
ന്യൂഡൽഹി: യുഎസ്-ഇറാന്‍ വെടിനിര്‍ത്തലിനിടെ ലെബനനെ ആക്രമിച്ച ഇസ്രയേലിനെ ‘കാന്‍സര്‍’ എന്നും ‘മനുഷ്യരാശിക്ക് ശാപം’ എന്നും വിശേഷിപ്പിച്ച് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇട്ട സാമൂഹിക മാധ്യമപോസ്റ്റിനെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഖ്വാജ ആസിഫ് വിവാദ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഗാസയ്ക്കും ഇറാനും പിന്നാലെ ലെബനനിലും ഇസ്രായേല്‍ വംശഹത്യ തുടരുകയാണെന്നും പലസ്തീന്‍ മണ്ണില്‍ ഈ കാന്‍സര്‍ രാജ്യം സ്ഥാപിച്ചവര്‍ നരകത്തില്‍ വെന്തുനീറട്ടെ എന്നും ഖ്വാജ ആസിഫ് എക്‌സില്‍ കുറിച്ചു.
”ഇസ്രയേല്‍ നിരപരാധികളായ പൗരന്മാരെ കൊന്നൊടുക്കുകയാണ്. ആദ്യം ഗാസ, പിന്നെ ഇറാന്‍, ഇപ്പോള്‍ ലെബനന്‍. രക്തച്ചൊരിച്ചില്‍ തടസ്സമില്ലാതെ തുടരുന്നു. ഈ ‘കാന്‍സര്‍ ബാധിച്ച രാജ്യം’ സൃഷ്ടിച്ചവര്‍ നരകത്തില്‍ പോകട്ടെ” എന്നാണ് ഖ്വാജ കുറിച്ചത്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് ഇതിനു ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരുന്നു . പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അങ്ങേയറ്റം അപലപനീയമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്നാലെ വിദേശകാര്യ മന്ത്രി ഗിദിയോണ്‍ സാറും ഖ്വാജ ആസിഫിന്റെ പ്രതികരണത്തിനെതിരെ രംഗത്തെത്തി. പാക് മന്ത്രിയുടെ പ്രസ്താവന പ്രകോപനപരവും വംശീയവുമാണെന്നും ഒരു സര്‍ക്കാരും ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇതോടെ ഖ്വാജ ആസിഫ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു .
ഇതേസമയം ഖ്വാജ ആസിഫ് പോസ്റ്റ് ഡിലീറ്റ് ചെയ്തത് പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ നിർബന്ധം മൂലമാണെന്നാണ് റിപ്പോർട്ടുകൾ.
പാക്കിസ്ഥാനിലെ സൈനിക- സിവിൽ ഭരണ നേതൃത്വങ്ങൾക്കിടയിൽ അകൽച്ച വർധിക്കുന്നതിന്റെ സൂചനയായാണ് ഇതിനെ ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾ നോക്കിക്കാണുന്നത്. പാക്കിസ്ഥാനിൽ ഉരുത്തിരിയുന്ന പുതിയ സംവവ വികാസങ്ങൾ നിലവിലെ യു.എസ്-ഇറാൻ വെടിനിർത്തൽ മധ്യസ്ഥതയിലെ
പാക്കിസ്ഥാന്റെ പങ്കിനെ ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. പാക്ക് പ്രതിരോധ മുന്തി ഖ്വാജ ആസിഫ് നടത്തിയ പ്രകോപനപരമായ പോസ്റ്റ് നിഷ്പക്ഷ രാജ്യമെന്ന വിശ്വാസ്യത പാക്കിസ്ഥാന് നഷ്ടപ്പെടുത്താൻ ഇടയാക്കിയേക്കും.
സ്വന്തം മന്ത്രിമാരെ നിയന്ത്രിക്കാൻ കഴിയാത്ത ഭരണസംവിധാനമാണ്. പാക്കിസ്ഥാനിലെന്ന് യുഎസ് വിലയിരുത്തിയേക്കാമെന്ന ഭീതി അസിം മുനീറിനുണ്ട്. അതിനാലാണ് പോസ്റ്റ് പെട്ടെന്ന് നീക്കാൻ ഖ്വാജ ആസിഫിന് നിര്ദേശം നൽകിയത്. വെടിനിർത്തൽ ചർച്ചകൾ നടക്കുന്ന സമയത്ത് ആസിഫിന്റെ പരാമർശങ്ങൾ ഇസ്രയേലിൽ നിന്നടക്കം രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായിരുന്നു. ഈ മധ്യസ്ഥത തകർന്നാൽ ഗൾഫിൽ വീണ്ടും ശത്രുത ഉണ്ടാകാനും ആഗോള എണ്ണ വില വർധിക്കാനും ഇടയാക്കും. അത് പാക്കിസ്ഥാന്റെ ഊർജ്ജസുരക്ഷയെയും ആഭ്യന്തര സുരക്ഷയെയും ബാധിക്കുമെന്നാണ് സൈനിക നേതൃത്വം ഭയക്കുന്നത്. നിലവിൽ ഏറെ അസ്വസ്ഥത നിലനിൽക്കുന്ന ബലൂച്, ഖൈബർ, പക്തൂൺഖ്വ മേഖലകളിൽ പാക്ക് വിരുദ്ധ സംഘങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുന്നതിന് അത് കാരണമാകും. ഇവർക്ക് ബഹുജന പിന്തുണ വർധിക്കുന്നത് പാക്കിസ്ഥാന് ഒട്ടും ഗുണം ചെയ്യില്ല.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരുണ്ടെങ്കിലും ആഭ്യന്തര സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിലും വിദേശ നയരൂപീകരണത്തിലും ഭരണകൂടത്തിനേക്കാൾ പാക് സൈന്യത്തിനാണ് നിയന്ത്രണം കൂടുതൽ. ഇത് തെളിയിക്കുന്നതാണ് ഖാജ ആസിഫിന്റെ എക്സ് പോസ്റ്റ് പെട്ടെന്ന് നീക്കം ചെയ്ത സംഭവം.