Image

കേരളം അപമാനഭാരത്താല്‍ തലകുനിക്കണം: ഒരു കുടുംബത്തിന്റെ സ്വപ്‌നവും പ്രതീക്ഷയുമാണ് ഇല്ലാതായത് ; ഇവരൊക്കെ അധ്യാപകരാണോ? നിതിൻ്റെ മരണത്തിൽ വിഡി സതീശൻ

Published on 12 April, 2026
കേരളം അപമാനഭാരത്താല്‍ തലകുനിക്കണം: ഒരു കുടുംബത്തിന്റെ സ്വപ്‌നവും പ്രതീക്ഷയുമാണ് ഇല്ലാതായത് ; ഇവരൊക്കെ അധ്യാപകരാണോ? നിതിൻ്റെ മരണത്തിൽ വിഡി സതീശൻ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ മരണപ്പെട്ട വിദ്യാർഥി നിതിൻ രാജിൻ്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിതി്റെ മരണത്തിന് പിന്നാലെ അധ്യാപകരുടെ അധിക്ഷേപത്തിന്‍റെ വാർത്ത പുറത്തുവന്ന പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

കടുത്ത ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് ജീവന്‍ ഒടുക്കേണ്ടി വന്നത് കേരളത്തിലാണന്നത് വിശ്വസിക്കാനാകുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു. നിതിനെ അധ്യാപകര്‍ ജാതീയമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു. അപമാനഭാരത്താലാണ് ആ കുട്ടി ആത്മഹത്യ ചെയ്തത്. ഒരു കുടുംബത്തിന്റെ സ്വപ്‌നവും പ്രതീക്ഷയുമാണ് ഇല്ലാതായത്.

വീട് പോലും സ്വന്തമായി ഇല്ലാതെ കുടുംബത്തിലുള്ളതെല്ലാം നഷ്ടപ്പെടുത്തി പഠിപ്പിച്ച ഒരു മകന്റെ മൃതദേഹം ഏറ്റുവാങ്ങി വന്ന കുടുംബത്തിന്റെ ഗതികേട് ആലോചിച്ച് നോക്കൂ. കേരളം അപമാനഭാരത്താല്‍ തലകുനിച്ച് നില്‍ക്കണം. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയാണ് ജാതീയമായ അധിക്ഷേപങ്ങള്‍ തടയാന്‍ രോഹിത് വെമുലയുടെ പേരില്‍ ഒരു നിയമം കൊണ്ടു വരുമെന്ന് യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞത്. ഉന്നത വിദ്യാഭ്യാസരംഗത്തെ കുറിച്ച് വിപുലമായ ചര്‍ച്ച നടത്തിയപ്പോള്‍ നിരവധി കുട്ടികള്‍ക്ക് ജാതീയ അധിക്ഷേപം നേരിടേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയമത്തിന്റെ പ്രസക്തിയെ കുറിച്ച് യുഡിഎഫ് ആലോചിച്ചതെന്നും വിഡി സതീശൻ പറഞ്ഞു.

ഇ-ഗ്രാൻ്റ് കിട്ടാതെ വരുമ്പോള്‍ പോലും മറ്റുള്ളവര്‍ കളിയാക്കുകയാണ്. ഇ-ഗ്രാൻ്റ് ഔദാര്യമല്ല, അവകാശമാണ്. നൂറ്റാണ്ടുകളോളം ജീവിതത്തിന്റെ പിന്നാമ്പുറത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട ജനസമൂഹത്തിന് ഭരണഘടന നല്‍കുന്ന അവകാശമാണത്. ജാതീയമായി കുട്ടികളെ അധിക്ഷേപിക്കുന്നത് തടയാന്‍ കേരളത്തില്‍ നിയമം അനിവാര്യമാണ്.

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാർഥിൻ്റെ കേസിലും യഥാർഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖം നോക്കാതെ നടപടിയെടുക്കാന്‍ സാധിക്കണം. ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത്? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്. ആ കുട്ടിയുടെ മനസ് എന്തുമാത്രം വിഷമിച്ചു കാണും. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉത്തരവാദിക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. എന്നാല്‍ സിദ്ധാർഥിൻ്റെ മരണത്തില്‍ അതുണ്ടായില്ല. 150 പേരുടെ മുന്നില്‍ വച്ചാണ് സിദ്ധാർഥിനെ അപമാനിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

 

പ്രതിപക്ഷ നേതാവ്  വിഡി സതീശൻ  ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ-

 ''എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും ഈ കുടുംബത്തെ; കടുത്ത ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് ഒരു കുട്ടിക്ക് ജീവനൊടുക്കേണ്ടി വന്നത് കേരളത്തിലാണെന്നത് വിശ്വസിക്കാനാകുന്നില്ല. നിതിന്‍ രാജിനെ അധ്യാപകര്‍ ജാതീയമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു. അപമാന ഭാരത്താലാണ് ആ കുട്ടി ജീവനൊടുക്കിയത്. വീട് പോലും സ്വന്തമായി ഇല്ലാതെ തങ്ങള്‍ക്കുള്ളതെല്ലാം നല്‍കി പഠിപ്പിച്ച ഒരു മകന്റെ മൃതദേഹം ഏറ്റുവാങ്ങേണ്ടി വന്ന കുടുംബത്തിന്റെ ഗതികേട് ആലോചിച്ച് നോക്കൂ. ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് ഇല്ലാതായത്. രാജ്യത്തിന്റെ നോവായിരുന്നു ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുല. ഇന്നിപ്പോള്‍ നിതിന്‍ രാജും. 

ഇക്കാലത്തും ജാതി വെറിയന്മാരാകാന്‍ അധ്യാപകര്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്? ഇത്തരക്കാര്‍ക്ക് സര്‍വീസില്‍ തുടരാന്‍ യോഗ്യതയില്ല. പിരിച്ചു വിടുകയാണ് വേണ്ടത്. 

നിതിന്‍ രാജിന്റെ തിരുവനന്തപുരം ഉഴമലയ്ക്കലിലെ വീട്ടിലെത്തിയപ്പോള്‍ പൂക്കോട് വെറ്റിനറി കോളേജില്‍ സഹപാഠികളുടെ ക്രൂര പീഡനത്താല്‍ കൊല്ലപ്പെട്ട സിദ്ധാര്‍ഥിന്റെ അമ്മയുമുണ്ടായിരുന്നു. സിദ്ധാര്‍ഥിന്റെ മരണത്തില്‍ കര്‍ശന നടപടി എടുത്തിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. ജാതീയ അധിക്ഷേപം തടയാന്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ച രോഹിത് വെമുല നിയമത്തിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണ് ഈ ദാരുണ സംഭവം. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇതു പോലൊരു സങ്കടം താങ്ങാന്‍ ഇനിയുമാകില്ല.''

 

 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക