Image

എപ്‌സ്റ്റീന്റെ ഇരയല്ല താനെന്നു മെലാനിയ ട്രംപ്; പ്രസ്താവന അമ്പരപ്പുളവാക്കി (പിപിഎം)

Published on 10 April, 2026
 എപ്‌സ്റ്റീന്റെ ഇരയല്ല താനെന്നു മെലാനിയ ട്രംപ്; പ്രസ്താവന അമ്പരപ്പുളവാക്കി (പിപിഎം)

ലൈംഗിക കുറ്റവാളി ജെഫ്‌റി എപ്‌സ്റ്റീന്റെ ഇരയല്ല താനെന്ന പ്രഥമ വനിത മെലാനിയ ട്രംപിന്റെ പെട്ടെന്നുള്ള പ്രസ്താവന അമ്പരപ്പുളവാക്കി. പ്രസിഡന്റ് ട്രംപ് ആഗ്രഹിച്ച പോലെ എപ്‌സ്റ്റീനിൽ നിന്നു ജനശ്രദ്ധ ഏറെക്കുറെ മാഞ്ഞു പോയ നേരത്താണ് മെലാനിയ വൈറ്റ് ഹൗസിൽ നിന്നു വ്യാഴാഴ്ച്ച ഈ പ്രസ്താവന നൽകിയത്.  

ജയിലിൽ കിടന്നു മരിച്ച എപ്‌സ്റ്റീന്റെ സഹായികളെ തുറന്നു കാട്ടാൻ പൊതു വിചാരണകൾ നടത്തണമെന്നു അവർ യുഎസ് കോൺഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തു.

"ഞാൻ എപ്‌സ്റ്റീന്റെ ഇരയല്ല, അയാൾ എന്നെ ഡോണൾഡ്‌ ട്രംപിനു പരിചയപ്പെടുത്തി എന്നു പറയുന്നത് വാസ്തവമല്ല," മെലാനിയ പറഞ്ഞു. കിഴക്കൻ യൂറോപ്പിൽ സ്ലൊവേനിയയിൽ ജനിച്ച മെലാനിയ യുഎസിൽ എത്തി ന്യൂ യോർക്കിൽ ഫാഷൻ മോഡലായി ജോലി ചെയ്യുമ്പോഴാണ് ട്രംപിനെ പരിചയപ്പെടുന്നത്.

ട്രംപ് ആഗ്രഹിക്കാത്ത സമയത്തു മെലാനിയ ഈ പ്രസ്താവന നടത്തിയതെന്തു കൊണ്ടെന്ന ചോദ്യം ഉയരുന്നതിനിടയിൽ, അവർ എപ്‌സ്റ്റീനുമായി ബന്ധപ്പെടുത്തുന്ന നുണകൾ കേട്ടു മടുത്തെന്നു സീനിയർ അഡ്വൈസർ മാർക്ക് ബെക്ക്മാൻ പറഞ്ഞു. "ആ നുണകൾ അവസാനിക്കണം. പ്രഥമ വനിത എന്ന നിലയ്ക്ക് അവരുടെ അവിശ്വസനീയമായ നേട്ടങ്ങൾ ജനങ്ങളും മാധ്യമങ്ങളും ശ്രദ്ധിക്കണം. എത്രയോ ജീവിതങ്ങൾക്ക് അവർ വെളിച്ചമായി, നമ്മുടെ രാജ്യത്തിനു വേണ്ടി അവർ എന്തെല്ലാം ചെയ്യുന്നു."

മെലാനിയയെ എപ്‌സ്റ്റീനുമായി ബന്ധപ്പെടുത്തുന്ന പുതിയൊരു വാർത്ത വരുന്നുണ്ട് എന്ന ഊഹാപോഹം അതിനിടെ പ്രചരിച്ചിട്ടുണ്ട്. അതു പ്രതീക്ഷിച്ചു മുൻ‌കൂർ ജാമ്യം എടുത്തതാണോ എന്ന ചോദ്യം ഉയർന്നിട്ടുമുണ്ട്. ട്രംപും മെലാനിയുമായി എപ്‌സ്റ്റീന് ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചു മാധ്യമങ്ങൾ അന്വേഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

1990-2000 കാലഘട്ടത്തിൽ നിന്നുള്ള ഒട്ടേറെ ഫോട്ടോകളിൽ ഇരുവരും എപ്‌സ്റ്റീന്റെയും ഇപ്പോൾ ജയിലിലുള്ള അയാളുടെ ഗേൾ ഫ്രണ്ട് ഗിസ്ലെയ്ൻ മാക്സ്വെല്ലിന്റെയും കൂടെ നിൽക്കുന്നതു കാണാം. പാർട്ടികളിൽ നിന്നെടുത്ത ചിത്രങ്ങളാണ് അവ. അതിലൊന്ന് ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ എടുത്തതുമാണ്.

എപ്‌സ്റ്റീൻ ഉൾപ്പെട്ട 'സോഷ്യൽ സർക്കിളിൽ' താനും ഉണ്ടായിരുന്നുവെന്നു മെലാനിയ വ്യാഴാഴ്ച്ച സമ്മതിച്ചു. എന്നാൽ അയാളുടെ ലൈംഗിക കുറ്റങ്ങളെ കുറിച്ച് അറിഞ്ഞിരുന്നില്ല.

ഒന്നും അറിഞ്ഞില്ലെന്നു ട്രംപ് 

മെലാനിയ ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നതു വരെ അവർ പ്രസ്താവന നടത്താൻ പോകുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നു ട്രംപ് വ്യാഴാഴ്ച്ച എംഎസ് നൗ  ടെലിവിഷനോടു പറഞ്ഞു. എന്നാൽ വൈറ്റ് ഹൗസ് ഈസ്റ്റ് വിങ് 24 മണിക്കൂറിനു മുൻപ് ബുധനാഴ്ച്ച പരിപാടി പ്രഖ്യാപിച്ചിരുന്നു. "വമ്പൻ പ്രസ്താവനയാണ് വരുന്നത്" എന്ന് അഡ്വൈസർ ബെക്ക്മാൻ പറഞ്ഞിരുന്നു താനും.  

എഴുത്തുകാരൻ മൈക്കൽ വുൾഫ് ആണ് ട്രംപിനു മെലാനിയയെ പരിചയപ്പെടുത്തിയത് എപ്‌സ്റ്റീൻ ആണെന്ന് ആദ്യം പറഞ്ഞത്. അതിന്റെ പോഡ്‌കാസ്റ് പുറത്തു വിട്ട 'ദ ബീസ്റ്റി'ൽ നിന്നു മാപ്പെഴുതി വാങ്ങിയ മെലാനിയക്കെതിരെ വുൾഫ് കേസ് കൊടുത്തിരുന്നു. വിചാരണ അടുത്തു വരികയാണ്.

ഏപ്രിലിൽ ചാൾസ് മൂന്നാമൻ രാജാവ് യുഎസിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ ആൻഡ്രൂ ഉൾപ്പെട്ട എപ്‌സ്റ്റീൻ കേസ് ഉന്നയിക്കുമെന്നു ഡെമോക്രാറ്റ് റെപ്. റോ ഖന്ന പറഞ്ഞിട്ടുണ്ട്. എപ്‌സ്റ്റീന്റെ ഇരകളെ കാണാൻ ഖന്ന ചാൾസിനെ ക്ഷണിച്ചിട്ടുണ്ട്.

Melania denies Epstein links, stunning many

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക