Image

'അയാൾ ഒരു മൃഗമാണ്', നിതിന്റെ മരണത്തിൽ എച്ച്.ഒ.ഡിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സഹപാഠികൾ

Published on 13 April, 2026
'അയാൾ ഒരു മൃഗമാണ്', നിതിന്റെ മരണത്തിൽ  എച്ച്.ഒ.ഡിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സഹപാഠികൾ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി സഹപാഠികൾ രംഗത്തെത്തി. 

ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. എം.കെ. റാം വിദ്യാർത്ഥികളെ നിരന്തരം ബോഡി ഷെയിമിംഗിന് ഇരയാക്കാറുണ്ടെന്നും നിതിനെ പ്രത്യേകമായി ലക്ഷ്യം വെച്ച് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും സഹപാഠിയായ ആർച്ച വെളിപ്പെടുത്തി. എച്ച്.ഒ.ഡിയെ ഭയന്നാണ് പലരും പരാതി നൽകാത്തതെന്നും, പഠിപ്പിക്കാൻ പോലും യോഗ്യനല്ലാത്ത രീതിയിലാണ് ഇയാൾ വിദ്യാർത്ഥികളോട് പെരുമാറുന്നതെന്നും ആർച്ച ആരോപിച്ചു. മുമ്പും ഇയാൾക്കെതിരെ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് മറ്റ് വിദ്യാർത്ഥികളും സാക്ഷ്യപ്പെടുത്തുന്നു.

ഡോ. റാം സ്ഥിരം പ്രശ്നക്കാരനാണെന്നും മോശം ഭാഷാപ്രയോഗവും അധിക്ഷേപവും ഇയാളുടെ പതിവാണെന്നും വിദ്യാർത്ഥികൾ പറയുന്നു. ആൺകുട്ടികളെക്കൊണ്ട് പെൺകുട്ടികളെ തല്ലിക്കുന്നതുൾപ്പെടെയുള്ള വിചിത്രവും ക്രൂരവുമായ ശിക്ഷാ രീതികൾ ഇയാൾ നടപ്പിലാക്കിയിരുന്നതായും ആരോപണമുണ്ട്. മുൻപ് രണ്ട് തവണ സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഇയാളെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. നിതിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അവസാന വർഷ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രത്യക്ഷ സമരത്തിലാണ്.

തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജിനെ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിതിനെ അധ്യാപകർ മാനസികമായി തളർത്തിയിരുന്നതായും അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ഉറപ്പിച്ചു പറയുന്നു. സംഭവത്തിൽ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ കോളേജ് സസ്‌പെൻഡ് ചെയ്തു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക