
വാഷിംഗ്‌ടണിൽ 250 അടി ഉയരത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന വിജയ കമാനത്തിന്റെ (Triumphal arch) പുതിയ പ്ലാൻ ട്രംപ് ഭരണകൂടം വെള്ളിയാഴ്ച്ച പുറത്തു വിട്ടു. പോട്ടോമാക്ക് നദീ തീരത്തു ആർലിംഗ്ടൺ മെമ്മോറിയൽ ബ്രിഡ്‌ജിന്റെ ഒരറ്റത്തായി ഉയരുന്ന ആർച് എക്കാലവും തന്റെ ഓർമ നിലനിർത്തുമെന്നു പ്രസിഡന്റ് ട്രംപ് പ്രത്യാശിക്കുന്നു.
പ്ലാനിന്റെ രൂപരേഖ ട്രംപ് വേണ്ടപ്പെട്ടവരെ കുത്തി നിറച്ച കമ്മീഷൻ ഓഫ് ഫൈൻ ആർട്സിനു സമർപ്പിച്ചു. അടുത്തയാഴ്ച്ച അവർ അതു പരിഗണിക്കും.
വിർജിനിയയുടെ അതിർത്തിയോടു ചേർന്നു വാഷിംഗ്‌ടൺ റൗണ്ട്എബൗട്ടിൽ വരുന്ന ആർച് അമേരിക്കയുടെ 250ആം വാർഷികത്തിൽ തയാറാവണം എന്നാണ് ട്രംപിന്റെ ആഗ്രഹം. നദിക്കു കുറുകെ ലിങ്കൺ സ്‌മാരകം നിൽക്കുന്നു.
രണ്ടു കഴുകന്മാരും മുകളിൽ ചിറകു വിരിച്ച മാലാഖയും ആർച്ചിനു മുകളിൽ ഉണ്ടാവും. പാരിസിലെ ആർക്ക് ഡി ട്രയംഫെ മാതൃകയാണ്. “One Nation Under God” എന്ന വാക്കുകൾ കമാനത്തിനു മുകളിൽ ഒരു വശത്തു എഴുതിയിരിക്കും. മറ്റൊരു വശത്തു “Liberty and Justice for All” എന്ന ലിഖിതവും.
വാഷിംഗ്‌ടണിലെ ഹാരിസൺ ഡിസൈൻ എന്ന ആർക്കിടെക്ച്ചർ സ്ഥാപനമാണ് പ്ലാൻ തയാറാക്കിയത്. ഒക്ടോബറിൽ ആർച്ചിന്റെ ഡിസൈനും വൈറ്റ് ഹൗസിൽ $400 മില്യൺ ചെലവിട്ടു നിർമിക്കുന്ന ബോൾ റൂമിന്റെ ഡിസൈനും ട്രംപ് വൈറ്റ് ഹൗസിൽ ധനസമാഹരണ ഡിന്നറിൽ അതിഥികൾക്കു കാട്ടിക്കൊടുത്തു.
നേരത്തെ ഓവൽ ഓഫിസിൽ സ്വർണം പൂശിയ ട്രംപ് റോസ് ഗാർഡനിൽ പുല്ലു വച്ച് പിടിപ്പിച്ചു മോടി കൂട്ടുകയും ചെയ്തിരുന്നു.
നാഷണൽ ഗാർഡൻ ഓഫ് അമേരിക്കൻ ഹീറോസ് ആണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന പ്രോജക്റ്റ്. അവിടെ 250 ശിൽപങ്ങൾ സ്ഥാപിക്കും.
Trump unveils Washington arch plan