
കൊച്ചി: തന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് അംബാനി പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനും ഒമ്പത് ക്ഷേത്രങ്ങളുടെ വികസനത്തിനുമായി സംഭാവനയായി നല്‍കിയത് 22.55 കോടി രൂപ.
വെള്ളിയാഴ്ച തന്റെ 31-ാം ജന്മദിനം ആഘോഷിച്ച അനന്ത് അംബാനി ഏപ്രില്‍ 7ന് ഗുരുവായൂര്‍ ക്ഷേത്രവും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന് 6 കോടി രൂപയും രാജരാജേശ്വര ക്ഷേത്രത്തിന് 12 കോടി രൂപയുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായാണ് 12കോടി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. കൂടാതെ, ഗുരുവായൂരിലെ ആനകളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അധികപിന്തുണയും അദ്ദേഹം ഉറപ്പുനല്‍കി.
ഇതിന് പുറമേ തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, തൃശൂര്‍ കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം, തിരൂര്‍ തൃപ്രങ്ങോട് ശിവക്ഷേത്രം, തിരൂര്‍ തൃക്കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം, ഗുരുവായൂരിനടുത്തുള്ള അരിയന്നൂര്‍ ഹരികന്യക ക്ഷേത്രം, മലപ്പുറം വള്ളിക്കുന്നിലെ നിറംകൈതക്കോട്ട ഭഗവതി ക്ഷേത്രം, പരപ്പനങ്ങാടി നെടുമ്പറമ്പ് ഭഗവതി ക്ഷേത്രം എന്നി ക്ഷേത്രങ്ങളുടെ നവീകരണത്തിനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 4.55 കോടി രൂപ അധികമായും നല്‍കി. ജ്യോതിഷി പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ ശുപാര്‍ശ പ്രകാരമാണ് ഈ സംഭാവനകള്‍ നല്‍കിയത്.