
വൈകുന്നേരമാണ് സാറാക്കുട്ടിയും അച്ചനും കൂടി രാജീവൻറെ വീട്ടിലേക്കു പോകാൻ ഇറങ്ങിയത്. കാറിലിരിക്കുമ്പോൾ അച്ചൻ മൗനമായിരുന്നു. ഏതോ ഗാഢമായ ചിന്തയിലെന്നപോലെ… ആ കണ്ണുകൾ ജനാലയിലൂടെ പുറത്തേക്കു നീണ്ടിരിക്കുകയായിരുന്നു എങ്കിലും, ഇരുവശങ്ങളിലുമായി പിന്നോട്ട് ഓടിമറയുന്ന കാഴ്ചകൾ ഒന്ന് പോലും അദ്ദേഹം കാണുന്നുണ്ടായിരുന്നില്ല. മനസിനുള്ളിൽ മിന്നിമറയുന്ന മറ്റേതോ കാഴ്ചകൾ ഇഴ തിരിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. ഒന്ന് രണ്ടു പ്രാവശ്യം സാറാക്കുട്ടി എന്തൊക്കെയോ പറയാൻ മുതിർന്നെങ്കിലും ആ മുഖഭാവം കണ്ടു വേണ്ടെന്നു വെച്ചു
രാജീവൻറെ ഓഫീസിനു മുൻപിലൂടെ കാർ കടന്നു പോകുമ്പോൾ, സ്വാഗതമെന്നോണം സാറാക്കുട്ടി പറഞ്ഞു: 'രാജീവൻ ഇറങ്ങിയോ എന്തോ... ഈയിടെ അവൻ ഒരുപാട് ലേറ്റ് ആകാറുണ്ട് '
'ഉം...' അച്ചൻ മൂളി.
അല്പം കഴിഞ്ഞു അച്ചൻ ചോദിച്ചു: 'രാജു ഇപ്പോഴും അവിടെ ഇല്ലേ?'
'ഉണ്ട് ... '
'രാജീവൻ വരാൻ ലേറ്റ് ആകുമെങ്കിൽ, നമുക്ക് ജോർജിനെ ഒന്ന് വിസിറ്റ് ചെയ്താലോ?'
'നല്ല കാര്യം. ജോർജിന് വലിയ സന്തോഷമാകും. എബിയുടെ ഭാര്യയെ അച്ചൻ കണ്ടിട്ടുമില്ലല്ലോ...'.
സാറാക്കുട്ടി സന്തോഷത്തോടെ പറഞ്ഞു. പിന്നെ, ഒന്ന് നിർത്തിയിട്ടു കൂട്ടിച്ചേർത്തു
'അല്ലാ, ആ കൊച്ചു ഇറങ്ങി വന്നാൽ കാണാം...'
അച്ചൻ ചോദ്യഭാവത്തിൽ സാറാക്കുട്ടിയെ നോക്കി.
'അത്, അച്ചാ... ഒരു പ്രത്യേക സ്വഭാവമാ ആ കൊച്ചിന്.... ആരോടും അടുക്കാത്ത പ്രകൃതം. റീത്താമ്മയ്ക്കു അത് ഇത്തിരി സങ്കടവുമാ...'
'ഞാൻ ഓർക്കുന്നു... ആ കല്യാണത്തെക്കുറിച്ചു അമ്മാമ്മ പറഞ്ഞത്...'
'ആ…’ സാറാക്കുട്ടി ദീർഘമായി നിശ്വസിച്ചു. 'കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം... ഞാൻ പറഞ്ഞില്ലേ... ബീനയുടെ കാര്യങ്ങൾ അറിയാവുന്നതുകൊണ്ട് ഓടിച്ചെന്നു എന്നാണ് വനജ പറയുന്നത്.... പക്ഷേ, അങ്ങനെ ഓടിച്ചെന്ന് അകത്തു കയറാൻ ഗേറ്റ് പൂട്ടികിടക്കുകയായിരുന്നു എന്നാണ് റീത്താമ്മയും സുമയും പറയുന്നത്...'
'എനിക്കൊന്നും അറിയില്ല. അവർ പറയുന്നത് വിശ്വസിക്കാതെയിരിക്കേണ്ട കാര്യമില്ല. വനജ പറയുന്നതും വിശ്വസിക്കാതെയിരിക്കേണ്ട കാര്യമില്ല... '
'ങാ... അതൊക്കെ പോകട്ടെ... നമുക്ക് ആ ജോർജിനെയും റീത്താമ്മയെയും ഒന്ന് കാണാം… ഒരുപാടു നാളായി ഞാൻ അവരെ കണ്ടിട്ട്. നിങ്ങൾ എത്ര അടുപ്പമായി കഴിഞ്ഞവരാ ....'
'അടുപ്പത്തിനും, സ്നേഹത്തിനും ഇപ്പോഴും ഒരു കുറവുമില്ല. ഞാൻ ഫ്ലാറ്റിലേക്ക് മാറിയതുകൊണ്ടു പഴയതുപോലെ എപ്പോഴും കാണാറില്ല എന്ന് മാത്രം. റീത്താമ്മയ്ക്കാണെങ്കിൽ ജോർജിനെ ഇട്ടേച്ചു എങ്ങും പോകാനും പറ്റില്ലല്ലോ.' സാറാക്കുട്ടി പറഞ്ഞു.
'പിന്നെ രാജീവനും വനജയും പോക്ക് കുറവാണ്... അവർ ക്ക് എവിടെയാ സമയം... അതുകൊണ്ടാ....'
‘ങും...'
'ഈഡൻ ഗാർഡൻസ്' എന്ന് കൊത്തിവെച്ച ഗേറ്റ് കടന്നു വരുമ്പോൾ, സാറാക്കുട്ടി പോർച്ചിൽ കിടന്ന പുതിയ ബെൻസ് കാറിൻറെ നേരെ വിരൽ ചൂണ്ടിക്കൊണ്ടു പറഞ്ഞു :
'ങാ… ഹാ…. ഇപ്പോൾ വന്നത് നന്നായി. എബിയും ഉണ്ടെന്നു തോന്നുന്നു.
കാർ നിർത്തുന്നത്തിൻറെയും ഡോർ അടെക്കുന്നതിൻറെയും ശബ്ദങ്ങൾ കേട്ടുകൊണ്ട് റീത്താമ്മ പുറത്തേക്കു ഇറങ്ങി വന്നു.
'ങ് ഹാ... ഇതാരാ... വന്നാട്ടെ, വന്നാട്ടെ....' വിരുന്നുകാരെ സന്തോഷത്തോടെ അവർ അകത്തേക്ക് ക്ഷണിച്ചു.
'അച്ചൻ ജോർജിനെ കണ്ടിട്ട് ഒരുപാടു നാളായെന്നു പറഞ്ഞപ്പോൾ പിന്നെ ഇന്ന് തന്നെ കൊണ്ടുവന്നേക്കാമെന്നു ഞാൻ കരുതി.'
'അത് നന്നായി. ആൻറിയെ ഞങ്ങളും കണ്ടിട്ട് ഒരുപാടു നാളായി...' സംസാരം കേട്ട് പുറത്തേക്ക് വന്ന രാജു പറഞ്ഞു.
'ഞാൻ വല്ലപ്പോഴും വരാറുണ്ട്... നീയും എബിയും ഇവിടെ കാണാറില്ല എന്നേയുള്ളൂ...'
'അത് പിന്നെ ഞങ്ങൾക്ക് ജോലിക്കു പോകണ്ടേ?'
'അറിയാമെടാ...' സാറാക്കുട്ടി വാത്സല്യത്തോടെ രാജുവിൻറെ കൈ പിടിച്ചു.
'ഇന്ന് വന്നത് എല്ലാംകൊണ്ടും നന്നായി. എബിയും ഇവിടെ ഉണ്ട്...'
'ഇരിക്ക് അച്ചാ... ഇരിക്ക് സാറാക്കുട്ടീ....’ ഭംഗിയായി അലങ്കരിച്ച സ്വീകരണമുറിയിലേക്ക് അവരെ ആനയിച്ചുകൊണ്ടു റീത്താമ്മ പറഞ്ഞു. അച്ചൻ ഒരുപാടു നാളുകൂടിയായിരുന്നു ആ വീട്ടിലേക്കു വരുന്നത്.
'എന്തിയേ എൻറെ പാവക്കുട്ടികൾ രണ്ടും? സാറാക്കുട്ടി ഒന്ന് കൊണ്ടുവരുമ്പോഴാ കാണാൻ കിട്ടുന്നത്’റീത്താമ്മ ചോദിച്ചു.
സാറാക്കുട്ടിയുടെ കൂടെ വരാറുള്ള അവരുടെ പേരക്കുട്ടികളെ റീത്താമ്മ പാവക്കുട്ടികൾ എന്നാണ് വിളിക്കാറ്.
'അവിടെ കേറിയില്ല. നേരെ ഇങ്ങോട്ടാണ് വന്നത്. അല്ലെങ്കിൽ എൻറെ വാലിൽ കാണില്ലേ രണ്ടും?' സാറാക്കുട്ടി ചിരിച്ചു.
'പാവക്കുട്ടികളോ?' സ്വീകരണ മുറിയിൽ അലങ്കരിച്ചു വെച്ചിരിക്കുന്ന പാവക്കുട്ടികളുടെ ശേഖരം നോക്കിക്കൊണ്ടു അച്ചൻ പുഞ്ചിരിച്ചു. അച്ചൻറെ കണ്ണുകൾ ആ അലങ്കാരവസ്തുക്കളിലാണെന്നു കണ്ട് റീത്താമ്മ പറഞ്ഞു.
'സുമയുടെ കളക്ഷനാ.... അതിനെയെല്ലാം ഒരുക്കി, മാലയിടുവിച്ച് പൊട്ടുംകുത്തി വെക്കുന്നതാ അവളുടെ ഹോബി.’
റീത്താമ്മ ദീർഘമായി നിശ്വസിച്ചു. കൂട്ടുകാരിയുടെ ദുഃഖത്തിൻറെ കാരണം നന്നായി അറിയാവുന്ന സാറാക്കുട്ടി ഒന്നും മിണ്ടിയില്ല.
‘മോനേ, പപ്പയെ ഒന്ന് കൊണ്ടുവാ...' റീത്താമ്മ തിരിഞ്ഞു രാജുവിനോടു പറഞ്ഞു.
'ജോർജ് കിടന്നോട്ടെ... നമുക്ക് അങ്ങോട്ട് പോകാം...' അച്ചൻ പറഞ്ഞു
'പപ്പ കിടക്കുകയല്ല... ഞാനിങ്ങു കൊണ്ടുവരാം. പപ്പയ്ക്കും അതായിരിക്കും ഇഷ്ടം...'
രാജു ജോർജിൻറെ വീൽചെയർ അവരുടെ അടുത്തേക്ക് ഉരുട്ടിക്കൊണ്ടു വന്നു. അച്ചൻ എഴുന്നേറ്റു ചെന്ന് ജോർജിൻറെ കയ്യിൽ പിടിച്ചു .
'ഒരുപാടു പ്രാവശ്യം വിചാരിച്ചിട്ടുണ്ട് ഇങ്ങോട്ടു ഒന്ന് കേറണമെന്ന്... എന്നും എന്തെങ്കിലും തിരക്കിട്ട പരിപാടിയുമായിട്ടായിരിക്കും വരവ്'
'സാരമില്ല അച്ചോ... എനിക്ക് തിരക്കില്ലെന്നു കരുതി നിങ്ങളുടെ ആരുടേയും തിരക്ക് കുറയുകയില്ല എന്ന് എനിക്ക് അറിയാം...' ജോർജ് ചിരിച്ചു.
'മൂന്നുനാലു കൊല്ലം കൂടിയാ അച്ചൻ ഇങ്ങനെ ഒരു ദിവസം മുഴുവൻ എൻറെ കൂടെ താമസിക്കുന്നത്... അവറാച്ചായൻ മരിച്ച ഇടയ്ക്കു ഒന്ന് രണ്ടു പ്രാവശ്യം എൻറെ കൂടെ ഒന്നും രണ്ടും ദിവസം നിന്നിട്ടുണ്ട്. പിന്നത്തെ വിസിറ്റൊക്കെ കഷ്ടിച്ച് അര മണിക്കൂറും, ഒരു മണിക്കൂറും ഒക്കെയാ...'
'ഇടവക ആകുമ്പോൾ അങ്ങനെ ഇട്ടേച്ചു പോരാനൊക്കുമോ, അല്ലേ അച്ചാ?' റീത്താമ്മ അച്ചനെ പിന്താങ്ങി.
'അതു തന്നെ... ഇവിടുത്തെ വിശേഷങ്ങൾ ഒക്കെ പറയൂ...' അച്ചൻ എല്ലാവരോടുമായി പറഞ്ഞു.
'ഇവിടെ... എബിയുടെ കല്യാണം കഴിഞ്ഞു എന്നതല്ലാതെ വേറെ വലിയ വിശേഷം ഒന്നും ഇല്ല പറയാൻ...' റീത്താമ്മ പറഞ്ഞു.
'അതൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. എന്തിയേ അവർ ഇവിടെ ഉണ്ടോ?'
സ്റ്റെയർകേസിറങ്ങി വരികയായിരുന്ന എബി ചിരിച്ചുകൊണ്ട്, ഉറക്കെ വിളിച്ചു പറഞ്ഞു. 'ഉണ്ടേ... ഇവിടെയൊക്കെ ഉണ്ടേ...' അവനോടൊപ്പം ബീനയും ഉണ്ടായിരുന്നു. ശബ്ദം കേട്ടിടത്തേക്കു അച്ചൻ മുഖം തിരിച്ചു.
ബീനാ...
വെളുത്തു കൊലുന്നനെയുള്ള പെൺകുട്ടി. വെട്ടിയിട്ട മുടി അലക്ഷ്യമായി തോളിലേക്ക് വീണു കിടക്കുന്നു. ഒരു സാധാരണ സ്കേർട്ടും അതിനു ചേർന്ന ഒരു ടോപ്പും ആണ് വേഷം ആഭരണങ്ങൾ ഒന്നുമേ ആ കയ്യിലോ, കഴുത്തിലോ കാണാനുണ്ടായിരുന്നില്ല. മുഖം മെയ്ക്-അപ് ചെയ്തു മിനുക്കിയിട്ടുമില്ല. പരിഷ്കാരത്തിൻറെയോ, പണക്കൊഴുപ്പിൻറെയോ ലക്ഷണങ്ങൾ ഒന്നുമേ ഇല്ലാത്ത വേഷവിധാനങ്ങൾ. വിളർച്ച ബാധിച്ച മുഖത്തെ നിസ്സംഗഭാവം ഒഴിച്ചാൽ എടുത്തുപറയത്തക്കതായി ഒന്നും ഇല്ല.
അച്ചനെ പരിചയപ്പെടുത്തിക്കൊണ്ടു ബീനയോടായി റീത്താമ്മ പറഞ്ഞു: 'മോളേ, ഇത് സാറാ ആൻറിയുടെ ബ്രദർ അച്ചൻ.'
ബീന തലയാട്ടിക്കൊണ്ടു യാന്ത്രികമായി കൈകൂപ്പി.
'വാ...നിങ്ങൾ ഇരിക്കൂ...' അച്ചൻ അവരെ അടുത്തേക്ക് ക്ഷണിച്ചു.
'എബി നീ ഇതുവരെ എൻറെ ഫ്ലാറ്റിലോട്ടു ബീനയെ കൊണ്ടുവന്നില്ല...' സാറാക്കുട്ടി പറഞ്ഞു
'അതിന് ആൻറി ഞങ്ങളെ ഇതുവരെ അങ്ങോട്ട് വിളിച്ചില്ലല്ലോ....'
'നിന്നെ ഞാൻ വിളിക്കണോ?' സാറാക്കുട്ടി ചിരിച്ചുംകൊണ്ടു കയ്യോങ്ങി. 'ശരി… വിളിച്ചിരിക്കുന്നു...'
'അങ്ങനെ വിളിച്ചാലൊന്നും പോരാ... ആൻറിയുടെ സ്പെഷ്യൽ കരിക്കു പുഡിങ് ഉണ്ടാക്കിവെച്ചിട്ടു വിളിക്കണം...' എബി ചിരിച്ചു.
'ങാഹാ... ഈ വയസ്സുകാലത്തു ഞാൻ ഉണ്ടാക്കണം അല്ലേ? റെസിപി ഞാൻ നിൻറെ പെണ്ണുമ്പിള്ളയ്ക്ക് കൊടുക്കാം. അവളെക്കൊണ്ട് ഉണ്ടാക്കിച്ചു എനിക്കും കൂടി കൊണ്ട് തരണം...' സാറാക്കുട്ടി വിട്ടില്ല.
'എനിക്കും വേണം..' ജോർജും പറഞ്ഞു.
ബീനയുടെ മുഖം വിളറി
'അയ്യോ, എനിക്ക് കുക്കിംഗ് ഒന്നും അറിയില്ല...' അവൾ വിക്കി വിക്കി പറഞ്ഞു.
'ഹ ഹ ഹാ... എൻറെ മോളേ…. ഞാൻ കെട്ടിയ കാലത്തു, നിൻറെ അമ്മായിയമ്മയുടെ കുക്കിംഗ് ഒന്നും പറയേണ്ടാ..... ചായയിടാൻ ഇവൾക്ക് അറിയില്ലായിരുന്നു...' ജോർജ് ഉറക്കെ ചിരിച്ചു.
'പിന്നെ…. നിങ്ങളാ എല്ലാം വെച്ച് വിളമ്പിയിരുന്നത്...' റീത്താമ്മ പരിഭവിച്ചു.
ബീന ഓർക്കുകയായിരുന്നു. ഇങ്ങനെ ഒന്നിച്ചിരുന്നു തമാശകൾ പറഞ്ഞു, പരസ്പരം കളിയാക്കി, പരസ്പരം സ്നേഹിക്കുന്ന ഒരു കുടുംബം... ഇതല്ലേ താൻ ആഗ്രഹിച്ചത്... ആഗ്രഹിക്കുന്നത്... ഇവിടെ അത് കയ്യെത്തും ദൂരത്തിൽ... കൈ നീട്ടുകയേ വേണ്ടൂ.. തന്റേതാക്കാം... എന്നിട്ടും, എന്തേ…
ബീനയുടെ മുഖത്തെ നിസ്സംഗതയ്ക്കു അയവു വന്നു. ആ കണ്ണുകളിൽ ജീവൻറെ നേരിയ മിന്നൽ... അച്ചൻ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
'എല്ലാവരും അങ്ങനെയൊക്കെയല്ലേ? ആവശ്യം വരുമ്പോൾ എല്ലാം ചെയ്യാൻ പഠിക്കും...' സാറാക്കുട്ടി റീത്താമ്മയെ പിന്താങ്ങി.
'ങും ങും... എന്നിട്ടു, ഞങ്ങളുടെ സുമ അങ്ങനെ അല്ലല്ലോ... അവൾക്കു അത്യാവശ്യം വീട്ടുകാര്യം എല്ലാം അറിയാമായിരുന്നു...' ജോർജ് പറഞ്ഞു.
'ശരിയാ സാറാക്കുട്ടീ... എനിക്ക് തന്നെ അദ്ഭുതമാ അവൾ കാര്യങ്ങൾ നടത്തുന്നത് കാണുമ്പോൾ... അവൾ വന്നു കഴിഞ്ഞാ ഈ വീടിന് ഒരു അടുക്കും ചിട്ടയും ഉണ്ടായത് എന്ന് സാറാക്കുട്ടിക്ക് നന്നായി അറിയാമല്ലോ.. ഞങ്ങളുടെ ഭാഗ്യമാ... അച്ചായൻറെ ഈ കിടപ്പും, എബിയുടെ പഠനവും, പിന്നെ കല്യാണവും എല്ലാം അവൾ തന്നെയാണ് മാനേജ് ചെയ്തത്. എനിക്ക് അതിനൊന്നും ഒരു കഴിവും ഇല്ലെന്നു അറിയാമല്ലോ...’
ജോർജിനും റീത്താമ്മയ്ക്കും നൂറു നാവായിരുന്നു മരുമകളെ പുകഴ്ത്താൻ...
ബീനയുടെ മുഖം മങ്ങുന്നത് അച്ചൻ മാത്രം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
'അതിനെന്താ, ഇനി ബീനയും കൂടിയുണ്ടല്ലോ എല്ലാത്തിനും സഹായിക്കാൻ...' അച്ചൻ പറഞ്ഞു.
ആരും ഒന്നും മിണ്ടിയില്ല ഒരു നിമിഷത്തേക്ക്.
'അല്ല, ആളെവിടെ? കണ്ടില്ലല്ലോ...'
'നിങ്ങൾക്ക് കാപ്പി ഉണ്ടാക്കുകയായിരിക്കും... സുമേ... ' റീത്താമ്മ ഉറക്കെ വിളിച്ചു.
'വരുന്നു അമ്മച്ചി...' സുമയുടെ മറുപടി വന്നു. മിനുറ്റുകൾക്കകം ഒരു വലിയ ട്രേയിൽ കാപ്പിയും പലഹാരങ്ങളുമായി സുമ കടന്നു വരികയും ചെയ്തു.
സുമ എല്ലാവർക്കും കാപ്പി കൊടുക്കുംവരെ ആരും ഒന്നും മിണ്ടിയില്ല.
കേക്ക് കഷണങ്ങൾ നിരത്തിയിരുന്ന പ്ലേറ്റ് അതിഥികളുടെ നേരേ നീട്ടിക്കൊണ്ടു അവൾ പറഞ്ഞു:
'ഈ ആഴ്ചയിലെ വനിതയിൽ വന്ന റെസിപിയാ. സാറാആൻറി, എങ്ങനെയുണ്ട്?'
'ങും... കൊള്ളാം. നന്നായിരിക്കുന്നു' ഒരു കഷണമെടുത്ത്, രുചിച്ചുകൊണ്ട് സാറാക്കുട്ടി പറഞ്ഞു. സംഭാഷണം കേക്കിൻറെയും, ദൈനംദിന വീട്ടുകാര്യങ്ങളുടെയും ആയി പുരോഗമിക്കുമ്പോൾ അച്ചൻ ബീനയുടെ മുഖം ശ്രദ്ധിക്കുകയായിരുന്നു. ആ മുഖത്ത് ഒന്ന് മിന്നിമറഞ്ഞ ആ തിളക്കം വീണ്ടും വരുന്നോ എന്ന്. ഇല്ല. നിർവികാരത ആ മുഖത്തെ മുഴുവനായി മൂടിയിരുന്നു.
അൽപ നേരം കൂടി അവിടെ ഇരുന്നിട്ട് അവർ പോകാനായി എഴുന്നേറ്റു. എല്ലാവരോടും യാത്രപറഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ റീത്താമ്മയും, സുമയും അവരോടൊപ്പം കാറിനടുത്തേക്ക് ചെന്നു.
സാറാക്കുട്ടിയുടെ കൈപിടിച്ചുകൊണ്ടു റീത്താമ്മ പറഞ്ഞു :
'സാറാക്കുട്ടി, കഴിഞ്ഞ ദിവസത്തെ സംഭവം മനസ്സിൽ വെച്ചേക്കരുത് എന്ന് വനജയോട് പറയണം. ഞങ്ങൾക്ക് പിണക്കവും, തെറ്റിധാരണയും ഒന്നുമില്ല. ബീനയുടെ സ്വഭാവം നിങ്ങൾക്കറിയാമല്ലോ. അവൾക്കു എന്തെങ്കിലും തെറ്റ് പറ്റിയതായിരിക്കും'
'ആൻറി ഇന്ന് രാവിലെ ഞങ്ങൾ വനജയെ കണ്ടു. പല പ്രാവശ്യം വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല...' സുമ പറഞ്ഞു.
'വനജയെയോ? എവിടെ വെച്ച്?'
'ആ കുരുവിളയുടെ ഓഫീസിൻറെ പാർക്കിംഗ് ലോട്ടിൽ വെച്ച്....'
'കുരുവിളയുടെ ഓഫീസിലോ? അവിടെ എന്തിനാ അവൾ പോയത്?'
സാറാക്കുട്ടി ആകാംക്ഷയോടെ ചോദിച്ചു. സഹോദരിയുടെ ശബ്ദത്തിലെ ആകാംക്ഷ അച്ചൻ ശ്രദ്ധിക്കാതെയിരുന്നില്ല.
'അതൊന്നും അറിയില്ല. ... ഞങ്ങൾ പോയത് ബീനയുടെ ഡാഡിയുടെ ബിസിനസ്സിൻറെ എന്തോ പേപ്പർ ബീന സൈൻ ചെയ്യാനുണ്ടായിരുന്നു ഞാൻ വെറുതെ കൂടെ പോയെന്നു മാത്രം. ബീനയുടെ കാറിനടുത്തായിരുന്നു വനജയുടെ കാറും… പല പ്രാവശ്യം വിളിച്ചിട്ടും, ഞങ്ങളെക്കണ്ട ഭാവം പോലും കാണിക്കാതെ വളരെ വേഗത്തിൽ കാറിൽ കയറി ഓടിച്ചുപോയി’
'ങും...'
സാറാക്കുട്ടി മൂളി. അവരുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകുന്നതും എന്തൊക്കെയോ വിചാരങ്ങൾ ആ മനസ്സിൽ തിക്കിത്തിരക്കു ന്നതും അച്ചന് മനസിലായി.
ങും... മെല്ലെ ചോദിച്ചറിയാം... അവർ കാറിൽ കയറി അവിടെ നിന്നും പോയി…
Read More: https://www.emalayalee.com/writer/69