Image

വീട്ടിനുള്ളിൽ നോട്ടുകെട്ടുകൾ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ; ജസ്റ്റിസ് യശ്വന്ത് വർമ രാജിവച്ചു

Published on 10 April, 2026
വീട്ടിനുള്ളിൽ  നോട്ടുകെട്ടുകൾ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ; ജസ്റ്റിസ് യശ്വന്ത് വർമ രാജിവച്ചു

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ രാജിവെച്ചു. പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നടപടികള്‍ ഊര്‍ജിതമാകുന്നതിനിടെയാണ് യശ്വന്ത് വര്‍മ്മ രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചത്. 140ലധികം ലോക്സഭാ അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയം ഇദ്ദേഹത്തിനെതിരെ പരിഗണനയിലായിരുന്നു.

ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വീട്ടില്‍ നിന്നാണ് കെട്ടുകണക്കിന് പണം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് മുന്നോടിയായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അന്വേഷണ സമിതിയെ നിയമിച്ചിരുന്നു.

ഡല്‍ഹിയിലെ ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ വസതിയിലെ സ്റ്റോര്‍ റൂമില്‍ നിന്ന് വലിയ തോതില്‍ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംഭവം വിവാദമായതോടെ അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും യശ്വന്ത് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

എന്നാല്‍ പണം കണ്ടെടുത്ത സമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും, ആരോപിക്കപ്പെടുന്ന പണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ പ്രതികരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക