Image

'ഡാഷ് മോനേ' വിളി കേരളത്തിന് അപമാനം, സിനിമാ ഡയലോ​ഗ് പറയാമായിരുന്നുവെന്ന് കെ.മുരളീധരൻ; 'ഡാഷ് മോനേ'ന്ന് വിളിച്ചപ്പോൾ പൊന്നുമോനേ എന്നാകാം പിണറായി ഉദ്ദേശിച്ചതെന്ന് ഇ പി

Published on 08 April, 2026
'ഡാഷ് മോനേ' വിളി കേരളത്തിന് അപമാനം, സിനിമാ ഡയലോ​ഗ് പറയാമായിരുന്നുവെന്ന് കെ.മുരളീധരൻ; 'ഡാഷ് മോനേ'ന്ന് വിളിച്ചപ്പോൾ  പൊന്നുമോനേ എന്നാകാം പിണറായി ഉദ്ദേശിച്ചതെന്ന് ഇ  പി

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നടത്തിയ 'ഡാഷ് മോനെ' എന്ന പ്രയോഗം കേരളത്തിന് മൊത്തം അപമാനമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഒരു ഭരണാധികാരിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് വിവേകപൂർണമായ പെരുമാറ്റമാണെന്നും ഇത്തരം തരംതാഴ്ന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


മലയാള സിനിമയിലെ 'പോ മോനെ ദിനേശാ' എന്ന ഡയലോഗ് കടമെടുത്താണ് രേവന്ത് റെഡ്ഡി 'പോ മോനെ വിജയാ' എന്ന് തമാശരൂപേണ വിമർശിച്ചത്. ഇതിന് മറുപടിയായി മറ്റൊരു സിനിമാ ഡയലോ​ഗോ രാഷ്ട്രീയമായ പരിഹാസമോ ഉപയോഗിച്ച് മറുപടി നൽകിയിരുന്നെങ്കിൽ ആരും വിമർശിക്കില്ലായിരുന്നു. എന്നാൽ മുഖ്യമന്ത്രി ഉപയോഗിച്ച പദം സംസ്കാരത്തിന് നിരക്കാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ 'ഡാഷ് മോനെ' എന്ന് വിളിച്ചത് 'പൊന്നു മോനേ' എന്നാകാം ഉദ്ദേശിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. പിണറായിയുടെത് മൃദുലമായ പ്രയോഗം മാത്രമാണ്. രേവന്ത് റെഡ്ഡി, പിണറായി വിജയനെതിരെ പറഞ്ഞതിനു കടുത്ത പ്രയോഗം തന്നെ വേണം. മുഖ്യമന്ത്രി പറഞ്ഞത് അസഭ്യമല്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.

സിനിമാ ഡയലോഗ് എടുത്ത് മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാൻ പറ്റുമോ? രേവന്ത് റെഡ്ഡിയെ കൊണ്ട് പറയിച്ചതും ആകാം. മുഖ്യമന്ത്രി എന്ന നിലവാരം രേവന്ത് സൂക്ഷിച്ചില്ല. മറുപ്രതികരണം സ്വാഭാവികമാണ്. സീനിയറായ നേതാവിനെ കുറിച്ച് പരിഹാസ്യമായ പ്രതികരണം നടത്താൻ പാടില്ലായിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു.

ചൊവ്വാഴ്ച കണ്ണൂരിൽ മീറ്റ് ദ ലീഡർ പരിപാടിക്കിടെയാണ് പിണറായി വിജയൻ 'ഡാഷ് മോനെ രേവന്താ... മറുപടി വരുന്നുണ്ട്' എന്ന് പറഞ്ഞത്. നേമത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'പോ മോനേ വിജയാ' എന്ന് രേവന്ത് റെഡ്ഡി പറഞ്ഞതിനു മറുപടിയായായിരുന്നു പിണറായി വിജയന്റെ പ്രതികരണം. പിണറായി വിജയന് സ്വന്തം ലെറ്റർഹെഡ്ഡിൽ അയച്ച കത്തിലും 'പോ മോനേ വിജയാ' എന്ന് രേവന്ത് റെഡ്ഡി പരാമർശിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക