
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ശത്രുക്കപ്പലുകളെ പ്രതിരോധിക്കാനായി വിന്യസിച്ച മൈനുകൾ എവിടെയാണെന്ന് കണ്ടെത്താനാകാതെ ഇറാൻ പ്രതിസന്ധിയിൽ. കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ കൃത്യമായി കണ്ടെത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ, ഹോർമൂസ് പൂർണമായി തുറക്കുന്നത് അത്ര എളുപ്പമല്ലെന്ന ആശങ്ക ഉയരുന്നു. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി ന്യൂയോർക്ക് ടൈംസ്’ ആണ് ഈ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. ഈ സാഹചര്യം ഇസ്ലാമാബാദിൽ നടക്കുന്ന സമാധാന ചർച്ചകളെയും ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ സൈനിക നടപടികൾക്ക് പിന്നാലെയാണ് ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ച് കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതിനായി കടലിടുക്കിലെ വിവിധ മേഖലകളിൽ മൈനുകൾ സ്ഥാപിച്ചത് . എന്നാൽ, ഇവ എവിടെയൊക്കെയാണ് സ്ഥാപിച്ചതെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇപ്പോൾ ഇറാന്റെ കൈവശമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങളോ ശാസ്ത്രീയമായ മാപ്പിംഗോ പാലിക്കാതെയാണ് മൈനുകൾ സ്ഥാപിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമുദ്രത്തിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് ഈ മൈനുകൾ നിശ്ചിത സ്ഥാനങ്ങളിൽ നിന്ന് കിലോമീറ്ററുകളോളം മാറിപ്പോയതായാണ് നിഗമനം. ഇവ എവിടെയൊക്കെയാണെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിയാത്തതിനാൽ കടലിടുക്ക് പൂർണ്ണമായി തുറന്നുകൊടുക്കാൻ ഇറാന് സാധിക്കുന്നില്ല.
കടലിടുക്ക് എത്രയും വേഗം സുരക്ഷിതമായി തുറക്കണമെന്ന് ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇറാനോട് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പാകിസ്ഥാനിലെ ഇസ്‌ലാമാബാദിൽ വച്ച് നടക്കുന്ന ഇറാൻ-യുഎസ് സമാധാന ചർച്ചകളിൽ ഈ വിഷയം പ്രധാന ചർച്ചാവിഷയമാകും. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുടെ നേതൃത്വത്തിലുള്ള 70 അംഗ ഉന്നതതല സംഘമാണ് ചർച്ചകൾക്കായി പാകിസ്ഥാനിലെത്തിയിരിക്കുന്നത്. സാങ്കേതികമായ പരിമിതികൾ മൂലം ഗതാഗതം പുനഃസ്ഥാപിക്കാൻ സമയം എടുക്കുമെന്നാണ് അരാഗ്‌ചി നൽകുന്ന സൂചന.
ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ പ്രധാന സിരയായ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണവിലയിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമായേക്കും. നിലവിൽ കപ്പലുകളിൽ നിന്ന് ഉയർന്ന തുക ചുങ്കം ഈടാക്കി ഒരു ഇടുങ്ങിയ പാതയിലൂടെ മാത്രം ഗതാഗതം ഇറാൻ അനുവദിക്കുന്നുണ്ട്. എങ്കിലും, മൈനുകളുടെ യഥാർത്ഥ സ്ഥാനം അറിയാത്തതിനാൽ ഈ പാതയും പൂർണ്ണമായും സുരക്ഷിതമാണെന്ന് പറയാനാകില്ല.
മൈനുകൾ വിന്യസിക്കുന്നത് ലളിതമാണെങ്കിലും അവ നീക്കം ചെയ്യുന്നത് അതീവ സങ്കീർണ്ണമായ പ്രക്രിയയാണ്. അമേരിക്കയുടെ പക്കലുള്ള ആധുനിക മൈൻ ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാൽ പോലും ഇവ കണ്ടെത്തുക പ്രയാസകരമാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇറാന്റെ പക്കൽ ഇത്തരം അത്യാധുനിക സംവിധാനങ്ങൾ ഇല്ലാത്തത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു