
ഇറാന്റെ നാഗരികതയെ തന്നെ തുടച്ചു നീക്കുമെന്നു പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണഘടനയുടെ 25ആം ഭേദഗതി ലംഘിച്ചതിനാൽ അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി. ഏറ്റവും ഒടുവിൽ ഇലിനോയ് ഗവർണർ ജെ ബി പ്രിറ്റ്സ്കറും ആ ആവശ്യം ഉന്നയിച്ചു.
"ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ എന്ന നാഗരികതയെ തന്നെ തുടച്ചു നീക്കുമെന്നാണ് പ്രസിഡന്റ് ട്രംപ് പറഞ്ഞത്," പ്രിറ്റ്സ്കർ ചൂണ്ടിക്കാട്ടി. "ഇത് വിദേശനയമല്ല, തലയ്ക്കു സുഖമില്ലാതായ ഒരു മനുഷ്യൻ ഒരു രാജ്യത്തെ മുഴുവൻ തുടച്ചു നീക്കുമെന്നു ഭീഷണി മുഴക്കുകയാണ്.
"25ആം ഭേദഗതി പ്രയോഗിക്കേണ്ട സമയം കഴിഞ്ഞു."
പ്രിറ്റ്സകർക്കു പുറമെ ഡെമോക്രാറ്റിക് നിരയിൽ നിന്ന് ഈ ആവശ്യം ഉന്നയിച്ച മറ്റൊരു പ്രമുഖൻ റെപ്. രാജാ കൃഷ്ണമൂർത്തിയാണ്. നേരത്തെ റെപ്. റോ ഖന്നയും ഈ ആവശ്യം ഉന്നയിച്ചു. ട്രംപിന്റെ ആവശ്യത്തെ 'വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനം' എന്നാണ് റെപ്. റാഷിദ തലൈബും റെപ്. ഇല്ഹാൻ ഒമറും വിശേഷിപ്പിച്ചത്.
ട്രംപിനെ 25ആം ഭേദഗതി ഉപയോഗിച്ച് പുറത്താക്കണമെന്നു കൃഷ്ണമൂർത്തി വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനോട് അഭ്യർഥിച്ചു.
അതേ ആവശ്യമാണ് നേരത്തെ ഖന്നയും ഉന്നയിച്ചത്. "യുദ്ധക്കുറ്റങ്ങൾ ചെയ്യുമെന്ന ഭീഷണി ഉയർത്തുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്."
പ്രസിഡന്റ് മരിക്കയോ രാജിവയ്ക്കുകയോ നീക്കം ചെയ്യപ്പെടുകയോ നിർജീവ അവസ്ഥയിൽ ആവുകയോ ചെയ്താൽ അധികാരം സുഗമമായി കൈമാറാനുള്ള വ്യവ്‌സഥകളാണ് 25ആം ഭേദഗതിയിൽ ഉള്ളത്. പ്രസിഡന്റിന്റെ സ്ഥാനം ഏറ്റെടുക്കേണ്ടത് വൈസ് പ്രസിഡന്റ് ആണ്. പ്രസിഡന്റിനു പ്രവർത്തിക്കാൻ കഴിയുന്ന അവസ്ഥ ഇല്ലാതായെന്നു പ്രഖ്യാപിക്കാൻ വൈസ് പ്രസിഡന്റിനും ക്യാബിനറ്റിന്റെ ഭൂരിപക്ഷത്തിനും നാലാം വകുപ്പ് അധികാരം നൽകുന്നു.
പ്രസിഡന്റിന് അതിനെ ചോദ്യം ചെയ്യാം. എന്നാൽ വൈസ് പ്രസിഡന്റിനോ മറ്റുള്ളവർക്കോ നാലു ദിവസത്തിനുള്ളിൽ അത് ആവർത്തിക്കാം.
അങ്ങിനെ വന്നാൽ തീരുമാനം കോൺഗ്രസിനു പോകും. കോൺഗ്രസിന്റെ തീരുമാനത്തിനു മൂന്നിൽ രണ്ടു പിന്തുണ ഉണ്ടായിരിക്കണം.
ജെ ഡി വാൻസോ മറ്റേതെങ്കിലും ക്യാബിനറ്റ് അംഗങ്ങളോ ട്രംപിനെ നീക്കം ചെയ്യാൻ താല്പര്യം കാട്ടിയിട്ടില്ല.
ട്രംപിനെ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചവരിൽ മുൻപ് അദ്ദേഹത്തിന്റെ ഉറ്റ അനുയായി ആയിരുന്ന റെപ്. മാർജോറി ടെയ്‌ലർ ഗ്രീനുമുണ്ട്. "അമേരിക്കയുടെ മേൽ ഒരൊറ്റ ബോംബ് പോലും വീണിട്ടില്ല. ഒരു നാഗരികതയെ നമുക്ക് തുടച്ചു നീക്കാൻ ആവില്ല. ഇതു ദുഷ്ടത്തരവും ഭ്രാന്തുമാണ്."
Pritzker joins wave calling for 25th Amendment action