Image

വയനാട് ദുരിതാശ്വാസത്തിനായി പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചെന്ന് വിഡിയോ ; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച കാലിക്കറ്റ് സർവകലാശാല താൽകാലിക ജീവനക്കാരന് സസ്പെൻഷൻ

Published on 08 April, 2026
വയനാട് ദുരിതാശ്വാസത്തിനായി പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചെന്ന് വിഡിയോ ; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച കാലിക്കറ്റ് സർവകലാശാല താൽകാലിക ജീവനക്കാരന് സസ്പെൻഷൻ

കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ രാഷ്ട്രീയ പ്രചാരണം നടത്തിയ കാലിക്കറ്റ് സർവകലാശാലയിലെ താൽക്കാലിക ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. പബ്ലിക് റിലേഷൻസ് വകുപ്പിലെ വിഡിയോഗ്രഫർ റിസ്വാൻ അമീറിനെതിരെയാണ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നടപടിയെടുത്തത്. വയനാട് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് അന്വേഷണ വിധേയമായുള്ള നടപടി.

​വയനാട് ദുരിതാശ്വാസത്തിനായി പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചുവെന്നും യുഡിഎഫിന്റെ 'ഇന്ദിരാ ഗാരന്റി' പദ്ധതി തട്ടിപ്പാണെന്നും ആരോപിക്കുന്ന വിഡിയോ റിസ്വാൻ നിർമ്മിച്ച് പ്രചരിപ്പിച്ചെന്നാണ് ആരോപണം. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി വൈസ് ചാൻസലർക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്.

​സംഭവത്തിൽ റിസ്വാൻ അമീറിന് സർവകലാശാല കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. സർവകലാശാലാ ചട്ടങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിഡിയോകൾ നിർമ്മിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് വിസി നിർദ്ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക