
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനിയിൽ ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തനവും നടന്നതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ആസിഫ് അൻസാരി, ഷാഫി ഷെയ്ക്ക്, ഷാരൂഖ് ഖുറേഷി തുടങ്ങി ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരുടെ പരാതികൾ അവഗണിച്ച എച്ച്ആർ മാനേജരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് കമ്പനിക്കുള്ളിൽ നടന്ന വലിയ തോതിലുള്ള ചൂഷണങ്ങളുടെ ചുരുളഴിച്ചത്.
എട്ട് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ ഒൻപത് ജീവനക്കാരാണ് കമ്പനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതേതുടർന്ന് ലൈംഗിക പീഡനം, മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എട്ട് എഫ്ഐആറുകൾ പോലീസ് രജിസ്റ്റർ ചെയ്തു. നാസിക് പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ തെളിവുകൾ പുറത്തുവന്നത്. പ്രതികൾക്ക് പുറമെ, പരാതികൾ പൂഴ്ത്തിവെക്കാൻ ശ്രമിച്ച എച്ച്ആർ വിഭാഗത്തിനെതിരെയും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സംഭവം അതീവ ഗൗരവകരമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. ഐടി കമ്പനിയിൽ ജീവനക്കാരെ മതപരിവർത്തനത്തിന് വിധേയമാക്കിയത് ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേസിനെ 'കോർപ്പറേറ്റ് ജിഹാദ്' എന്ന് വിശേഷിപ്പിച്ച ബിജെപി എംഎൽഎ നിതേഷ് റാണെ, ഇത്തരം നീക്കങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തണമെന്ന് ആവശ്യപ്പെട്ടു.