Image

'22 ദിവസം കൂടി കഴിഞ്ഞോട്ടെ, സാറുമ്മാരെ സുഖിപ്പിക്കുന്നുണ്ട്, ഞങ്ങളുടെ കണക്കു പുസ്തകത്തിൽ രക്തം കൊണ്ട് എഴുതിയ കണക്കുകൾ ഒരുപാടുണ്ട്': മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് കോൺഗ്രസ് സൈബർ ഭീഷണി

Published on 13 April, 2026
'22 ദിവസം കൂടി കഴിഞ്ഞോട്ടെ, സാറുമ്മാരെ സുഖിപ്പിക്കുന്നുണ്ട്, ഞങ്ങളുടെ കണക്കു പുസ്തകത്തിൽ രക്തം കൊണ്ട് എഴുതിയ കണക്കുകൾ ഒരുപാടുണ്ട്': മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്   കോൺഗ്രസ്  സൈബർ   ഭീഷണി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് യുഡിഎഫ് ക്യാമ്പ് വലിയ ജയ പ്രതീക്ഷയിലാണ്. വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരം പിടിക്കുമെന്നാണ് വിലയിരുത്തൽ. പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കോൺഗ്രസ് സൈബർ വിഭാഗം. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന് ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗം സന്ദീപിനെതിരെയാണ് ഭീഷണി.

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് അരുൺ രാജേന്ദ്രനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണി മുഴക്കിയത്. ഭരണം കിട്ടിയാൽ കൈകാര്യം ചെയ്യുമെന്നാണ് പോസ്റ്റിൽ പറയുന്നത്. '22 ദിവസം കൂടി കഴിഞ്ഞോട്ടെ, ഞങ്ങൾ സാറുമാരെ സുഖിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ തല അടിച്ചുപൊട്ടിക്കാൻ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാർഡ് ഒരെണ്ണം എടുത്തു വെച്ചോ. ഞങ്ങളുടെ കണക്കു പുസ്തകത്തിൽ രക്തം കൊണ്ട് എഴുതിയിരിക്കുന്ന കണക്കുകൾ ഒരുപാടുണ്ട്' എന്നാണ് പോസ്റ്റ്.

യൂത്ത് കോൺഗ്രസ് ബാറ്റിൽ എന്ന പേജിലും കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിലും സമാനമായ രീതിയിൽ ഭീഷണി സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ഞങ്ങളുടെ പ്രവർത്തകരുടെ ഓരോ തുള്ളി ചോരയ്ക്കും കണക്ക് ചോദിച്ചിരിക്കും' എന്നാണ് പോസ്റ്റുകൾ.

 നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന ലാത്തിച്ചാർജിന് നേതൃത്വം നൽകിയത് സന്ദീപ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അന്ന് നടന്ന സംഭവത്തെ രക്ഷാപ്രവർത്തനം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക