
കോഴിക്കോട്: വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയ മുൻമന്ത്രി ഡോ. തോമസ് ഐസക്കിന് മറുപടിയുമായി നടൻ ജോയ് മാത്യു രംഗത്ത്. മലാപ്പറമ്പിലെ നവീകരിച്ച സ്‌കൂളിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പത്തുവർഷത്തെ വികസനത്തെക്കുറിച്ച് ഐസക് കുറിച്ച കാര്യങ്ങൾ വെറും 'തള്ളാണെന്ന്' ജോയ് മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് എ. പ്രദീപ് കുമാറിനെപ്പോലുള്ളവരുടെ ശുഷ്കാന്തിയിൽ നടന്ന വികസന പ്രവർത്തനങ്ങളെ താൻ തള്ളിക്കളയുന്നില്ലെന്നും, എന്നാൽ കഴിവുള്ളവരെ വെട്ടിമാറ്റി അയോഗ്യരെ മന്ത്രിസഭയിൽ പ്രതിഷ്ഠിച്ചതാണ് ഇപ്പോഴത്തെ ഭരണതകർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം കുറിച്ചു.
വെട്ടിത്തിളങ്ങുന്ന ഒരു ബോർഡ് സ്‌കൂളിന് മുന്നിൽ സ്ഥാപിച്ചതുകൊണ്ട് മാത്രം വികസനമാകില്ലെന്നും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ ഗുണനിലവാരത്തിലാണ് ആ തിളക്കം ഉണ്ടാകേണ്ടതെന്നും ജോയ് മാത്യു ഓർമ്മിപ്പിച്ചു. നിലവിലെ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യവും എല്ലാ മേഖലകളിലുമുണ്ടായ നൈതികമായ ജീർണ്ണതയുമാണ് ജനങ്ങളിൽ ഭരണവിരുദ്ധ വികാരം സൃഷ്ടിച്ചത്. വെറും കെട്ടുകാഴ്ചകൾക്കപ്പുറം ഭരണപരമായ മികവ് കാട്ടുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും, വികസനത്തെക്കുറിച്ചുള്ള മുൻമന്ത്രിയുടെ അവകാശവാദങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പരിഹസിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഐസക്ക് സാറെ വല്ലാതെ തള്ളരുത്
-------------------------------ബഹുമാനപ്പെട്ട തോമസ് ഐസക് സാർ എഴുതിയ പോസ്റ്റ് വായിച്ചു
അതിനോടൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം ഞാൻ മാധ്യമങ്ങളോട് സംസാരിക്കുന്ന മനോഹരമായ എന്റെ ഒരു പടവും അദ്ദേഹം ചേർത്തിട്ടുണ്ട് ;നന്ദി
ഞാൻ നിൽക്കുന്നതിന്റെ പിറക് വശത്ത് മലാപ്പറമ്പിലെ നവീകരിച്ച യു പി സ്‌കൂളിന്റെ
തിളക്കമാർന്ന മതിലും ബോർഡും കണ്ടപ്പോൾ തോമസ് സാറിന് എനിക്കുള്ളമറുപടിയായി കഴിഞ്ഞ പത്തുവർഷത്തെ വികസനത്തെക്കുറിച്ചു പറഞ്ഞു തള്ളുവാൻ തത്രപ്പാടായി .
എന്നാൽ ഞാൻ എന്താണ് മാധ്യമങ്ങളോട് പറഞ്ഞതെന്ന് ശ്രദ്ധിക്കാനുള്ള സമയം പുള്ളിക്ക് കിട്ടിയില്ല എന്ന് തോന്നുന്നു .
കഴിഞ്ഞ പത്തുവർഷം വികസനം ഉണ്ടായിട്ടില്ല എന്നല്ല ഞാൻ പറഞ്ഞത് .വികാസനോന്മുഖമായ ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് കോഴിക്കോട് എം എൽ എ ആയിരുന്ന എ പ്രദീപ്കുമാറിന്റെ ശുഷ്കാന്തിയിൽ നടന്ന സ്‌കൂൾ നവീകരണ പ്രവർത്തികളിൽ പലപ്പോഴും ഞാനും ഭാഗബാക്കായിട്ടുണ്ട് .തിരഞ്ഞെടുപ്പ് കാലത്ത് പ്രദീപിന് വേണ്ടി പ്രചാരണത്തിനും ഞാനുണ്ടായിരുന്നു എന്നത് പ്രദീപിനോട് ചോദിച്ചാൽ അദ്ദേഹം പറയും .എന്നാൽ പ്രദീപ്കുമാറിനെപ്പോലെയുള്ള കഴിവുറ്റവരും ഉല്പതിഷ്ണുക്കളുമായവരെ (താങ്കളെയടക്കം )വെട്ടിമാറ്റി
ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരെ മത്സരിപ്പിച്ചു മന്ത്രിസഭയുണ്ടാക്കിയ
സ്വേച്ഛാധിപത്യ ഭരണത്തിന്റെ പിടിപ്പുകെടുകളെ ക്കുറിച്ചും
സമസ്ത മേഖലകളുമുണ്ടായ ഭരണ തകർച്ചകളെ ക്കുറിച്ചും
ധാർമ്മികവും നൈതികവുമായ ജീര്ണതകളെ ക്കുറിച്ചും അതാണ് ജനങ്ങളിൽ ഭരണ വിരുദ്ധവികാരം സൃഷ്ടിക്കാൻ ഇടയാക്കിയതെന്നുമാണ് ഞാൻ അവിടെ പറഞ്ഞത് .അത് ശരിയല്ല എന്ന് താങ്കൾ സമർത്ഥിക്കൂ അപ്പോൾ ഒന്നൊന്നായി ഞാനത് ചൂണ്ടിക്കാണിച്ചു തരാം .
വെട്ടിത്തിളങ്ങുന്ന ഒരു ബോർഡ് സ്‌കൂളിന്ന് മുൻപിൽ വെച്ചത് കൊണ്ട് കാര്യമില്ല സാർ .പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ പഠന മികവാണ് തിളങ്ങേണ്ടത് .
കാര്യമറിയാതെ താങ്കളുടെ പോസ്റ്റിനു അടിയിൽ വന്ന് കമന്റിടുന്ന പാർട്ടി അടിമകൾക്ക് ഇത് മനസ്‌സിലാക്കണമെന്നുമില്ല.
പാലങ്ങളും റോഡുകളും നവീകരിച്ച കെട്ടിടങ്ങളും മാത്രമല്ല വികസനം ,അത് മനുഷ്യന്റെ ധാർമ്മികവും നൈതികവുമായ ചിന്തകളെ ജ്വലിപ്പിക്കുന്നതുമാകണം എന്ന് കരുതുന്ന വിശാല ഇടത്പക്ഷ മനസ്സുള്ള നിരവധിപേരിൽ ഒരാൾ മാത്രമാണ് ഞാൻ .
കഴിഞ്ഞ അഞ്ചുവർഷത്തെ പിടിപ്പുകേടിന്റെ ,ധൂർത്തിന്റെ ,ഭരണ തുടർച്ചക്ക് വേണ്ടി വർഗ്ഗീയ -സാമുദായിക സംഘടനകളുടെ പിന്നാലെപോയി മനുഷ്യരെ തമ്മിലടിപ്പിക്കുന്ന വർഗ്ഗീയ ധ്രുവീകരണത്തിൽ ശ്രദ്ധയൂന്നിയ ഇടത്പക്ഷ ജീർണ്ണതക്കെതിരെ നിലകൊള്ളാൻ എന്നെ പ്രേരിപ്പിച്ചത് അതാണ് .
അതുകൊണ്ടുതന്നെയാണ്
എന്നെപ്പോലെയുള്ള വിശാല ഇടത്പക്ഷ മനസ്സുകൾ കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന യൂ ഡി എഫ് മുന്നണിക്ക് പിന്തുണകൊടുക്കുവാൻ തീരുമാനിച്ചതും.
പറയുമ്പോൾ എല്ലാം പറയണമല്ലോ ,താങ്കൾ കാണിച്ച മലാപ്പറമ്പ് സ്‌കൂളിന്റ വികസനക്കാഴ്ച്ച പതിനായിരത്തിൽ ഒന്ന് മാത്രമാണെന്നോർമ്മിപ്പിക്കട്ടെ .ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തായിരുന്ന താങ്കളുടെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ വികാസനോന്മുഖമായ ഒരു സർക്കാർ സ്‌കൂളിനെപ്പറ്റി എ പ്രദീപ്കുമാർ എന്ന പോളിങ് ഓഫീസർ പോസ്‌റ്റിയ കുറിപ്പും ഇതോടൊപ്പമുണ്ട് .
എന്നാലെങ്കിലും താങ്കളുടെ വികസന തള്ളലിന് ഒരു വിരാമമാകുമെന്ന് കരുതുന്നു.