Image

അക്ഷയ തൃതീയക്ക് സ്വർണം വാങ്ങാം; ഓഫറുകൾ പ്രഖ്യാപിച്ച് ജ്വല്ലറികൾ

Published on 12 April, 2026
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങാം;  ഓഫറുകൾ പ്രഖ്യാപിച്ച് ജ്വല്ലറികൾ

കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണ വിൽപ്പന നടക്കുന്ന സമയങ്ങളിലൊന്നാണ് അക്ഷയ തൃതീയ. കഴിഞ്ഞ വർഷം വില ഉയർന്നു  നിൽക്കുമ്പോഴും അക്ഷയ തൃതീയ ദിനത്തിൽ വിൽപ്പന കുതിച്ചുയർന്നിരുന്നു. എന്നാൽ ഇന്ന്  വില ഒരു ലക്ഷം കടന്നിരിക്കുന്ന സാഹചര്യത്തിൽ ജ്വല്ലറി വ്യാപാരികൾ ആശങ്കയിലാണ്. ഒരു പവൻ വാങ്ങാൻ ഒന്നേ കാൽ ലക്ഷമെങ്കിലും കൊടുക്കണം. ഇത്രയും പണം കൊടുത്ത് ആഭരണങ്ങൾ വാങ്ങാൻ ആളെത്തുമോയെന്നതാണ് ചോദ്യം. ഈ സാഹചര്യത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാനായി വമ്പൻ ഓഫറുകളാണ് വിവിധ ജ്വല്ലറികൾ അവതരിപ്പിച്ചിരിക്കുന്നത്

ഹിന്ദു കലണ്ടർ പ്രകാരം വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ. ഈ വർഷം ഏപ്രിൽ 19-നാണ് ഈ ദിവസം വരുന്നത്. ഈ ദിവസം സ്വർണം വാങ്ങുന്നത് സമ്പത്ത് ഉയർത്താൻ സഹായിക്കുമെന്നാണ് വിശ്വാസം.

അക്ഷയതൃതീയ ദിനത്തിൽ ഒരു തരി പൊന്നെങ്കിലും വാങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ ഇന്ന് ഒരു പവന് 1.12 ലക്ഷമാണ് വില. ഒരു പവൻ വാങ്ങമെങ്കിൽ 5 ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി എസ് ടിയും ചേർത്ത് കുറഞ്ഞത് 1.20 ലക്ഷത്തിന് മുകളിൽ നൽകണം. അതായത് 5 ശതമാനം എന്നത് അടിസ്ഥാന പണിക്കൂലി മാത്രമാണ്. വിവാഹ ആവശ്യങ്ങൾക്കുള്ള വലിയ ഡിസൈനുകൾക്ക് ജ്വല്ലറികൾ 35 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്. ഇത്രയും തുക കൊടുത്ത് എങ്ങനെ  സ്വർണം വാങ്ങും എന്നത് തന്നെയാണ് ചോദ്യം. 

ഉപഭോക്താക്കളെ ജ്വല്ലറികളിലെത്തിക്കണമെങ്കിൽ ഓഫറുകൾ പ്രഖ്യാപിക്കാതെ വേറെ വഴിയില്ലെന്ന ചിന്തയിലാണ് വ്യാപാരികൾ. വിലകൾ ഉയർന്ന് തുടങ്ങിയതോടെ ചില ജ്വല്ലറികൾ മുൻകൂറായി സ്വർണം ബുക്ക് ചെയ്യുന്ന സ്കീമുകൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ അക്ഷയ തൃതീയ പ്രമാണിച്ച് വീണ്ടും ഇത്തരം ഓഫറുകൾ ജ്വല്ലറികൾ അവതരിപ്പിച്ചിട്ടുണ്ട്.  വിവാഹാവശ്യങ്ങൾക്കോ ഉത്സവങ്ങൾക്കോ സ്വർണ്ണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക്, ഇത്തരം ഓഫറുകൾ ആശ്വാസകരമായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക