Image

നിതിൻ രാജിന്റെ മരണം: മാപ്പർഹിക്കാത്ത കുറ്റം, രോഹിത് വെമുല ആക്റ്റ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

Published on 14 April, 2026
നിതിൻ രാജിന്റെ മരണം: മാപ്പർഹിക്കാത്ത കുറ്റം, രോഹിത് വെമുല ആക്റ്റ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണിതെന്നും മിടുക്കനായ ഒരു വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടവർ ആരായാലും അത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി നിതിൻ രാജിന്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

​ക്യാമ്പസുകളിലെ ജാതീയ വിവേചനങ്ങൾ അവസാനിപ്പിക്കാൻ 'രോഹിത് വെമുല ആക്റ്റ്' നടപ്പിലാക്കണമെന്ന ദീർഘകാല ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കാൻ തയ്യാറാകാത്തതിനെ മുഖ്യമന്ത്രി വിമർശിച്ചു. ഇതിന് പകരമായി കൊണ്ടുവന്ന യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയാണ്. ജാതിവിവേചനവും വിദ്വേഷവും വളർത്തുന്ന പ്രവണതകൾക്കെതിരെ സമൂഹം ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും ഇത്തരം സംഭവങ്ങൾ ഇനിയുണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മുഖ്യമന്ത്രിയുടെ കുറിപ്പ്‌

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ. ജാതിവ്യവസ്ഥക്കെതിരെ അദ്ദേഹം നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾക്ക് നടുവിലാണ് നാമിന്നുള്ളത്. ഒരു സമൂഹമെന്ന നിലയിൽ കേരളം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്നു പരിശോധിക്കേണ്ട ഘട്ടമാണിത്. കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണ്. പുരോഗമന കേരളത്തിന്‌ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത വാർത്തകളാണ് തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി നിതിൻരാജിന്റെ മരണത്തെ തുടർന്ന് പുറത്തു വരുന്നത്. മിടുക്കനായ വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പർഹിക്കാത്ത കുറ്റമാണ് അത്. കേരളമാകെ നിതിൻ രാജിന്റെ കുടുംബത്തിനൊപ്പമാണ്.

ക്യാമ്പസ്സുകളിലെ ജാതീയ വിവേചനങ്ങൾ നിയമംമൂലം അവസാനിപ്പിക്കാൻ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ദീർഘകാല ആവശ്യം പരിഗണിക്കാൻ കേന്ദ്രസർക്കാർ ഇനിയും തയ്യാറായിട്ടില്ല. പകരം കൊണ്ടുവന്ന യുജിസി മാർഗ നിർദ്ദേശങ്ങൾ സുപ്രീം കോടതി മരവിപ്പിച്ചിരിക്കുകയുമാണ്. ജാതിവിവേചനമുൾപ്പെടെയുള്ള വിഭജനവും വിദ്വേഷവും വളർത്തുന്ന പ്രവണതകൾക്കെതിരെ നാം ഒരുമിച്ച് നിലകൊള്ളേണ്ട സമയം കൂടിയാണിത്.സമത്വത്തിലും സാമൂഹ്യ നീതിയിലുമധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അംബേദ്കറിന്റെ ആശയങ്ങളും ഓർമ്മകളും നമുക്ക് ശക്തി പകരട്ടെ.

എല്ലാവർക്കും അംബേദ്കർ ജയന്തി ആശംസകൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക