന്ന് കെട്ടിടത്തിന് മുകളിൽ കയറിയ പ്രവർത്തകർ ക്ലിനിക്ക് ചങ്ങലയിട്ട് പൂട്ടുകയായിരുന്നു. പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ ഏറെ നേരം വാക്കുതർക്കവും സംഘർഷാവസ്ഥയും നിലനിന്നു.
ഡിവൈഎഫ്ഐ ധർമ്മടം നോർത്ത് മേഖല കമ്മിറ്റിയും അണ്ടല്ലൂർ മേഖല കമ്മിറ്റിയും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി.എം. അഖിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദിയായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജാതീയമായ പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.