
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിനായി വ്യാഴാഴ്ച അര്‍ധരാത്രി 12 മണി വരെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ ഉത്തരവിറക്കിയത്. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) 163-ാം വകുപ്പ് പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞയോടെ അനധികൃത ആള്‍ക്കൂട്ടങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും കര്‍ശന വിലക്കുണ്ടാകും.
വോട്ടെടുപ്പ് സുരക്ഷിതവും സമാധാനപരവുമാക്കുന്നതിന് ജില്ലയിലുടനീളം ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൊലീസിന് പുറമെ 37 കമ്പനി കേന്ദ്ര സേനയെ കൂടി സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് തടസ്സപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങളോ നിയമവിരുദ്ധമായ ഒത്തുചേരലുകളോ അനുവദിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു. ക്രമസമാധാന ലംഘനം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയിലെ 771 പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയുള്‍പ്പെടെയുള്ള പ്രത്യേക സംഘത്തിന്റെ നേരിട്ടുള്ള നിരീക്ഷണമുണ്ടാകും. സുതാര്യത ഉറപ്പാക്കാന്‍ 493 സൂക്ഷ്മ നിരീക്ഷകരെയും വിവിധ ബൂത്തുകളില്‍ നിയോഗിച്ചു. ഇത്തവണ 85 ശതമാനം വോട്ടെടുപ്പ് ലക്ഷ്യമിടുന്ന ജില്ലയില്‍, ജനങ്ങള്‍ക്ക് ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭരണകൂടം വ്യക്തമാക്കി. വോട്ടെടുപ്പ് കേന്ദ്രങ്ങളിലും പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ സി.സി.ടി.വി ക്യാമറകളും വെബ്കാസ്റ്റിംഗ് സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.