
കോട്ടയം: കേരളത്തെ നടുക്കിയ വിതുര പീഡനക്കേസിലെ ഒന്നാം പ്രതി കൊല്ലം സ്വദേശി സുരേഷിന് (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ-52) 37 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. വിതുര കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 24 കേസുകളിൽ ഒന്നാമത്തെ കേസിലാണ് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്. നേരത്തെ വിചാരണ പൂർത്തിയായ മറ്റൊരു കേസിൽ ജീവപര്യന്തം തടവ് ലഭിച്ച പ്രതി നിലവിൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്.
ഈ കേസടക്കം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്ന് കേസുകളിൽ സുരേഷ് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. അന്യായമായി തടഞ്ഞുവെച്ചതിനും പെൺകുട്ടിയെ വിൽപന നടത്തിയതിനും പ്രായപൂർത്തിയാകാത്ത കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിനും ഉൾപ്പെടെ വിവിധ വകുപ്പുകളിലായാണ് ശിക്ഷ. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. വിവിധ വകുപ്പുകളിലായി വിധിച്ച 14,000 രൂപ പിഴത്തുക ഇരയായ പെൺകുട്ടിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. മറ്റ് രണ്ട് കേസുകളിലെ ശിക്ഷാ വിധി ഈ മാസം 13-ന് പ്രഖ്യാപിക്കും.
ഇരയായ പെൺകുട്ടിക്കുള്ള നഷ്ടപരിഹാരത്തുക നിശ്ചയിക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു. നേരത്തെ ശിക്ഷ വിധിച്ച കേസിൽ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. നിലവിൽ സുരേഷിനെ കൂടാതെ ഉദയചന്ദ്രൻ, ചന്ദ്രൻ നായർ, ഒ.സി. കുട്ടൻ എന്നിവരാണ് കേസിൽ വിചാരണ നേരിടുന്നത്. മറ്റൊരു പ്രതിയായ ജി. മോഹനൻ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രാജഗോപാൽ പടിപ്പുരയ്ക്കൽ കോടതിയിൽ ഹാജരായി.
1995-ലാണ് വിതുര സ്വദേശിനിയായ പെൺകുട്ടിയെ അകന്ന ബന്ധുവായ യുവതി പ്രലോഭിപ്പിച്ച് വീട്ടിൽ നിന്നിറക്കി സുരേഷിന് കൈമാറുന്നത്. തുടർന്ന് 1996 ജൂലൈ വരെ എട്ടുമാസത്തോളം കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ നിരവധി പേർക്ക് കൈമാറി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷൻ കേസ്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസിലെ ഒന്നാം പ്രതിക്കെതിരെ നിർണ്ണായകമായ ശിക്ഷാവിധി വരുന്നത്.