Image

നിമിഷപ്രിയ തലാലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന പേരിൽ ആയുധങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് സഹോദരൻ

Published on 12 April, 2026
നിമിഷപ്രിയ തലാലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന പേരിൽ  ആയുധങ്ങളുടെ ചിത്രങ്ങള്‍  പുറത്ത് വിട്ട് സഹോദരൻ

സന: യമനിൽ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നുവെന്ന് ആരോപിച്ച് യമനിലെ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്‌ദുൽ ഫത്താഹ് മഹ്ദി. തലാലിനെ കൊലപ്പെടുത്താൻ നിമിഷപ്രിയ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടുകൊണ്ടാണ് മഹ്‌ദിയുടെ പ്രതികരണം.

മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന കൊടുംക്രൂരതകൾക്ക് മുന്നിൽ പലപ്പോഴും നിയമം നിശബ്‌ദമാകുന്നുവോ എന്ന ചോദ്യം ഇന്ന് പൊതുസമൂഹം ഉയർത്തുകയാണെന്നും അദ്ദേഹം കുറിച്ചു. ഒരു മനുഷ്യനെ അറക്കവാളുപയോഗിച്ച് കഷണങ്ങളായി മുറിച്ചും, ആ അവശിഷ്‌ടങ്ങൾ ബാഗുകളിലാക്കി ടാങ്കിൽ ഒളിപ്പിച്ചും നടത്തിയ അത്യന്തം ക്രൂരമായ ഒരു കൊലപാതകത്തിൽ നീതി ഇന്നും അകലെയാണ്. കുറ്റവാളിയുടെ പൗരത്വവും സ്വാധീനവും നീതിനിർവ്വഹണത്തിന് തടസ്സമാകുന്നു എന്ന ആക്ഷേപം ശക്തമാകുമ്പോൾ, ഇവിടെ ബലികഴിക്കപ്പെടുന്നത് ഇരയുടെ ചോരയും അവരുടെ കുടുംബത്തിൻ്റെ കണ്ണീരുമാണെന്നും തലാലിൻ്റ സഹോദരൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ദൈവത്തെയോ സമൂഹത്തെയോ ഭയമില്ലാത്തവർ നീതിയെ ഒരു വിലപേശൽ രേഖയായി മാറ്റുന്നത് ലജ്ജാകരമാണ്. ഇരയുടെ ചോരയും ഉറ്റവരുടെ വേദനയും ഒരു തുറന്ന ചന്തയിലെ ലേലം വിളി പോലെ കൈകാര്യം ചെയ്യപ്പെടുമ്പോൾ, അത് ഭരണഘടനയോടും നിയമവ്യവസ്ഥയോടും കാണിക്കുന്ന കൊടിയ വഞ്ചനയാണ്. ഒരു നിമിഷം പോലും വൈകാതെ ശിക്ഷിക്കപ്പെടേണ്ട, മാപ്പർഹിക്കാത്ത ഇത്തരം കുറ്റകൃത്യങ്ങളിൽ വിധി വൈകുന്നത് കുറ്റവാളികൾക്ക് നൽകുന്ന പ്രോത്സാഹനമായി മാറുന്നു.

നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. നിയമവും ഭരണഘടനയും വിഭാവനം ചെയ്യുന്ന നീതിനിർവ്വഹണം കേവലം പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ല. സ്വാധീനമുള്ളവർക്ക് വേണ്ടി നിയമം വളച്ചൊടിക്കപ്പെടുമ്പോൾ, സാധാരണക്കാരന് ഈ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. കുറ്റവാളിയുടെ പൗരത്വമോ പണമോ നോക്കിയല്ല, മറിച്ച് ചെയ്ത കുറ്റത്തിൻ്റെ ഭീകരത നോക്കിയാവണം ശിക്ഷ വിധിക്കേണ്ടത്.

അതേസമയം, 2025 ജൂലൈയിൽ നടപ്പിലാക്കേണ്ടിയിരുന്ന വധശിക്ഷ, കാന്തപുരത്തിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും വിവിധ സംഘടനകളുടെയും ഇടപെടലിനെത്തുടർന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. 

നിമിഷ പ്രിയയുടെ മോചനത്തിനായി സമർപ്പിച്ച ഹർജികൾ 2026 മാർച്ച് 24-ന് സുപ്രീം കോടതി പുതിയ പുരോഗതികൾ ഉണ്ടാകുന്നത് വരെ മാറ്റിവെച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം നൽകി മാപ്പ് നേടാനുള്ള ചർച്ചകൾ സനായിൽ പുരോഗമിക്കുന്നുണ്ട്. ഇതിനായി ഇറാൻ്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക