
തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട പ്രായവിവാദത്തിൽ തങ്ങളുടെ ഭാഗം ന്യായീകരിച്ച് പൊലീസ്. തിരുവനന്തപുരത്ത് വെച്ച് നടന്ന വിവാഹസമയത്ത് പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളിൽ 18 വയസ്സ് പൂർത്തിയായതായി വ്യക്തമാക്കുന്നുണ്ടെന്നാണ് പൊലീസിന്റെ വാദം. 2025 ജൂണിൽ ലഭ്യമാക്കിയ ജനന സർട്ടിഫിക്കറ്റ് പ്രകാരം പ്രായപൂർത്തിയായ ശേഷമാണ് പെൺകുട്ടി ആധാർ, പാൻ കാർഡുകൾ എടുത്തതെന്നും വിവാഹം നടന്ന ക്ഷേത്ര ഭാരവാഹികൾ ഈ രേഖകൾ പരിശോധിച്ചിരുന്നതായും റൂറൽ എസ്പി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് മധ്യപ്രദേശ് സർക്കാർ നൽകിയ രേഖകളിൽ അസ്വാഭാവികമായ മാറ്റങ്ങൾ വന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവാഹശേഷം പെൺകുട്ടിയുടെ മാതാപിതാക്കൾ ആശുപത്രി അധികൃതരെ സമീപിച്ചപ്പോഴാണ് യഥാർത്ഥ ജനനത്തീയതി 2009 ഡിസംബർ 30 ആണെന്ന് പുറത്തുവരുന്നത്. ഇതനുസരിച്ച് വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേ പ്രായമുള്ളൂ. ആദ്യം നൽകിയ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി പുതിയ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ മധ്യപ്രദേശിൽ നേരിട്ടെത്തി അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
വിവാഹ രജിസ്‌ട്രേഷനായി പൂവാർ പഞ്ചായത്തിൽ സമർപ്പിച്ചതും 18 വയസ്സ് രേഖപ്പെടുത്തിയ ആദ്യത്തെ സർട്ടിഫിക്കറ്റും ആധാർ കാർഡുമാണ്. അതിനാൽ തന്നെ പഞ്ചായത്ത് അധികൃതരുടെയോ പൊലീസിന്റെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. എന്നാൽ, പ്രായപൂർത്തിയായെന്ന് കാണിക്കുന്നതിനായി രേഖകളിൽ ബോധപൂർവം കൃത്രിമം കാട്ടിയിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ പരിശോധന നടത്താനാണ് തിരുവനന്തപുരം റൂറൽ എസ്പി ജുവ്വനപ്പുഡി മഹേഷിന്റെ തീരുമാനം. മധ്യപ്രദേശിലെ ആശുപത്രി രേഖകൾ കൂടി പരിശോധിക്കുന്നതോടെ മാത്രമേ വിവാദത്തിലെ സത്യാവസ്ഥ പുറത്തുവരൂ.