
തിരുവനന്തപുരം: കേരളം നാളെ പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് .
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ആകെ 2,71,42,952 വോട്ടർമാരാണുള്ളത്. ഇതിൽ 1,39,21,868 പേരും സ്ത്രീകളാണ്. പുരുഷ വോട്ടർമാരുടെ എണ്ണം 1,32,20,811. 271 ട്രാൻസ്ജെൻഡർ വോട്ടർമാരും പട്ടികയിലുണ്ട്. നിലവിലെ വോട്ടർപട്ടിക അനുസരിച്ച് പുരുഷന്മാരേക്കാൾ 7,01,057 അധികം സ്ത്രീ വോര്‍ട്ടര്‍മാരാണുള്ളത്. ഇവരുടെ നിലപാട് തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന് പറയാം.
സംസ്ഥാനത്താകെ 30,495 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിൽ 24 അനുബന്ധ പോളിങ് സ്റ്റേഷനുകൾ കൂടി അധികമായി ഒരുക്കിയിട്ടുണ്ട്. 352 ബൂത്തുകൾ പൂർണ്ണമായും വനിതകളും 37 ബൂത്തുകൾ ഭിന്നശേഷിക്കാരും നിയന്ത്രിക്കും. ക്രമസമാധാന പാലനത്തിനായി 76,000 പോലീസ്-കേന്ദ്ര സേനാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
തിരഞ്ഞെടുപ്പ് ഷെഡ്യൂൾ, വോട്ടിങ് രീതി, ഫലം എന്നിവയെക്കുറിച്ചുള്ള പൂർണമായ വിവരങ്ങൾ :.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്.
വോട്ടെടുപ്പ് തീയതി: ഏപ്രിൽ 9
സമയം: രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ. (വൈകിട്ട് 6 മണിക്ക് മുമ്പായി വരിയിൽ നിൽക്കുന്ന വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ അനുവാദമുണ്ടാകും.)
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135ബി പ്രകാരം, എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടുകൂടിയ അവധി നൽകേണ്ടതാണ്. ദിവസവേതനക്കാർക്കും താൽക്കാലിക ജീവനക്കാർക്കും ഇത് ബാധകമാണ്. ഈ നിയമം ലംഘിക്കുന്ന തൊഴിലുടമകൾ പിഴ നേരിടേണ്ടി വരും.
വോട്ട് ചെയ്യാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
1. വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കുക
വോട്ട് ചെയ്യാൻ പോകുന്നതിന് മുമ്പ് കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്‌സൈറ്റിലോ നാഷണൽ വോട്ടേഴ്‌സ് സർവീസ് പോർട്ടലിലോ നിങ്ങളുടെ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ വോട്ടർ ഐഡി (EPIC) നമ്പർ ഉപയോഗിച്ച് ബൂത്ത് വിവരങ്ങൾ കണ്ടെത്താം.
2. പോളിങ് ബൂത്ത് കണ്ടെത്തുക
സാധാരണയായി വീടിനടുത്തുള്ള സ്കൂളുകളോ സർക്കാർ കെട്ടിടങ്ങളോ ആയിരിക്കും പോളിങ് ബൂത്തുകൾ. വോട്ടർ ഇൻഫർമേഷൻ സ്ലിപ്പിലോ Voter Helpline App വഴിയോ നിങ്ങളുടെ ബൂത്ത് കൃത്യമായി മനസ്സിലാക്കാം.
3. തിരിച്ചറിയൽ രേഖ കരുതുക
വോട്ട് ചെയ്യാൻ വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് മാത്രം മതിയാകില്ല. താഴെ പറയുന്ന ഏതെങ്കിലും ഒരു രേഖ കരുതേണ്ടതാണ്:
പോളിങ് സ്റ്റേഷനിൽ ചെയ്യേണ്ട കാര്യങ്ങൾ
ഒന്നാം പോളിങ് ഓഫീസർ: നിങ്ങളുടെ പേരും തിരിച്ചറിയൽ രേഖയും പരിശോധിക്കുന്നു.
രണ്ടാം പോളിങ് ഓഫീസർ: നിങ്ങളുടെ വിരലിൽ മഷി പുരട്ടുകയും രജിസ്റ്ററിൽ ഒപ്പ്/വിരലടയാളം വാങ്ങുകയും ചെയ്യുന്നു.
മൂന്നാം പോളിങ് ഓഫീസർ: വോട്ടിങ് മെഷീൻ സജ്ജമാക്കുന്നു.
വോട്ടിങ് കംപാർട്ട്‌മെന്റിനുള്ളിൽ കയറി നിങ്ങൾ ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടൺ അമർത്തുക. മെഷീനിൽ നിന്നുള്ള ബീപ്പ് ശബ്ദം വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു. വിവിപാറ്റ് മെഷീനിലെ സ്ലിപ്പിലൂടെ നിങ്ങൾ ആർക്കാണോ വോട്ട് ചെയ്തത് എന്ന് 7 സെക്കൻഡ് നേരത്തേക്ക് കാണാൻ സാധിക്കും.
85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കും തപാൽ വോട്ട് വഴി വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ അവസരമുണ്ടാകും.
തിരഞ്ഞെടുത്ത പോളിങ് സ്റ്റേഷനുകളിലെ തിരക്ക് Voter Helpline App വഴി തത്സമയം അറിയാൻ സാധിക്കും.
തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂർത്തിയാകാതെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാൻ പാടില്ല. ഏപ്രിൽ 9 രാവിലെ 7 മണി മുതൽ ഏപ്രിൽ 29 വൈകുന്നേരം 6.30 വരെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം 2026
വോട്ടെണ്ണൽ 2026 മേയ് 4-ന് നടക്കും. രാവിലെ 8 മണിക്ക് തപാൽ വോട്ടുകൾ (മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഉദ്യോഗസ്ഥർ എന്നിവരുടേത്) എണ്ണി തുടങ്ങും. നിശ്ചയിക്കപ്പെട്ട വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ഇത് നടക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലൂടെയോ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ് വഴിയോ ഫലങ്ങൾ തത്സമയം അറിയാൻ സാധിക്കും.