Image

ന്യൂയോർക്ക് ടൈംസ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായി ട്രംപിന്റെ കടുത്ത വിമർശനം

Published on 14 April, 2026
ന്യൂയോർക്ക് ടൈംസ് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായി ട്രംപിന്റെ കടുത്ത വിമർശനം

 

വാഷിംഗ്ടൺ: അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് ടൈംസ് ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വീണ്ടും കടുത്ത വിമർശനം ഉന്നയിച്ചു. തനിക്കെതിരെയും തന്റെ അനുയായികൾക്കും രാജ്യത്തിനുമെതിരെയും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിന് മാധ്യമം എപ്പോഴാണ് മാപ്പ് പറയുക എന്നും ട്രംപ് ചോദിച്ചു.

സോഷ്യൽ മീഡിയയായ ‘എക്‌സ്’ൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് പ്രതികരിച്ചത്. മാധ്യമങ്ങളുടെ അവതരണങ്ങളിൽ കാണിക്കുന്നതിനു വിരുദ്ധമായി ഇറാൻ സൈനികമായും മറ്റു മേഖലകളിലും പൂർണ്ണമായി തകർന്നിരിക്കുകയാണ് എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാൽ ന്യൂയോർക്ക് ടൈംസ് യാഥാർത്ഥ്യത്തെ മറച്ച് ഇറാൻ വിജയിക്കുന്നതുപോലെയോ നല്ല നിലയിലാണ് എന്നോ കാണിക്കുന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതായി അദ്ദേഹം ആരോപിച്ചു. പത്രത്തിന് ലജ്ജയില്ലേയെന്നും മാന്യതയില്ലേയെന്നും ട്രംപ് ചോദിച്ചു.

 ഏപ്രിൽ 10ന് വാൾ സ്ട്രീറ്റ് ജേണൽ എഡിറ്റോറിയൽ ബോർഡിനെയും ട്രംപ് വിമർശിച്ചു. ഇറാനുമായുള്ള സംഘർഷത്തിൽ അദ്ദേഹം പ്രഖ്യാപിച്ച വിജയത്തിന് വിരുദ്ധമായ റിപ്പോർട്ട് വന്നതാണ് കാരണം. 

തന്റെ ഇടപെടലിന്റെ ഫലമായി ഇറാൻ ഒരിക്കലും ആണവായുധം കൈവശമാക്കില്ല എന്നും ഉടൻ തന്നെ എണ്ണവിതരണവും പുനരാരംഭിക്കുമെന്നും  ട്രംപ് വ്യക്തമാക്കി. 

അതേസമയം, വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇറാനിയൻ ഉദ്യോഗസ്ഥരുമായി വീണ്ടും നേരിട്ടുള്ള കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയെക്കുറിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. തീയതിയും സ്ഥലവും സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നാണ് സൂചന.

അമേരിക്ക, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ ഇടപെടലോടെ ഇസ്‌ലാമാബാദിൽ ഏപ്രിൽ 11ന് നടന്ന ദീർഘകാല ചർച്ചകൾക്ക് പിന്നാലെയാണ് പുതിയ കൂടിക്കാഴ്ചയുടെ സാധ്യതകൾ പരിഗണിക്കപ്പെടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക