
കൊൽക്കത്ത: സംസ്ഥാനത്തെ തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ബിജെപി 1,000 കോടി രൂപയുടെ കരാർ ഒപ്പിട്ടിട്ടുണ്ടെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബങ്കൂര ജില്ലയിലെ ഒണ്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മമത.
ആം ജനത ഉന്നയൻ പാർട്ടി തലവനായ ഹുമയൂൺ കബീർ തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി മമത ആരോപിച്ചു. ടിഎംസിയെ പരാജയപ്പെടുത്താൻ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ 1,000 കോടി രൂപയുടെ കരാറിൻ്റെ മുൻകൂർ തുകയായ 200 കോടി സ്വീകരിച്ചതായി പറയുന്ന വൈറൽ വീഡിയോയെ കുറിച്ചും മമത പരാമർശിച്ചു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന കേന്ദ്ര സേന അവരുടെ ജോലിയുടെ ഭാഗമെന്ന് പറഞ്ഞ് സ്‌ത്രീകളെ അപമാനിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വോട്ടർമാർക്ക് കൈക്കൂലി നൽകിയെന്നും മമത ആരോപിച്ചു.
"തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വോട്ടർമാർക്ക് കൈകൂലി നൽകുന്നു. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞയുടെനെ അവർ നൽകിയ വാഗ്‌ദാനങ്ങൾ അവർ മറക്കും. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന ബിഹാറിലും അത് പ്രകടമാണ്", മമത പറഞ്ഞു.
"വോട്ടിങ് മെഷീനുകളിൽ നിങ്ങൾ എപ്പോഴും ജാഗ്രത പാലിക്കണം. ബിജെപി അതിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കും. അതുകൊണ്ട് തന്നെ വോട്ടിങ് മെഷീനുകളിൽ ശ്രദ്ധ വേണം. അവരുടെ എല്ലാ പദ്ധതികളും പരാജയപ്പെടുത്തുക", മമത പറഞ്ഞു.
ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ അവർ ജനങ്ങളിൽ നിന്ന് എല്ലാം തട്ടിയെടുക്കും. അടുത്തിടെ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പിലാക്കിയ എസ്‌ഐആർ പ്രക്രിയ സമീപകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ അഴിമതിയാണെന്നും മമത പറഞ്ഞു