Image

ഇറാൻ യുദ്ധനയത്തെ വിമർശിച്ച വലതുപക്ഷ മാധ്യമപ്രവർത്തകരെതിരെ ട്രംപിന്റെ കടുത്ത വിമർശനം; ‘മാഗ’ അടിത്തറയിൽ ഭിന്നത തെളിഞ്ഞു

Published on 10 April, 2026
ഇറാൻ യുദ്ധനയത്തെ വിമർശിച്ച വലതുപക്ഷ മാധ്യമപ്രവർത്തകരെതിരെ ട്രംപിന്റെ കടുത്ത വിമർശനം; ‘മാഗ’ അടിത്തറയിൽ ഭിന്നത തെളിഞ്ഞു

ഇറാനെതിരെ അമേരിക്ക നടത്തിയ സൈനിക നടപടികളെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിൽ, ചില വലതുപക്ഷ മാധ്യമപ്രവർത്തകരെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കടുത്ത വിമർശനവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ്  ടക്കർ  കാൾസൺ, മേഗിൻ കെല്ലി, കാൻഡെസ് ഓവൻസ്, അലക്സ് ജോൺസ് എന്നിവരെ 'പ്രശ്നക്കാരും പ്രചാരണലാഭത്തിനായി പ്രവർത്തിക്കുന്നവരുമാണ്' എന്ന് വിശേഷിപ്പിച്ചാണ് ട്രംപ് പ്രതികരിച്ചത്.
 

ഇറാൻ ആണവായുധം നേടുന്നതിനെ ഇവർ പരോക്ഷമായി പിന്തുണയ്ക്കുന്നുവെന്നാരോപിച്ച ട്രംപ്, വ്യക്തിപരമായ വിമർശനങ്ങളും ഉന്നയിച്ചു. 2016ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മേഗിൻ കെല്ലി ചോദിച്ച 'കടുത്ത ചോദ്യങ്ങൾ' വീണ്ടും പരാമർശിച്ച അദ്ദേഹം, ടക്കർ കാൾസന്റെ വിദ്യാഭ്യാസ പശ്ചാത്തലത്തെയും കാൻഡസ് ഓവൻസിന്റെ സമീപകാല വിവാദങ്ങളെയും പരിഹസിക്കുകയും ചെയ്തു. സാൻഡി ഹുക്  എലമെന്ററി സ്‌കൂൾ ഷൂട്ടിംഗ് കേസുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ അലക്സ് ജോൺസ് കുറ്റവാളിയായത്  അർഹിച്ചതാണ് എന്നും ട്രംപ് പറഞ്ഞു.ഇവർ 'മാഗ' പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ നിന്ന് മാറിനിൽക്കുകയാണെന്നും, സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ഇറാനെതിരായ അമേരിക്കൻ സൈനിക നടപടി 'ഓപ്പറേഷൻ എപിക് ഫ്യൂറി' പൂർണവിജയമായിരുന്നു എന്ന നിലപാടിലാണ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഉറച്ചു നിൽക്കുന്നത്. എന്നാൽ ഈ നടപടി “അമേരിക്ക ഫസ്റ്റ്” വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണെന്നും, ഇസ്രായേലിന്റെ സമ്മർദമാണ് യുദ്ധനടപടികൾക്ക് പിന്നിലെന്നും ആരോപിച്ച് ചില വലതുപക്ഷ മാധ്യമപ്രവർത്തകർ വിമർശനം ഉയർത്തിയിരുന്നു. ഇതാണ് ഇപ്പോഴത്തെ തുറന്ന ഭിന്നതയ്ക്ക് കാരണമായത്.

ട്രംപിന്റെ പ്രസ്താവനകൾക്ക് മറുപടിയായി കാൻഡസ് ഓവൻസ് പരിഹാസരൂപത്തിലുള്ള പ്രതികരണം നടത്തിയപ്പോൾ, അലക്സ് ജോൺസ് ഇത് ട്രംപിന്റെ രാഷ്ട്രീയ നിലനില്പിനുള്ള പോരാട്ടം എന്നാണ് വിശേഷിപ്പിച്ചത്.

 ഇതിനിടെ ഇറാനുമായി ബന്ധപ്പെട്ട ചർച്ചകളെക്കുറിച്ച് തെറ്റായ '10-പോയിന്റ് പദ്ധതി' പ്രചരിപ്പിച്ചതായി ആരോപിച്ച്  ദി ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ എന്നീ മാധ്യമങ്ങളെയും ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക