
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന് കണ്ണീരോടെ വിടചൊല്ലി നാട്. സഹോദരിയുടെ വീട്ടുവളപ്പിലാണ് നിതിൻ്റെ സംസ്കാരം നടത്തിയത്. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. മരണത്തിന് മുൻപ് നിതിൻ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നിതിൻ്റെ മരണത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു.
കോളേജിലെ അധ്യാപകനിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനങ്ങളെക്കുറിച്ച് നിതിൻ സുഹൃത്തുക്കൾക്ക് ശബ്ദസന്ദേശം അയച്ചിരുന്നു. സ്റ്റാഫ് റൂമിൽ വെച്ച് നിരന്തരം അപമാനിക്കാറുണ്ടെന്നും അസുഖബാധിതയായ അമ്മയെക്കുറിച്ച് അധ്യാപകൻ മോശമായി സംസാരിച്ചെന്നും പുറത്തുവന്ന വോയിസ്ക്ലിപ്പിലുണ്ട്. നിതിൻ്റെ മരണത്തിൽ വകുപ്പ് മേധാവി ഉൾപ്പെടെയുള്ള അധ്യാപകരെ ഇതിനോടകം സസ്പെൻഡ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർഎൽ നിതിൻ രാജിന്റെ മരണത്തിൽ കോളേജിലെ അധ്യാപകൻ ജാതി പറഞ്ഞും മറ്റും അപമാനിച്ചതായി പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.