Image

'നുണയന്മാരും ചതിയന്മാരുമായ' പാക്കിസ്ഥാനെ കൊണ്ട് എന്തു സമാധാനമാണ് ട്രംപ് പ്രതീക്ഷിക്കുന്നത് (പിപിഎം)

Published on 10 April, 2026
 'നുണയന്മാരും ചതിയന്മാരുമായ' പാക്കിസ്ഥാനെ കൊണ്ട് എന്തു സമാധാനമാണ് ട്രംപ് പ്രതീക്ഷിക്കുന്നത് (പിപിഎം)

പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് തന്റെ ആദ്യ ഭരണകാലത്തു പാക്കിസ്ഥാൻ നേതൃത്വത്തെ വിശേഷിപ്പിച്ചത് 'നുണയന്മാരും ചതിയന്മാരും' എന്നാണ്. ഇപ്പോൾ പക്ഷെ മിഡിൽ ഈസ്റ്റ് യുദ്ധം തീർക്കാനുള്ള ശ്രമങ്ങൾ നടത്താൻ ട്രംപ് അവരെ ചുമതലപ്പെടുത്തിയിരിക്കുന്നു.

യുഎസ് നിരീക്ഷകർ അമ്പരപ്പിണ്. 'ന്യൂ യോർക്ക് പോസ്റ്റ്' ചൂണ്ടിക്കാട്ടുന്നതു പോലെ, 9/11 കൂട്ടക്കൊലകൾക്കു ശേഷം ഒസാമ ബിൻ ലാദൻ ഒരു പതിറ്റാണ്ടോളം മറഞ്ഞിരിക്കാൻ അഭയം നേടിയത് പാക്കിസ്ഥാനിലാണ്. താലിബാൻ ഭീകരർ 20 വർഷം വളർന്നത് പാക്കിസ്ഥാനിലാണ്. നൂറു കണക്കിനു യുഎസ്, നേറ്റോ സൈനികരെ അവർ കൊന്നൊടുക്കി.  

അങ്ങിനെ ഭീകരതയുടെ വിളനിലമായ രാജ്യത്തിന്റെ മറ്റൊരു വേഷം ചൈനയുടെ ഏജന്റാണ് എന്നതുമാണ്. എങ്ങിനെയാണ് ഇത്തരമൊരു മധ്യസ്ഥനെ ട്രംപിനു വിശ്വസിക്കാൻ കഴിയുക?

ശനിയാഴ്ച്ച രാവിലെ ഇസ്ലാമാബാദിൽ ആരംഭിക്കുന്ന യുഎസ്-ഇറാൻ ചർച്ചകളിൽ അടിസ്ഥാനമാവുന്ന 10 ആവശ്യങ്ങൾ ഇറാൻ സമർപ്പിച്ചത് പാക്കിസ്ഥാൻ വഴിയാണ്. യുഎസിനു ആവേശം പകരുന്ന നിർദേശങ്ങളൊന്നും അവയിൽ ഇല്ല. മിസൈൽ പദ്ധതി അവസാനിപ്പിക്കാമെന്ന വാഗ്ദാനം ഇല്ല, മേഖലയിൽ ഭീകരത അഴിച്ചു വിടുന്ന പ്രോക്‌സികളെ നിലയ്ക്കു നിർത്താമെന്ന വാഗ്‌ദാനവുമില്ല. അവരെ നിരായുധരാക്കാമെന്നും ഇറാൻ ഉറപ്പു പറയുന്നില്ല.

ഇറാൻ ആവശ്യപ്പെടുകയാണ് അവരുടെ മേലുള്ള ഉപരോധങ്ങൾ നീക്കം ചെയ്യണമെന്ന്. അതുണ്ടായാൽ ബില്യൺ കണക്കിനു ഡോളറുകൾ അവർക്കു തിരിച്ചു കിട്ടും. യുറേനിയം സമ്പുഷ്ടമാക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാൻ പാടില്ലെന്ന വ്യവസ്ഥയും അവർ മുന്നോട്ടു വയ്ക്കുന്നു. അപ്പോൾ അവർക്കു അണ്വായുധം നിഷേധിക്കാൻ എന്താണ് നടപടി?

സമാധാന പ്രേമമൊന്നും ഇല്ല

പാക്കിസ്ഥാൻ സമാധാന പ്രേമിയാണെന്നു ആർക്കും തെറ്റിധാരണയില്ല. പക്ഷെ ഇറാനുമായി ആയിരക്കണക്കിനു മൈലുകൾ നീളുന്ന അതിർത്തി പങ്കിടുന്ന രാജ്യത്തിന് അയല്പക്കത്തു സമാധാനം ഉണ്ടാവുന്നതിൽ താല്പര്യമുണ്ട്. കാരണം, നിരവധി കലാപ കനലുകൾ കത്തുന്ന ആ അതിർത്തി മേഖലയിൽ സമാധാനം ഉണ്ടായില്ലെങ്കിൽ ഇപ്പോൾ തന്നെ കലുഷിതമായ പാക്കിസ്ഥാനു പുതിയ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും.  

സത്യസന്ധത തരിമ്പും ഇല്ലാത്ത മധ്യസ്ഥത ആണെങ്കിലും ട്രംപ് പാക്കിസ്ഥാനെ വിശ്വസിക്കുന്നു. നൊബേൽ സമാധാന സമ്മാനത്തിനു അദ്ദേഹത്തെ നോമിനേറ്റ് ചെയ്‌തു ഫീൽഡ് മാർഷൽ അസിം മുനീർ സമ്പാദിച്ച പ്രീതിയാവാം അത്.

അഫ്‌ഗാനിസ്ഥാനിൽ നിന്നു യുഎസ് സേന പിന്മാറുമ്പോൾ ആബി ഗേറ്റിൽ 13 സൈനികർ വധിക്കപ്പെട്ട ആക്രമണത്തിൽ ഉൾപ്പെട്ട ഒരാളെ യുഎസിനു കഴിഞ്ഞ വർഷം കൈമാറിയതും പാക്കിസ്ഥാനെ പരിഗണിക്കാൻ കാരണമാവാം.

ഗാസയുടെ പുനര്നിര്മാണത്തിന് എന്ന പേരിൽ ട്രംപ് സംഘടിപ്പിച്ച ബോർഡ് ഓഫ് പീസിൽ പാക്കിസ്ഥാൻ ഇടം നേടിയിട്ടുണ്ട്. $33 ബില്യൺ യുഎസ് സഹായം ലഭിച്ചിട്ടും നുണയും ചതിയും മാത്രം തിരിച്ചു നൽകിയ രാജ്യമെന്നു 2018ൽ ട്രംപ് വിളിച്ച അതേ പാക്കിസ്ഥാൻ തന്നെ ഇതും. അഫ്‌ഗാനിസ്ഥാനിൽ യുഎസ് തേടുന്ന ഭീകരർക്ക് പാക്കിസ്ഥാൻ ഒളിവിടം ഒരുക്കുന്നുവെന്നും ട്രംപ് അന്നു പറഞ്ഞിരുന്നു.

ഗൾഫ് ബന്ധവും പ്രധാനം

പാക്കിസ്ഥാന്റെ എണ്ണ ഇറക്കുമതി മുഴുവൻ ഗൾഫിൽ നിന്നാണ്. ഹോർമുസ് തുറന്നു കിട്ടിയില്ലെങ്കിൽ പാക്കിസ്ഥാന് എണ്ണ കിട്ടാതെ വട്ടം ചുറ്റേണ്ടി വരും.

സൗദി അറേബ്യയുമായുള്ള പാക്കിസ്ഥാന്റെ പ്രതിരോധ ബന്ധവും പ്രസക്തമാണ്. ഇറാൻ നിരന്തരം സൗദിയെ ആക്രമിച്ചു കൊണ്ടിരിക്കുന്നത് അവർക്കു വലിയ പ്രശ്നമാണ്.

ഇറാൻ കഴിഞ്ഞാൽ ഏറ്റവുമധികം ഷിയകളുള്ള പാക്കിസ്ഥാനിൽ ആയത്തൊള്ള അലി ഖമേനായിയുടെ വധത്തെ തുടർന്നുണ്ടായ പൊട്ടിത്തെറികൾ ആവർത്തിച്ചു കൊണ്ടിരുന്നാൽ അതൊരു വലിയ പ്രശ്നമാവും എന്നതാണ് മറ്റൊരു കാര്യം.

പാക്ക് മധ്യസ്ഥ ശ്രമങ്ങളെ ചൈന സ്വാഗതം ചെയ്തിട്ടുണ്ട്. അവരുടെ താല്പര്യങ്ങൾ രഹസ്യമൊന്നുമല്ല.

Pakistan a dishonest broker 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക