Image

സുധാകരന്‍ കമ്യൂണിസ്റ്റ് വിരുദ്ധൻ, കടുകുമണി സ്‌നേഹം പോലും പാര്‍ട്ടിയോടില്ല: തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ ചതിച്ചു; വോട്ടെടുപ്പിന് പിന്നാലെ പൊട്ടിത്തെറിച്ച് സജി ചെറിയാന്‍

Published on 10 April, 2026
സുധാകരന്‍ കമ്യൂണിസ്റ്റ് വിരുദ്ധൻ, കടുകുമണി സ്‌നേഹം പോലും പാര്‍ട്ടിയോടില്ല: തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ ചതിച്ചു; വോട്ടെടുപ്പിന് പിന്നാലെ പൊട്ടിത്തെറിച്ച് സജി ചെറിയാന്‍

സിപിഎം വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ജി സുധാകരനെതിരെ വോട്ടെടുപ്പിന്റെ പിറ്റേദിവസം രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. പ്രസ്ഥാനം വിട്ടു പോയ പ്രമുഖരുടെ ഉള്ളില്‍ കമ്യൂണിസം ഉണ്ടായിരുന്നെന്നും എന്നാല്‍ സുധാകരന്‍ അങ്ങനെയല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. സുധാകരന്‍ കമ്യൂണിസ്റ്റ് വിരുദ്ധനാണെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. പാര്‍ട്ടിയെ തിരഞ്ഞെടുപ്പ് കാലത്ത് ജി സുധാകരന്‍ ചതിച്ചു. ഒന്നര വര്‍ഷം മുമ്പ് കെ.സി. വേണുഗോപാലുമായി കരാര്‍ ഉണ്ടാക്കിയെന്ന ആരോപണവും സജി ചെറിയാന്‍ നടത്തി.

സീറ്റില്ലെന്ന് അറിഞ്ഞപ്പോള്‍ 24 മണിക്കൂര്‍ കൊണ്ട് സുധാകരന്‍ വലതുപക്ഷമായെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി. സുധാകരന്‍ എംഎല്‍എ പെന്‍ഷന്‍ വാങ്ങുന്നത് പാര്‍ട്ടിയില്‍ നിന്ന് നേടിയെടുത്ത ആനുകൂല്യമല്ലേയെന്നും സജി ചെറിയാന്‍ ചോദിച്ചു. സുധാകരന്‍ ചെയ്തതിനും പറഞ്ഞതിനുമൊക്കെ അനുഭവിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഒരിക്കലും ചെയ്യരുതാത്ത വഞ്ചനയും ചതിയും സുധാകരന്‍ കാട്ടി. അതിനെല്ലാം അനുഭവിക്കാതെ ഈ ലോകത്തുനിന്ന് പോകില്ല. ഈ മനുഷ്യനെ സ്വന്തം കുടുംബാംഗങ്ങള്‍ വിശ്വസിക്കുമോ? കടുകുമണി സ്‌നേഹം പോലും പാര്‍ട്ടിയോടില്ല. ഞാന്‍ മാഫിയ ആണെന്നാണു സുധാകരന്‍ പറയുന്നത്. കേരളത്തില്‍ ഒരാളും എന്നെ കുറിച്ച് അങ്ങനെ പറയില്ല. അഞ്ച് രൂപ കിട്ടിയാല്‍ സുധാകരന്‍ അത് പോക്കറ്റില്‍ ഇട്ടു കൊണ്ട് പോകും. സജി ചെറിയാന്‍ അങ്ങനെയല്ല. സുധാകരന്റെ ആസ്തിയുടെ 25ല്‍ ഒന്ന് ഒരു എംഎല്‍എയ്ക്കുമില്ല. ലോണ്‍ എടുത്താണ് എച്ച്.സലാം വീട് പണിതത്. ജില്ലാ സെക്രട്ടറിയുടെ പോലും ജാതി പറഞ്ഞാണ് സുധാകരന്‍ സംസാരിക്കുന്നത്. നാസര്‍ ഈഴവന്‍ ആണെന്ന് പറഞ്ഞു. ഈഴവന് സീറ്റ് കൊടുത്തില്ല എന്ന ചര്‍ച്ച ഉയര്‍ത്താന്‍ ആണ് ഈ നാറിയ വര്‍ത്തമാനം പറഞ്ഞത്. ഞങ്ങളുടെ എംഎല്‍എ മാരില്‍ ആരാണ് കോടീശ്വരന്മാര്‍? സുധാകരന്റെ ബാങ്ക് ബാലന്‍സ് പരിശോധിക്കണം”.

സുജാതയെ അപമാനിച്ച സുധാകരന്റെ 5000 വോട്ട് പോകുമെന്നും സജി ചെറിയാന്‍ പറഞ്ഞു. ഉപയോഗിച്ച് കഴിഞ്ഞ് കോണ്‍ഗ്രസുകാര്‍ സുധാകരനെ വലിച്ചെറിയും പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ വരരുതെന്നും കെ.സി. വേണുഗോപാലിനും ചെന്നിത്തലക്കും വി.ഡി. സതീശനും ഇല്ലാത്ത ആവേശം സുധാകരന് വേണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു. 

സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാല്‍ ആലപ്പുഴ കടലില്‍ ചാടി ചാകുമെന്നും ആറുമാസം കൊണ്ട് കെ.സി. വേണുഗോപാല്‍ ഇത് മനസിലാക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക