Image

ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല ; സംവിധായകൻ രഞ്ജിത്തിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക അന്വേഷണസംഘം

Published on 07 April, 2026
ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല ; സംവിധായകൻ രഞ്ജിത്തിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക അന്വേഷണസംഘം

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക അന്വേഷണസംഘം (SIT). നേരത്തെ അനുവദിച്ച കസ്റ്റഡി കാലാവധിയിൽ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് ദിവസം കൂടി പൊലീസ് ആവശ്യപ്പെട്ടത്. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന അദ്ദേഹത്തെ നാളെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പൊലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി നാളെ പരിഗണിക്കും.

​കഴിഞ്ഞ ജനുവരി 30-ന് ഷൂട്ടിങ് ലൊക്കേഷനിലെ കാരവാനിൽ വെച്ച് രഞ്ജിത്ത് അതിക്രമം നടത്തിയെന്നാണ് കേസ്. സംഭവത്തിൽ കാരവാൻ ഡ്രൈവർ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ അന്വേഷണസംഘം ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലൊക്കേഷനിലും കാരവാനിലും എത്തിച്ച് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ, കുറ്റം ചെയ്തത് സംബന്ധിച്ച് യാതൊരു അറിവുമില്ലെന്നും താൻ വാഹനം എത്തിച്ചു നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് കാരവാൻ ഡ്രൈവർ മൊഴി നൽകിയത്.

​തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് രഞ്ജിത്ത് കോടതിയിൽ വാദിക്കുന്നത്. എന്നാൽ പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് മുഖം തിരിക്കുകയാണെന്നും പൊലീസ് പറയുന്നു. കസ്റ്റഡി കാലാവധിയിൽ ഓരോ 24 മണിക്കൂറിലും വൈദ്യപരിശോധന നടത്തണമെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. നാളത്തെ കോടതി നടപടികൾ കേസിൽ നിർണായകമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക