
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കോളജ് തല അന്വേഷണം ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ആറംഗ സമിതിയാണ് പരാതികൾ അന്വേഷിക്കുന്നത്. ആരോപണവിധേയരായ അധ്യാപകർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അഞ്ച് ദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥി പ്രതിനിധികളുമായി മാനേജ്‌മെന്റ് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രിൻസിപ്പൽ മാധ്യമങ്ങളെ കണ്ടത്.
വിവാദ അധ്യാപകൻ റാമിനെതിരെ മുൻപും പരാതികൾ നൽകിയിരുന്നതായി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയെങ്കിലും, താൻ ഡിസംബറിലാണ് ചുമതലയേറ്റതെന്നും അതിനാൽ പഴയ പരാതികളെക്കുറിച്ച് അറിവില്ലെന്നുമാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. താൻ ചുമതലയേറ്റ ശേഷം റാമിനെതിരെ രേഖാമൂലം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പഴയ ഫയലുകൾ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിതിനെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയത് ലോൺ ആപ്പുമായി ബന്ധപ്പെട്ട പരാതിയിലാണെന്ന് പ്രിൻസിപ്പൽ സ്ഥിരീകരിച്ചു. നിതിൻ ലോൺ എടുത്തതുമായി ബന്ധപ്പെട്ട് അധ്യാപിക ലതയുടെ ഫോണിലേക്ക് നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നു. നിതിന്റെ അമ്മയുടെ പേരും ലത എന്നായതിനാൽ റഫറൻസ് നമ്പറിൽ വന്ന ആശയക്കുഴപ്പമാകാം ഇതിന് കാരണമെന്ന് കരുതുന്നു. ഫോണിൽ വന്ന സന്ദേശങ്ങളും നിതിന്റെ ഫോട്ടോയും കാണിച്ച് സംസാരിച്ചപ്പോൾ വിദ്യാർത്ഥിക്ക് മാനസികമായി പ്രയാസം തോന്നിയിട്ടുണ്ടാകാമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
സംസാരത്തിനിടെ നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ ഫോൺ വെച്ചാണ് പുറത്തേക്ക് പോയതെന്നും താൻ ഫോൺ പിടിച്ചുവെച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. നിതിൻ പുറത്തുപോയ ശേഷം വീട്ടുകാരെ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ലോൺ തിരിച്ചടയ്ക്കാമെന്ന് നിതിൻ ഉറപ്പുനൽകിയിരുന്നതായും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയതായും കോളജ് അധികൃതർ അറിയിച്ചു.