
അയ്യപ്പഭക്തരല്ലാത്തവർക്ക് എങ്ങനെ ക്ഷേത്ര ആചാരങ്ങളെ ചോദ്യം ചെയ്യാൻ കഴിയുമെന്ന് സുപ്രീംകോടതി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ വിഷയങ്ങൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ചാണ് ഈ ചോദ്യം ഉന്നയിച്ചത്. ഭക്തരാരും തന്നെ ആചാരത്തെ ചോദ്യം ചെയ്തിട്ടില്ലെങ്കിൽ, ക്ഷേത്രവുമായി ബന്ധമില്ലാത്ത ഒരാൾ നൽകുന്ന ഹർജി കോടതി എന്തിന് സ്വീകരിക്കണമെന്ന് ബെഞ്ച് ചോദിച്ചു.
2018ൽ ശബരിമലയിൽ 10-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി ഉണ്ടായത് 'ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ' എന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു.
ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്‌ന ഹർജിക്കാർ ഭക്തരുടെ സംഘടനയാണോ എന്ന് ചോദിച്ചു. അല്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി. തുടർന്ന്, ഭക്തരല്ലാത്തവർക്ക് എങ്ങനെ ഒരു ക്ഷേത്രത്തിലെ ആചാരത്തെ ചോദ്യം ചെയ്യാൻ സാധിക്കുമെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. "നമുക്ക് ഇക്കാര്യത്തിൽ വ്യക്തത വേണം. ഏതെങ്കിലും അയ്യപ്പഭക്തർ ഇതിനെ ചോദ്യം ചെയ്ത് റിട്ട് ഹർജി നൽകുമോ? ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾ അത് ചോദ്യം ചെയ്യുമ്പോൾ കോടതിക്ക് അത് പരിഗണിക്കാൻ കഴിയുമോ?" അവർ ചോദിച്ചു. ഇത്തരം സംഘടനകൾ ഒരു സിവിൽ സ്യൂട്ട് ആണ് നൽകിയിരുന്നതെങ്കിൽ 'കോസ് ഓഫ് ആക്ഷൻ' ഇല്ലെന്ന കാരണത്താൽ അത് തള്ളപ്പെടുമായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.