
ചിക്കമംഗളുരു: കർണാടകത്തിലെ ചിക്കമംഗളുരുവിൽ നാലു ദിവസം മുൻപ് കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ശ്രീനന്ദ കാൽ വഴുതി കൊക്കയിലേക്ക് വീഴാൻ സാധ‍്യതയില്ലെന്നും അപകടപ്പെടുത്തിയതാകാനാണ് സാധ‍്യതയെന്നുമാണ് കുട്ടിയുടെ വല‍്യച്ഛൻ ശശികുമാർ പറയുന്നത്.
കുട്ടിയെ കാണാതായ സമയത്ത് പൊലീസും മറ്റു അന്വേഷണ സംഘങ്ങളും മൃതദേഹം കണ്ടെത്തിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നുവെങ്കിലും ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അന്ന് അവിടെ കാണാത്ത മൃതദേഹം ഇപ്പോൾ ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന് ശശികുമാർ ആരോപിച്ചു.
കുട്ടിയെ കാണാതായത് വ‍്യൂ പോയിന്‍റിൽ നിന്നാണെന്നാണ് ശശികുമാർ പറയുന്നത്. അതേസമയം, ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം വെള്ളിയാഴ്ചയോടെതന്നെ നടത്തണമെന്ന് നിർദേശമുണ്ട്. പോസ്റ്റ്മോർട്ടത്തിന്‍റെ സമയം കഴിയുന്ന പക്ഷം പ്രത‍്യേക കേസായി പരിഗണിക്കണമെന്നും ചിക്കമംഗളുരു ജില്ലാ കലക്റ്റർ ഉദ‍്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പോസ്റ്റ്മോർട്ടം പൂർത്തിയാവുമ്പോൾ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബം വ‍്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തിന്‍റെ ആരോപണം തള്ളി കളയില്ലെന്നും എല്ലാ സാധ‍്യതകളും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.