Image

വോട്ടിന് പണം നൽകിയെന്ന ആരോപണം; മുൻകൂട്ടി തയാറാക്കിയ തിരക്കഥയെന്ന് ശോഭ സുരേന്ദ്രൻ

Published on 08 April, 2026
വോട്ടിന് പണം നൽകിയെന്ന ആരോപണം;  മുൻകൂട്ടി തയാറാക്കിയ തിരക്കഥയെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട്: തെരഞ്ഞെടുപ്പ് വേളയിൽ വോട്ടിനായി പണം വിതരണം ചെയ്തു എന്നാരോപിച്ച് തനിക്കെതിരെ ഉയരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തന്നെ രാഷ്ട്രീയമായി വേട്ടയാടാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്നും ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ ഭാഗമാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

​തൻ്റെ കാറിൽ ഒരു സ്ത്രീ പണവുമായി കയറി എന്ന പ്രചാരണത്തെ ശോഭ ശക്തമായി തള്ളിപ്പറഞ്ഞു. പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള സ്ത്രീ തൻ്റെ കാറിൽ കയറിയിട്ടില്ല. ഇത് തെറ്റായ രീതിയിൽ ചിത്രീകരിക്കപ്പെട്ടതാണ്. താൻ കണ്ണാടിയിൽ പോയത് അവിടെയുള്ള ഒരു കാൻസർ രോഗിയെ സന്ദർശിക്കാനാണ്. അല്ലാതെ പണം വിതരണം ചെയ്യാനല്ല. കാറില്‍ ഒരു സംഘം തന്നെ പിന്തുടരുകയായിരുന്നു. ഒരു സംഘം തൻ്റെ കാറിനെ പിന്തുടർന്നിരുന്നു. അതിലുണ്ടായിരുന്ന ഒരു യുവാവ് മോശം ആംഗ്യം കാണിച്ചു. ഇതിനാലാണ് കാർ നിർത്തി താൻ മറുപടി നൽകിയത്.

​തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ 'ഉണ്ടയില്ലാ വെടി' എന്നാണ് ശോഭ വിശേഷിപ്പിച്ചത്. വോട്ട് ലക്ഷ്യമിട്ട് പണം നൽകേണ്ട സാഹചര്യം തനിക്കില്ലെന്നും, തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇപ്പോൾ നടന്നു വരുന്നതെന്നും അവർ കൂട്ടിചേർത്തു. "എന്നെ വേട്ടയാടാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ ഞാൻ മുട്ടുമടക്കില്ല. എല്ലാം മുൻകൂട്ടി തയാറാക്കിയ നാടകമാണ്. ഒരു സ്ത്രീയെ അനാവശ്യമായി പിന്തുടരുകയും മോശമായി പെരുമാറുകയും ചെയ്തവർക്കെതിരെയാണ് നടപടി വേണ്ടത്." ശോഭ സുരേന്ദ്രൻ പറഞ്ഞു. 

സ്ഥാനാർഥി ശോഭ സുരേന്ദ്രനൊപ്പം എത്തിയ പ്രവർത്തകർ കണ്ണാടി തരുവക്കുറിശ്ശിയിൽ വയോധികയ്ക്ക് പണം നൽകിയെന്ന് ആരോപിച്ച് കോൺഗ്രസ് ആണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. നിശബ്ദ പ്രചാരണത്തിൻ്റെ ഭാഗമായി വീടുകൾ കയറി സ്ക്വാഡ് പ്രവർത്തനത്തിന് ഇറങ്ങിയ കോൺഗ്രസ് പ്രവർത്തകരാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. 

പ്രദേശവാസിയും രോഗിയുമായ 72കാരിക്ക് ബിജെപി പ്രവർത്തകർ 5000 രൂപ നൽകിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. വയോധികയെ മാറ്റിനിർത്തി പണം കൈമാറിയെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. പണം നൽകാനായി വീടുകളിലെത്തിയ പ്രവർത്തകർ മണ്ഡലത്തിന് പുറത്തുനിന്നുള്ളവരാണെന്നും പഞ്ചായത്തില്‍ മുൻപ് കണ്ടു പരിചയമുള്ളവരല്ലെന്നും യുഡിഎഫ് ആരോപിച്ചു.

പണം കൈമാറുന്ന സമയത്ത് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനും പാലക്കാട് നഗരസഭ മുൻ ചെയർപേഴ്സൺ പ്രമീള ശശിധരനും പ്രദേശത്തുണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തിയത് ചോദ്യം ചെയ്ത ശോഭ സുരേന്ദ്രനും ബിജെപി പ്രവർത്തകരും കോൺഗ്രസ് നേതാക്കളോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. തൻ്റെ ദൃശ്യങ്ങൾ പകർത്തരുതെന്നും ദൃശ്യങ്ങൾ പകർത്തിയ പ്രവർത്തകരെ അടിക്കുമെന്നും ശോഭ പറയുന്നതും വീഡിയോയിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക