
2018-ലെ മഹാപ്രളയം മനുഷ്യനിർമിതമാണെന്നും കരിമണൽ ലോബിയെ സഹായിക്കാൻ തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ തുറന്നില്ലെന്നുമുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണങ്ങൾ തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി കുഴൽനാടനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. തോട്ടപ്പള്ളിയിലെ എല്ലാ ഷട്ടറുകളും തുറന്നിരുന്നുവെന്നും അനാവശ്യമായ ആരോപണമാണ് മാത്യു കുഴൽനാടൻ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന മാത്യു കുഴൽനാടനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി കൊച്ചിയിലെ അഭിഭാഷകരുമായി ചർച്ച നടത്തും. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇന്നുവരെ അഴിമതി നടത്തിയിട്ടില്ലെന്നും സുമേഷ് അച്ചുതന്റെ നിരാഹാര സമരം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ മിണ്ടാതിരുന്ന കുഴൽനാടൻ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് കോൺഗ്രസിലെ ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും മന്ത്രി ആരോപിച്ചു.
മാത്യു കുഴൽനാടന്റെ ആരോപണം ‘നനഞ്ഞ ബോംബ്’ പോലെയാണെന്ന് മുൻ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പരിഹസിച്ചു. 2018-ലെ പ്രളയത്തെക്കുറിച്ച് 2026-ലെ തിരഞ്ഞെടുപ്പ് കാലത്ത് ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ മറ്റ് വിഷയങ്ങളില്ലാത്തതിനാലാണ് യുഡിഎഫ് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.