
മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അർഹതയുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മുൻപ് സി.എച്ച്. മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നഹയും ഈ പദവികൾ വഹിച്ചിട്ടുണ്ടെന്നും പാർട്ടിക്ക് അർഹതപ്പെട്ട സ്ഥാനമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിന്റെ പേരിൽ അനാവശ്യ ചർച്ചകൾക്കോ വിവാദങ്ങൾക്കോ ലീഗ് താല്പര്യപ്പെടുന്നില്ലെന്നും പാണക്കാട് തങ്ങൾ മലപ്പുറത്ത് വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിന് ജനങ്ങൾ വിശ്വസിക്കുന്നത് യുഡിഎഫിനെയാണെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു. മതം പറഞ്ഞ് വോട്ട് വാങ്ങുന്ന രീതി ലീഗിനില്ലെന്നും അത് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എവിടെയെങ്കിലും അത്തരത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഗൗരവമായി അന്വേഷിക്കുമെന്നും ന്യൂനപക്ഷ താല്പര്യങ്ങൾ സംരക്ഷിക്കാൻ യുഡിഎഫ് ശക്തമായി നിലകൊള്ളുമെന്നും തങ്ങൾ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 ലേറെ സീറ്റുകൾ നേടുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. 100 പ്ലസ് സീറ്റുകൾ ലഭിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അതിശയോക്തിയല്ലെന്നും വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ആത്മവിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് മത്സരിച്ച പുനലൂർ, ചേലക്കര മണ്ഡലങ്ങളിൽ പോലും ഇത്തവണ ശക്തമായ യുഡിഎഫ് തരംഗമാണ് ദൃശ്യമായതെന്നും കുഞ്ഞാലിക്കുട്ടി വിലയിരുത്തി.
മുഖ്യമന്ത്രി ആരാകണമെന്നത് കോൺഗ്രസിന്റെ തീരുമാനമാണെന്നും അതിനെ ലീഗ് പിന്തുണയ്ക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന ഒരു നിലപാടും ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് വിവാദങ്ങൾക്കോ മോശമായ സാഹചര്യങ്ങൾക്കോ പാർട്ടി നിൽക്കില്ലെന്ന് പാണക്കാട് സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയതാണെന്നും കുഞ്ഞാലിക്കുട്ടി ഓർമ്മിപ്പിച്ചു. മുന്നണി സംവിധാനത്തിന്റെ കെട്ടുറപ്പിനാണ് ലീഗ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.