
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗമാകുമെന്ന് പ്രവചിച്ച് സിപി റാഷിദ് . മുൻപ് പല തിരഞ്ഞെടുപ്പുകളിലും യഥാര്‍ഥ ഫലത്തോട് ചേര്‍ന്നുനിന്ന പ്രവചനം നടത്തിയ വ്യക്തിയായതു കൊണ്ടുതന്നെ റാഷിദിന്റെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. 91 മുതല്‍ 102 സീറ്റ് വരെ യുഡിഎഫിന് കിട്ടിയേക്കുമെന്നാണ് റാഷിദിന്റെ പ്രവചനം.
യുഡിഎഫ് തരംഗമെന്ന് എന്തുകൊണ്ടാണ് താന്‍ പ്രവചിച്ചത് എന്ന് റാഷിദ് മനോരമ ന്യൂസിനോട് വിശദീകരിച്ചു
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സംഭവിച്ചു എന്നാണ് റാഷിദ് പറയുന്ന പ്രധാന ഘടകം. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇത്രയും വ്യാപകമായ രീതിയില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുന്നത് ആദ്യമാണ്. എന്നാല്‍ ന്യൂനപക്ഷം ഇടതുപക്ഷത്ത് നിന്ന് അകലുന്ന കാഴ്ചയാണ് ഇപ്പോള്‍ എന്നു റാഷിദ് പറയുന്നു.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയങ്ങളില്‍ ന്യൂനപക്ഷത്തിന് വലിയ നിരാശ തോന്നിയിട്ടുണ്ട് എന്നും റാഷിദ് പറയുന്നു. ശബരിമല പോലുള്ള വിഷയങ്ങളും ഇടതുപക്ഷത്തിന് തിരിച്ചടിയായി.
സര്‍ക്കാരിന്റെ നേട്ടം പറയുന്നതിന് പകരം മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാട്ടിയതും ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്നും റാഷിദ് പറയുന്നു.
ബിജെപിക്ക് തിരുവനന്തപുരത്തെ നേമം മണ്ഡലം കിട്ടാനാണ് സാധ്യത. മൂന്ന് സീറ്റുകളാണ് സാധ്യത കാണുന്നത്. എങ്കിലും നേമത്തിന് മാത്രമാണ് കൂടുതല്‍ സാധ്യത. അപ്പോഴും എസ്‌ഐആര്‍ ബിജെപിക്ക് തിരിച്ചടിയാകും. എ ക്ലാസ് മണ്ഡലങ്ങളില്‍ 20000ത്തിന് മുകളില്‍ വോട്ടുകള്‍ കട്ടായത് ബിജെപിക്ക് തിരിച്ചടിയാണ്. അതേസമയം യുഡിഎഫ് വോട്ട് ബാങ്ക് ആക്ടീവാകാന്‍ എസ്‌ഐആര്‍ ഗുണം ചെയ്തിട്ടുണ്ടെന്നും സിപി റാഷിദ് പറയുന്നു