Image

കത്തോലിക്കർ മാറ്റത്തിന്റെ നായകന്മാരാകണം: പാപ്പായുടെ ആഫ്രിക്കൻ സന്ദർശനത്തെക്കുറിച്ച് കർദിനാൾ പരോളിൻ

മാസിമില്ല്യാനോ മെനിക്കെത്തി Published on 11 April, 2026
കത്തോലിക്കർ മാറ്റത്തിന്റെ നായകന്മാരാകണം: പാപ്പായുടെ ആഫ്രിക്കൻ സന്ദർശനത്തെക്കുറിച്ച് കർദിനാൾ പരോളിൻ

അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിലേക്ക്, ഏപ്രിൽ മാസം പതിമൂന്നു മുതൽ ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക യാത്ര ആരംഭിക്കുകയാണ്. ആഫ്രിക്കയിലേക്കുള്ള പാപ്പായുടെ പ്രഥമ സന്ദർശനം എന്ന നിലയിൽ, ഇത് അശരണരും, പാർശ്വവത്ക്കരിക്കപ്പെട്ടവരോടുമുള്ള പാപ്പായുടെ അടുപ്പവും സ്നേഹവും എടുത്തു കാണിക്കുന്നുവെന്ന് മാസിമില്ല്യാനോ മെനിക്കെത്തിയുമായുള്ള സംഭാഷണത്തിൽ, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദിനാൾ പിയെത്രോ പരോളിൻ ചൂണ്ടിക്കാണിച്ചു.

മനുഷ്യന്റെ കഷ്ടപ്പാടുകൾ ഏറ്റവും രൂക്ഷമാകുന്ന സ്ഥലത്ത് സഭയുടെ സാന്നിധ്യം കൊണ്ടുവരാനുള്ള പരിശുദ്ധ പിതാവിന്റെ തിരഞ്ഞെടുപ്പാണ് ഈ യാത്രയുടെ അടിസ്ഥാനമെന്ന് കർദിനാൾ എടുത്തു പറഞ്ഞു. ചരിത്രത്തിലും സാമൂഹിക പശ്ചാത്തലത്തിലും രാഷ്ട്രീയ വെല്ലുവിളികളിലും വ്യത്യസ്തമായ രാജ്യങ്ങളാണ്, ഈ നാല് സ്ഥലങ്ങളെന്നും, എന്നാൽ, ദാരിദ്ര്യം, ദുർബലത, അസമത്വങ്ങൾ, പരിഹരിക്കപ്പെടാത്ത പിരിമുറുക്കങ്ങൾ എന്നിവ ഈ രാഷ്ട്രങ്ങൾ  നേരിടുന്ന പ്രധാന പ്രശ്നങ്ങളാണെന്നും  കർദിനാൾ അടിവരയിട്ടു. അതിനാൽ വേദനിക്കുന്ന ഈ മനുഷ്യരോടുള്ള തന്റെ അടുപ്പമാണ്, പാപ്പായുടെ സന്ദർശനം വെളിപ്പെടുത്തുന്നതെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

അൾജീരിയയിലേക്കുള്ള പാപ്പായുടെ സന്ദർശനത്തെ പറ്റിയുള്ള ചോദ്യത്തിന്, വിശുദ്ധ അഗസ്റ്റിന്റെ ആത്മീയ പുത്രനെന്ന നിലയിലും അഗസ്റ്റീനിയൻ സഭയിലെ  ആദ്യത്തെ പാപ്പായെന്ന നിലയിലും അൾജീരിയയിലെ അന്നബയിലേക്ക് പോകുന്നത്  അഗാധമായ സ്വത്വത്തിന്റെയും, എല്ലാറ്റിനുമുപരിയായി ആത്മീയ യോജിപ്പിന്റെയും ഒരു അടയാളമാണെന്നു കർദിനാൾ പറഞ്ഞു. ക്രിസ്ത്യാനികൾ നന്നേ കുറവ് ഉള്ള ഒരു രാജ്യമെന്ന നിലയിൽ, ക്രിസ്തീയ പാരമ്പര്യവും ഇസ്ലാമിക ലോകവും തമ്മിലുള്ള സ്വാഭാവിക സംഭാഷണം പാപ്പാ നടത്തുമെന്നും, തുർക്കിയിലും ലെബനനിലും ഇതിനകം ആരംഭിച്ച മതാന്തര സംവാദത്തിന്റെ പാതയുടെ സ്വാഭാവിക തുടർച്ചയായി, അൾജീരിയയിൽ മുസ്ളീം പ്രാർത്ഥനാകേന്ദ്രത്തിലേക്കുള്ള സന്ദർശനം വീക്ഷിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറച്ച് വർഷങ്ങളായി, കാമറൂണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളിൽ ഒരു പ്രതിസന്ധി നടക്കുന്നുണ്ടെന്നും, അതിനാൽ, വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷയുടെയും മാനുഷിക സാഹചര്യത്തിന്റെയും പശ്ചാത്തലത്തിൽ, പത്രോസിന്റെ പിൻഗാമിയുടെ സന്ദർശനം സഭയുടെ, മക്കളോടുള്ള ശ്രദ്ധയും കരുതലും പ്രകടമാക്കുന്നുവെന്നു അദ്ദേഹം എടുത്തു പറഞ്ഞു. അനുരഞ്ജനത്തിന്റെയും, സമാധാനത്തിന്റെയും പാതയിൽ, പ്രത്യാശയുടെ വാഹകനായിട്ടാണ് പാപ്പാ കാമറൂണിലേക്ക് പോകുന്നതെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

അംഗോളയിൽ പരിശുദ്ധ പിതാവ് സന്ദർശിക്കുന്ന മൂന്ന് സ്ഥലങ്ങൾ, രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെയും പ്രതീക്ഷകളുടെയും പ്രതീകമാണെന്നും, തൊഴിലാളികളെ ചൂഷണം ചെയ്യൽ, സാമൂഹിക-സാമ്പത്തിക വിടവ് വർദ്ധിക്കൽ, പാരിസ്ഥിതിക ആഘാതം എന്നീ പ്രത്യാഘാതങ്ങൾ അവഗണിക്കാൻ കഴിയില്ലയെന്നും കർദിനാൾ പറഞ്ഞു. പരിശുദ്ധ പിതാവ്, മരിയൻ ആരാധനാലയമായ മക്സിമ സന്ദർശിക്കുന്നത് അംഗോളൻ ജനതയെ അവരുടെ ചരിത്രത്തിലെ വിവിധ ദുഃഖകരമായ സംഭവങ്ങളെ മറികടക്കാൻ സഹായിച്ച വിശ്വാസത്തിന്റെ ചൈതന്യത്തെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനസംഖ്യയുടെ 80% കത്തോലിക്കാ വിശ്വാസം പിന്തുടരുന്ന, ഇക്വറ്റോറിയൽ ഗിനിയയിൽ, സുവിശേഷവത്കരണത്തിന്റെ (1855-2025) 170-ാം വാർഷികത്തിന്റെ ഭാഗമാണ് ഈ സന്ദർശനമെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു കർദിനാൾ പറഞ്ഞു. അനുരഞ്ജനം, നീതി, വിശ്വാസത്തിലെ സ്ഥിരോത്സാഹം എന്നിവയ്ക്കുള്ള സ്നേഹവും പിതൃതുല്യവുമായ ക്ഷണമാണ് പാപ്പായുടെ സന്ദർശനത്തിൽ വെളിപ്പെടുന്നതെന്നും കർദിനാൾ പരോളിൻ കൂട്ടിച്ചേർത്തു. 

മൗലിക സ്വാതന്ത്ര്യങ്ങൾ, പ്രത്യേകിച്ച് മതസ്വാതന്ത്ര്യം സംരക്ഷിക്കുക, സമാധാനം പ്രോത്സാഹിപ്പിക്കുക, മതാന്തര സംഭാഷണം ഉൾപ്പെടെയുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുക, ഓരോ മനുഷ്യന്റെയും അന്തസ്സ് സംരക്ഷിക്കുക, ജനതയുടെ  സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര ലക്ഷ്യങ്ങൾ, ഈ യാത്രയിലും എടുത്തു കാണിക്കപ്പെടുമെന്നും കർദിനാൾ പറഞ്ഞു. മനുഷ്യ, സാംസ്കാരിക, പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായ ഒരു ഭൂഖണ്ഡമാണ് ആഫ്രിക്ക എന്നിരുന്നാലും, വിവിധ കാരണങ്ങളാൽ അവർ ചൂഷണം ചെയ്യപ്പെടുന്നുവെന്നു പറഞ്ഞ അദ്ദേഹം,  മാറ്റത്തിന്റെ സജീവ നായകന്മാരായി നിലകൊള്ളുവാൻ എല്ലാ ക്രൈസ്തവരെയും ക്ഷണിക്കുകയും ചെയ്തു.

സംഘർഷങ്ങളുടെയും ഭിന്നതകളുടെയും മുറിവുകൾ ഇപ്പോഴും വഹിക്കുന്ന ആഫ്രിക്കൻ ദേശത്ത്, അനുരഞ്ജനത്തിന്റെ മൂല്യം ഊട്ടിയുറപ്പിക്കുവാൻ പരിശുദ്ധ പിതാവിന്റെ സന്ദർശനത്തിന് സാധിക്കട്ടെയെന്ന ആശംസയും കർദിനാൾ പരോളിൻ നൽകി.

Join WhatsApp News
Sunil 2026-04-11 14:45:30
I love the title of this article that the Catholic Church should be leaders of change. Yes Pope. Please tell your priests and Bishops to stop inflicting fear in the minds of innocent congregants that God is watching our every movement and looking to punish us. Please tell your church members that God is Love and not looking to punish us. Also , please tell them that there is no end of the world. No second coming of Jesus. No Judgement day. Please, please do so Pope.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക