Image

​കുംഭമേള താരം മോണാലിസയുടെ വിവാഹം: പോക്സോയ്ക്ക് പിന്നാലെ പട്ടികവർഗ പീഡനക്കുറ്റവും; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യം

Published on 11 April, 2026
​കുംഭമേള താരം മോണാലിസയുടെ വിവാഹം: പോക്സോയ്ക്ക് പിന്നാലെ പട്ടികവർഗ പീഡനക്കുറ്റവും; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വരൻ ഫർമാൻ ഖാനെതിരെ പോക്സോ നിയമത്തിന് പിന്നാലെ പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റവും ചുമത്തുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ കൂട്ടുനിന്നവരും കേസിൽ പ്രതികളാകും. സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വിവാഹത്തിന് കാർമികത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എസ് ടി കമ്മീഷൻ നിയമ ഉപദേശകൻ പ്രകാശ് ഉയ്ക്കെ രംഗത്തെത്തി.

​വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പോലീസ് നടപടികൾ ശക്തമാക്കിയത്. കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരം അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. എന്നാൽ, മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചത്. വിവാഹദിവസം പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് കമ്മീഷൻ കണ്ടെത്തി. വിഷയത്തിൽ വിശദീകരണം നൽകാൻ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

​അതേസമയം, വിവാഹം നടത്തിക്കൊടുക്കാൻ പാർട്ടി മുന്നിട്ടിറങ്ങിയിട്ടില്ലെന്ന് സിപിഎം നേതൃത്വം വിശദീകരിച്ചു. വിവാഹം നടക്കുന്ന വിവരം അറിഞ്ഞാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എ.എ. റഹീം എംപിയും ചടങ്ങിൽ പങ്കെടുത്തത്. വധൂവരന്മാർ നേരിട്ടാണ് ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചതെന്നും പ്രായം തെളിയിക്കുന്ന രേഖകൾ ഇവർ തമ്പാനൂർ പോലീസിനെ കാണിച്ചിരുന്നതായാണ് മനസ്സിലാക്കുന്നതെന്നും സിപിഎം വ്യക്തമാക്കി. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി, വി. ജോയ് എംഎൽഎ തുടങ്ങിയ പ്രമുഖ നേതാക്കളും സംബന്ധിച്ചിരുന്നു.

​വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന കണ്ടെത്തൽ കേസിൽ നിർണ്ണായകമാകും. കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയും ഫർമാൻ ഖാനും കേരളത്തിലെത്തി വിവാഹിതരായത് വലിയ വാർത്തയായിരുന്നു. എന്നാൽ പെൺകുട്ടി പ്രായപൂർത്തിയാകാത്ത ആളാണെന്ന ദേശീയ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവന്നതോടെ വിവാഹം വലിയ നിയമക്കുരുക്കിലേക്കാണ് നീങ്ങുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം കൂടി ചടങ്ങിൽ ഉണ്ടായതോടെ വിഷയം ദേശീയ തലത്തിൽ തന്നെ ചർച്ചയാവുകയാണ്.

Join WhatsApp News
സാധ്വി ഗോപാൽ 2026-04-11 14:27:32
ചായകുടിക്കുന്നവരെല്ലാം പശുക്കളെ കൊല്ലുന്നവർ ഹിന്ദുക്കൾ ചായകുടിക്കരുത്. അത് നമ്മുടെ സംസ്കാരത്തിന് എതിരാണ് - സാധ്വി ശ്രദ്ധ ഗോപാൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക